എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്!
ഒന്നാം ഫലം
തന്നെത്തന്നെ അറിയുന്നു; സ്വയം വെറുക്കുന്നു
തന്റെ പ്രിയവധുവായ മറിയം വഴി പരിശുദ്ധാത്മാവ് നല്കുന്ന പ്രകാശത്തിലൂടെ നിന്റെ തിന്മകളും വഷളത്തവും നന്മചെയ്യുവാനുള്ള നിന്റെ കഴിവുകേടും നിനക്കു വ്യക്തമാകും. ഈ ജ്ഞാനോദയത്തിൽ നീ സ്വാർത്ഥത്തെ വെറുക്കും; ഭീതിയോടെ മാത്രമേ നീ നിന്നെപ്പറ്റി ചിന്തിക്കൂ. അപ്പോൾ വഴുവഴുക്കുന്ന ദ്രാവകം വമിപ്പിച്ച് എല്ലാം അഴുക്കാക്കുന്ന ഒച്ചിനെപ്പോലെയോ എല്ലാം വിഷമാക്കുന്ന പേക്കാന്തവളയെപ്പോലെയോ കൗശലത്തോടെ ഉപദ്രവിക്കാൻ മാത്രം ശ്രമിക്കുന്ന സർപ്പത്തെപ്പോലെയോ മാത്രമേ നിന്നെ നീ കരുതൂ. അങ്ങനെ, അഗാധമായ എളിമയുടെ നിലയനമായ മറിയം, തന്റെ എളിമയുടെ ഒരുഭാഗം നിനക്കു സമ്മാനിക്കും. തത്ഫലമായി നീ നിന്നെത്തന്നെ നിന്ദിക്കും-മറ്റുള്ളവരെ നിന്ദിക്കാതെ മറ്റുള്ളവരാൽ നിന്ദിക്കപ്പെടുവാൻ നീ ആഗ്രഹിക്കും.