തിന്മയ്ക്കുമേൽ വിജയം വരിക്കാൻ പരിശുദ്ധ അമ്മയ്ക്ക് ശക്തിയും അധികാരവും നൽകുന്ന ദൈവത്തിന്റെ പദ്ധതി ലോകത്തെ അറിയിക്കുന്നതിന് സ്വർഗ്ഗം തെരഞ്ഞെടുത്തത് ഹംഗറിയിലെ പ്രവാചകിയായിരുന്ന മരിയ നത്താലിയയെയാണ് . എഫെ.1:3 പ്രകാരം സ്വർഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ഈശോമിശിഹായിൽ പിതാവായ ദൈവം നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. വി. ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ രക്ഷകന്റെ അമ്മ എന്ന ചാക്രിയ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് ഈ ആത്മീയ വരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് കന്യാമറിയത്തിലാണെന്നാണ് വി. ളൂയിഡി മോൺ ഫോർട്ടിന്റെ പ്രബോധനം മേൽപ്പറഞ്ഞ വസ്തുതയുടെ കാരണം വ്യക്തമാക്കി തരുന്നുണ്ട്.
പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും ഒന്നായിരിക്കുന്നത് പോലെ ഈശോ തന്റെ ദിവ്യ മാതാവിനോട് സംയോജിച്ചിരിക്കുന്നു. അങ്ങനെ ഈശോയുടെ മഹത്വം അമ്മയിൽ പ്രകടമാകുന്നു. തന്മൂലം മറ്റുള്ളവർക്ക് ദൈവാനുഭവം പകർന്നു കൊടുക്കാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയുകയും ചെയ്യുന്നു.
” അവിടുന്ന് തന്നെ ദാസിയുടെ താഴഴ്മയെ കടാക്ഷിച്ചു” എന്ന സ്തോത്ര ഗീതം ആലപിച്ച പരിശുദ്ധ അമ്മയെപ്പോലെ താഴ്മയുള്ള മറ്റൊരാത്മാവും ഇന്നുവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ എന്ന ‘ആമേൻ’ അമ്മയുടെ ജീവിതം മുഴുവൻ ആമേൻ ആയിരുന്നു. അതുകൊണ്ട് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും ഒന്നായിരിക്കുന്നതുപോലെ വചനമാകുന്ന പുത്രൻ തമ്പുരാൻ തന്റെ അമ്മയുടെ ആത്മാവിനോട് സംയോജിച്ചിരിക്കുന്നു.
ഈ സംയോജനം ഈശോയുടെ മരണാനന്തരവും ഈശോ തന്റെ അമ്മയിലൂടെ ജീവിക്കുകയും വാഴുകയും ചെയ്യുന്നു. ഇതു നിത്യം, നിരന്തരം, തുടരുന്ന ഒരു ദൈവീക യാഥാർത്ഥ്യമാണ്.
ഈശോ സിസ്റ്റർ നത്താലിയയോട് വിവരിച്ചതനുസരിച്ച്, ദൈവത്തെ സദാ അനുഭവിക്കുന്ന പരിശുദ്ധ അമ്മയ്ക്ക് തന്റെ മക്കൾക്ക് ഈ അനുഭവം പറഞ്ഞു കൊടുക്കാൻ കഴിയും. ഇക്കാരണത്താലാണ് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ ഓരോരുത്തരും സ്വയം പ്രതിഷ്ഠ തരാവണം എന്ന് അമ്മ ഫാത്തിമസന്ദേശത്തിൽ വ്യക്തമാക്കിയത്. ഫാത്തിമയിൽ അമ്മ പ്രഖ്യാപിച്ചു :”അവസാനം എന്റെ വിമലഹൃദയം വിജയിക്കും”.
രഹസ്യങ്ങളിൽ രഹസ്യം ഇതാണ്; എല്ലാം ദൈവത്തിൽ കാണുക. അപ്പോൾ ദൈവത്തിൽ,ദൈവത്തോട് ചേർന്ന് നമുക്ക് എല്ലാം സാധ്യമാകും. ദൈവത്തെ മാറ്റി നിർത്തിക്കൊണ്ട് ഒന്നും നേടാൻ (ഒരു നന്മയും നേടാൻ) നമുക്കാവില്ല. സർവ്വശക്തനും സർവ്വ നന്മയുമായ ദൈവം നമുക്ക് മതിയായവനാണ്;ആവണം.