ഒന്നാം ദിവസം
ഇന്നത്തെപോലെ 1870 കാലഘട്ടവും സഭ വലിയ പ്രതിസന്ധികൾ നേരിട്ട സമയമായിരുന്നു. ഇന്നെന്നപോലെ അന്നും സാത്താൻ സഭയെ നാനാവിധേന ആക്രമിച്ചു കൊണ്ടിരുന്നു. ദൈവഭയം ഇല്ലാത്ത മനുഷ്യർ അന്ന് കൊട്ടിഘോഷിച്ചു: നരകകവാടങ്ങൾ സഭയ്ക്ക് എതിരെ പ്രബലപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന്. ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്; അവയിൽ ഒന്നുപോലും നിറവേറ്റാതെ പോവുകയുമില്ല. ദൈവം ( മനുഷ്യനും) തന്നെയായ ഈശോമിശിഹാ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു : ” ഈ പാറമേൽ (പത്രോസ്) എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല”( മത്തായി 16: 18 ). വീണ്ടും, ” യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28: 20) എന്നും.
സഭാമക്കൾ സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആകേണ്ടതിനാൽ ഒമ്പതാം പീയൂസ് മാർപാപ്പ 1870 ഡിസംബർ എട്ടിന് യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ മധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചു.
സമാനമായ സാഹചര്യങ്ങൾ ഇപ്പോൾ ഉണ്ട്. പലരെയും സഭയിൽനിന്ന്, ചിലരെ ദൈവത്തിൽ നിന്നുപോലും അകറ്റുന്നതിൽ അന്ധകാര ശക്തികൾ വിജയിക്കുന്നുണ്ട്. ഈ കെണികളിൽ തകർക്കാൻ, അന്ധകാര ശക്തികളുടെ മുന്നേറ്റങ്ങളെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ ആയുധങ്ങളും (എഫേ.6 : 10: 17 ) ഉപയോഗിക്കാനും നിർദ്ദേശിക്കുന്നതിനുപുറമേ യൗസേപ്പിതാവിന്റെ വർഷവും( 2021 – 22 ) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷാചരണ ത്തിന്റെ ഭാഗമായും ചെറുത്തു നിൽപ്പിന് ശക്തി കിട്ടുന്നതിനും യൗസേപ്പിതാവിനെ നമ്മെ പ്രതിഷ്ഠിക്കുന്നത് സമയോചിതവും സന്ദർഭോചിതവുമാണ്.
അത്യാവശ്യമായ ഈ പ്രതിഷ്ഠ ക്രമാനുഗതമായി
33 ദിവസമായി,
നടത്താൻ നമ്മെ സഹായിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥമുണ്ട്. ഫാ.ഡൊണാൾഡ് കാലൊവേയുടെ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠ: “നമ്മുടെ ആത്മീയ പിതാവിന്റെ വിസ്മയങ്ങൾ “. ഈ പ്രതിഷ്ഠ നടത്തുന്നത് യൗസേപ്പിതാവിനോടുള്ള വർദ്ധിച്ച സ്നേഹവും അതുവഴി അവിടുത്തെ പൈതൃകമായ സംരക്ഷണത്തിന്റെ സുരക്ഷിതത്വം നാം അനുഭവിക്കും.
ഒരു വിശ്വാസി (ഞാനും, നിങ്ങളും) തന്നെത്തന്നെ പൂർണ്ണമായി യൗസേപ്പിതാവിനെ ഭരമേൽപ്പിക്കുമ്പോൾ അവൻ ഈശോയുടെയും മറിയത്തിന്റെയും വിശ്വസ്തനും സ്നേഹനിധിയുമായ സുഹൃത്താകും.
ഈശോ തന്റെ മാതാപിതാക്കളുടെ കീഴിലായിരുന്നപ്പോൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു (ലൂക്കാ 2: 52 ). യൗസേപ്പിതാവിന്റെ സവിശേഷസംരക്ഷണത്തിനു നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ നമ്മളും ഈശോയെപ്പോലെ ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവരാകും.
” നമ്മൾ നമ്മെത്തന്നെ വിശുദ്ധ യൗസേപ്പിതാവിനു പ്രതിഷ്ഠിക്കാൻ പോവുകയാണ്. നമ്മൾ എന്താണോ അതും നമുക്കുള്ളതും (ഒപ്പം സകല മനുഷ്യരെയും) അവിടുത്തെ പാദത്തിങ്കൽ സമർപ്പിക്കാം” (വി. പീറ്റർ ജൂലിയൻ ).
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ! അങ്ങയുടെ പ്രകാശരശ്മിയാൽ എന്നിലെ അന്ധകാരം അകറ്റണമേ! അങ്ങയുടെ ചൈതന്യത്താൽ എന്റെ ഉള്ളം സുന്ദരമാക്കണമേ!
പ്രതിഷ്ഠാകർമ്മം
നീതിമാനും ശ്രേഷ്ഠപിതാവും തിരുസഭയുടെ സംരക്ഷകനും പരിശുദ്ധഅമ്മയുടെ വിരക്ത ഭർത്താവും ഇമ്മാനുവേലിന്റെ സംരക്ഷകനും അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവനുമായ വിശുദ്ധ യൗസേപ്പിതാവേ, ഈശോയുടെയും അവിടുത്തെയും എന്റെയും മാതാവായ പരിശുദ്ധ അമ്മയുടെയും സകല മാലാഖമാരുടെയും വിശുദ്ധരുടേയും സ്വർഗ്ഗവാസികൾ ഏവരുടെയും സാന്നിധ്യത്തിൽ അങ്ങേ ഞാനെന്റെ പിതാവും സംരക്ഷകനും വഴികാട്ടിയുമായി സ്വീകരിച്ച് ഏറ്റുപറയുന്നു.
തിരുകുടുംബത്തിന്റെ ശിരസ്സായി സർവ്വശക്തൻ തെരഞ്ഞെടുത്ത സഹരക്ഷകനായ യൗസേപ്പിതാവേ, അങ്ങയുടെ വിശുദ്ധ ഭവനത്തിലെ ഒരു വിനീതാംഗമായി എന്നെ സ്വീകരിക്കണമേ! അമല മനോഹരിയും ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞിയും അശരണരുടെ നിത്യ സങ്കേതവുമായ അങ്ങേ വിശ്വസ്ത മണവാട്ടിക്ക് എന്നെ എന്നെന്നേക്കുമായി സമർപ്പിക്കണമേ! എന്നെ പൂർണമായും അമ്മയുടേതായി അമ്മയുടെ സ്വന്തമായി സ്വീകരിക്കാൻ ഈ നല്ല മാതാവിനോട് അങ്ങ് അഭ്യർത്ഥിക്കണമേ!
സ്നേഹവാനായ പിതാവേ, എന്നെത്തന്നെ പൂർണമായും അങ്ങേയ്ക്കും ഞാൻ പ്രതിഷ്ഠിക്കുന്നു. എന്റെ ഈ അർപ്പണം കനിവാർന്നു കൈക്കൊള്ളണമേ !
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.