യാത്ര ശുഭമാക്കിയതിനു ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി കൊണ്ട് തോബിയാസ്, സാറായുമായി മടങ്ങുന്നു. യാത്ര ചെയ്തു അവർനിനവേയ്ക്ക് അടുത്തെത്തി. അന്ന മകനെ നോക്കി വഴിയിൽ കണ്ണുനട്ട് ഇരിക്കുകയായിരുന്നു. അവർ വരുന്നത് കണ്ട് അവന്റെ പിതാവിനോട് പറഞ്ഞു: “ഇതാ നിന്റെ മകൻ വരുന്നു. അവനോടൊപ്പം പോയ ആളും ഉണ്ട്”. റഫായേൽ തോബിയാസിനോട് പറയുന്നു, കയ്പ അവന്റെ കണ്ണുകളിൽ പുരട്ടണം. ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ തോബിത് കണ്ണുകൾ തീരുമ്മും. അപ്പോൾ വെളുത്ത പാട്ടകൾ കൊഴിഞ്ഞു വീഴുകയും അവൻ നിന്നെ കാണുകയും ചെയ്യും.
അന്ന ഓടിച്ചെന്ന് മകനെ ആശ്ലേഷിച്ചു ചുംബിച്ചു. അവൾ അവനോടു പറഞ്ഞു: എന്റെ കുഞ്ഞേ നിന്നെ കാണാൻ എനിക്ക് ഇടയായി. ഇനി മരിക്കാൻ ഞാനൊരുക്കമാണ്. അവരിരുവരും കരഞ്ഞു. തോബിത്, വാതിൽക്കലേക്ക് വരുമ്പോൾ, അവനു കാലിടറി. പുത്രൻ ഓടിയെത്തി പിതാവിനെ താങ്ങി. പിതാവിന്റെ കണ്ണുകളിൽ കയ്പ പുരട്ടിക്കൊണ്ട് അവൻ പറഞ്ഞു: അപ്പാ, സന്തോഷമായിരിക്കൂ. റഫായേൽ പറഞ്ഞിരുന്നതുപോലെ, കണ്ണിൽ ചൊറിച്ചിൽ തോന്നിയപ്പോൾ, തോബിത് കണ്ണുകൾ നന്നായി തിരുമ്മി. വെളുത്തപാട കൺകോണുകളിൽ നിന്ന് പൊഴിഞ്ഞു വീണു. അപ്പോൾ അവൻ തന്റെ പൊന്നോമന പുത്രനെ കണ്ടു. അവനെ ആലിംഗനം ചെയ്തു കരഞ്ഞുകൊണ്ട് പറഞ്ഞു: ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അവിടുന്ന് എനിക്ക് ദുരിതങ്ങൾ അയച്ചു. എങ്കിലും അവിടുന്ന് എന്നോട് കരുണാർദ്ര സ്നേഹം കാണിച്ചിരിക്കുന്നു. എന്റെ തോബിയാസിനെ ഞാൻ നന്നായി കാണുന്നു
തോബിത് മരുമകളെ അനുഗ്രഹിച്ചുകൊണ്ട് പറയുന്നു: എന്റെ മക്കളേ സ്വാഗതം! നിന്നെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ. നിന്റെ മാതാപിതാക്കൾ അനുഗ്രഹീതരാണ്. അങ്ങനെ തോബിത്തിന് ദൈവം നൽകിയ കരുണയെ കുറിച്ച് നിനവേ നഗരം മുഴുവൻ ആഹ്ലാദത്തിലായി. തോബിയാസിന്റെ വിവാഹം, സാർഭാടം ഏഴു ദിവസം അവർ ആഘോഷിച്ചു.
കാഴ്ച ലഭിച്ച തോബിത് പൂർണ്ണമായും ദൈവത്തിങ്കലേക്ക് തിരിയുന്നു. ഇവിടെ ദൈവവുമായി ഏറ്റം അടുത്തിരിക്കുന്നതിന്റെ സന്തോഷം അവൻ അനുഭവിക്കുന്നു. മൂന്നു വിധത്തിൽ അവൻ ദൈവത്തെ വാഴ്ത്തുന്നു
” ദൈവമേ നീ വാഴ്ത്തപ്പെട്ടവൻ ആകുന്നു”,
” അങ്ങയുടെ നാമം വാഴ്ത്തപ്പെടതാകുന്നു”,
” അങ്ങയുടെ വിശുദ്ധ ദൂതന്മാരും വാഴ്ത്തപ്പെട്ടവരാകുന്നു”. വളരെ ഹ്രസ്വമായ പ്രാർത്ഥന ആണെങ്കിലും, തോൽബിത്തിന്റെ ജീവിതത്തിന്റെ അടിസ്ഥാനപ്രമാണം ഇതിലടങ്ങിയിരിക്കുന്നു. ദൈവം കാരുണ്യവാനും സത്പ്രവർത്തികൾക്കു പ്രതിഫലം നൽകുന്നവനുമാണ്. ദുരിതങ്ങൾ ജീവിതത്തിൽ സംഭവിക്കും. ദൈവത്തെ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക. ദൈവത്തെ വാഴ്ത്തിക്കൊണ്ട് പ്രാർത്ഥന ആരംഭിച്ചതുപോലെ, അവിടുത്തെ സ്തുതിച്ചുകൊണ്ട്, അവൻ തന്റെ പ്രാർത്ഥന അവസാനിപ്പിക്കുന്നു.
തനിക്ക് കാഴ്ച ലഭിച്ചപ്പോൾ, തോബിത്തിന്റെ പ്രതികരണം നന്ദിയുടെതായിരുന്നു. ആവശ്യനേരങ്ങളിൽ ദൈവത്തോട് പ്രാർത്ഥിക്കുകയും, ഉത്തരം കിട്ടി കഴിഞ്ഞാൽ ദൈവത്തെ മറക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിനു തോബിത് യഥാർത്ഥ കൃതജ്ഞതയുടെ മാതൃകയായി നിലകൊള്ളുന്നു. സന്തോഷം എന്നത് ദൈവ സാന്നിധ്യത്തിന് അടയാളവും ഫലവുമാണ്. ഇവിടെ ദൈവത്തെ, തങ്ങളിലും തങ്ങളിലൂടെയും പ്രവർത്തിക്കാൻ ഓരോ കഥാപാത്രവും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. തത്ഫലമായി ദൈവത്തിന്റെ അനുഗ്രഹവും കൃപയും സ്നേഹവും കരുണയും അവരിലും അവരിലൂടെയും ഒഴുകുന്നു.