ഈശോമിശിഹായുടെ നല്ല ശുശ്രൂക്ഷകനായിരിക്കുക. വിശ്വാസത്തിന്റെ വചനങ്ങളാലും വിശ്വാസസംഹിതയാലും പരിപോഷിക്കപ്പെടുക. അർത്ഥശൂന്യമായ കെട്ടുകഥകൾ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക. വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. സകലരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയർപ്പിക്കുന്നതു.
വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും പ്രത്യാശയിലും വിശ്വാസികൾക്ക് നല്ല മാതൃകയായിരിക്കുക. വിശുദ്ധലിഖിതങ്ങൾ വായിക്കുന്നതിലും അധ്യാപനത്തിലും ഉപദേശങ്ങൾ നൽകുന്നതിലും ശ്രദ്ധാലുവായിരിക്കണം. ലഭിച്ചിരിക്കുന്ന കൃപാവരം ഒരിക്കലും അവഗണിക്കരുതേ. കർത്തവ്യങ്ങളെല്ലാം കൃത്യമായി അനുഷ്ഠിക്കുക; ഇതാണ് വിശുദ്ധിയിൽ വളരാനുള്ള രാജപാത. കർത്തവ്യനിർവ്വഹണത്തിനായി ആത്മാർപ്പണം ചെയുക. വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലും ഉറച്ചു നിൽക്കുക. ഇത് നമ്മുടെയും നമ്മോടു ബന്ധപെടുന്നവരുടെയും നിത്യരക്ഷയ്ക്കു ഉപകരിക്കും. ഇവ മൂലം യഥാർത്ഥ ശുശ്രൂക്ഷകരെ വിശ്വാസികൾ നന്നായി തിരിച്ചറിയും. (cfr. 1 തിമോ. 4:6-16).
ഉള്ളതുകൊണ്ട് തൃപ്തിയടയുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കാവില്ല. ഉള്ളതുകൊണ്ട് തൃപ്തിയടയുക. ധനമോഹം ഒരുവനെ പലവിധ പ്രലോഭനങ്ങളിലും കെണിയിലും അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്നു; നിരവധി വ്യാമോഹങ്ങളിലേക്കു വീഴ്ത്തുന്നു. സകലതിന്മകളുടെയും അടിസ്ഥാനകാരണം ധനമോഹമാണ്. പലരും സത്യവിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാൽ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇത് (ധനമോഹം) കാരണമാകുന്നു. (1 തിമോ. 6:6-10).