വി. ബർണ്ണാർദിന്റെ വാക്കുകൾ ഈ ഭക്തി അഭ്യസിക്കുന്നതിനു പ്രേരകമാണ്. “മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല; അവൾ സംര ക്ഷിക്കുമ്പോൾ നീ ഭയപ്പെടേണ്ട; അവൾ നയിക്കുമ്പോൾ നീ ക്ഷീണിക്കുകയില്ല. അവൾ അനുകൂലയായിരിക്കുമ്പോൾ നീ നിത്യസൗഭാഗ്യത്തിന്റെ തുറമുഖത്തു ചെന്നെത്തും. ഇതുതന്നെ വി.ബൊനവഞ്ചർ കുറെക്കൂടെ വ്യക്തമായിപ്പറയുന്നു: “പരിശുദ്ധ കന്യക, വിശുദ്ധിയുടെ പൂർണ്ണതയിൽ വിശുദ്ധരെ സൂക്ഷിക്കുക മാത്രമല്ല, വിശുദ്ധർ പുണ്യ പൂർണ്ണതയിൽനിന്നു വീണുപോകാതിരിക്കാൻ അവരെ അതിന്റെ സമൃദ്ധിയിൽ നിലനിർത്തുകയും ചെയ്യുന്നു. നഷ്ടപ്പെടാതിരിക്കത്തക്കവണ്ണം അവരുടെ സുകൃതങ്ങളെയും, നിഷ്ഫലമാകാതാരിക്കത്തക്കവിധം അവരുടെ യോഗ്യതകളെയും, കൈവിട്ടു പോകാതിരിക്കത്തക്കവിധം അവർക്കു ലഭിക്കുന്ന കൃപാവരങ്ങളെയും അവൾ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല, പിശാചിന്റെ ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കുന്നു. വല്ലകാരണത്താലും പാപത്തിൽ വീണുപോയാൽ തന്റെ ദിവ്യസുതന്റെ ശിക്ഷ യിൽനിന്നുപോലും അവരെ രക്ഷിക്കുന്നു.
അവിശ്വാസിയായ ഹവ്വായുടെ അവിശ്വസ്തതമൂലമുണ്ടായ നഷ്ടങ്ങൾ ദൈവത്തോടുള്ള തന്റെ വിശ്വസ്തതകൊണ്ട് പരിഹരിച്ച ഏറ്റവും വിശ്വാസയോഗ്യയായ കന്യകയാണ് പരിശുദ്ധമറിയം. അവൾ തന്റെ ഭക്തർക്ക് ദൈവത്തോടുള്ള വിശ്വസ്തതയും പുണ്യസ്ഥിരതയും സമ്പാദിച്ചുകൊടുക്കുന്നു. ഒരു പുണ്യവാൻ അവളെ ഉറപ്പാർന്ന നങ്കൂരത്തോട് ഉപമിക്കുന്നതിന്റെ കാരണം ഇതാണ്. ലോകമാകുന്ന സമുദ്രത്തിലെ കോളിളക്കത്തിൽപ്പെട്ട് തന്റെ ദാസർ നശിക്കാതിരിക്കുവാൻ അവൾ അവരെ മുറുകെപ്പിടിക്കുന്നു; ഇളകിമറിയുന്ന ഈ ലോകമാകുന്ന സമു ദ്രത്തിൽ മുങ്ങിനശിക്കാതെ രക്ഷിക്കുന്നു. ഈ ബലവത്തായ നങ്കൂര ത്തോടു ബന്ധിതരല്ല എന്ന ഒറ്റക്കാരണത്താൽ എത്രയോപേർ ലോകസമുദ്രത്തിൽ മുങ്ങി നശിക്കുന്നു. ആ വിശുദ്ധൻ പറയുന്നു: “ഉറച്ച നങ്കൂ രത്തോടെന്നതുപോലെ ആത്മാക്കളെ ഞങ്ങൾ നിന്നോടു ബന്ധിക്കുന്നു. സകലവിശുദ്ധരും സ്വയം പുണ്യത്തിൽ നിലനില്ക്കുവാൻ വേണ്ടി തങ്ങളെയും, മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി അവരെയും അവളോടു ചേർത്തു ബന്ധിച്ചവരാണ്. ആകയാൽ, ഉറച്ച ഒരു നങ്കൂരത്തോടെന്നതുപോലെ മറിയമാകുന്ന ഉറപ്പേറിയ നങ്കൂരത്തോട് തങ്ങളെ തന്നെ വിശ്വസ്തതയോടെ പരിപൂർണ്ണമായി ബന്ധിക്കുന്ന ക്രിസ്ത്യാനികൾ സന്തോഷിക്കുവിൻ, ഒരായിരം പ്രാവശ്യം സന്തോഷിക്കുവിൻ ഈ ലോകസാഗരത്തിലെ ശക്തിയായ കൊടുങ്കാറ്റുകളുടെ നശീകരണശക്തി അവരെ കിടിലംകൊള്ളിക്കുകയില്ല; അവരുടെ ആദ്ധ്യാത്മിക നിക്ഷേപങ്ങൾ മുക്കിക്കളയുകയുമില്ല. നോഹിന്റെ പേടകത്തിലെന്നപോലെ, മറിയമാകുന്ന പേടകത്തിൽ പ്രവേശിക്കുന്നവർ ആഹ്ളാദിക്കുവിൻ. ഈ ലോകത്തിലെ ഒട്ടേറെപ്പേരെ മുക്കിക്കൊന്ന പാപജലം അവരെ ഉപദ്രവിക്കുകയില്ല. ദൈവികജ്ഞാനത്തോടുകൂടി മറിയം പറയുന്നു:
“ഞാൻ വഴി പ്രവർത്തി ക്കുന്നവർ പാപം ചെയ്യുകയില്ല” (പ്രഭാ. 24:30). നിർഭാഗ്യയും അസന്തുഷ്ടയുമായ ഹവ്വായുടെ അവിശ്വസ്തമക്കൾ വിശ്വസ്തകന്യകയും മാതാവുമായ മറിയത്തോടു തങ്ങളെത്തന്നെ ബന്ധിക്കുമെങ്കിൽ ഭാഗ്യവാന്മാർ. എന്തെന്നാൽ ഒരിക്കലും വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാത്ത(2 തിമോ. 2:13) വളാണ് മറിയം. “തന്നെ സ്നേഹിക്കുന്നവരെ അവൾ എല്ലായ്പ്പോഴും സ്നേഹിക്കും” (സുഭാ8:17). ആ സ്നേഹത്തിന്റെ സ്വഭാവം അതു വാത്സല്യമേറിയതു മാത്രമല്ല ഫലം ഉത്പാദിച്ചേ അടങ്ങു എന്നുള്ളതും കൂടിയാണ്. സുകൃതാഭ്യാസത്തിൽ പുറകോട്ടുപോകാതിരിക്കുവാനും തന്റെ ദിവ്യസുതന്റെ കൃപാവരം നഷ്ടപ്പെടുത്തി തളർന്നു വീഴാതിരിക്കുവാനും വേണ്ടി അനുഗ്രഹങ്ങൾ സമൃദ്ധമായി വർഷിച്ചുകൊണ്ട് അവൾ അവരെ കാത്തുരക്ഷിക്കുന്നു.