ദൈവം പരിശുദ്ധനാണ് ;ദൈവത്തിന്റെ പുരോഹിതനും പരിശുദ്ധൻ ആയിരിക്കണം, ദേഹി ദേഹങ്ങളുടെ വിശുദ്ധിയാണ് ഇവിടെ വിവക്ഷ. ബ്രഹ്മചര്യം എന്നത് ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ അത്യുദാത്തമായ സാക്ഷ്യം തന്നെയാണ്. ഇവിടെ ഒന്നും പ്രതീക്ഷിക്കുന്നില്ല ;ആവശ്യപ്പെടുന്നില്ല. പ്രിയപ്പെട്ടവന്റെ, ദിവ്യനാഥന്റെ ഇച്ഛ മാത്രം പരിഗണനയിൽ.
ഈ മേഖലയിൽ ലോകത്തിന് അനാവശ്യമായ തെറ്റായ ഒരു ധാരണ( തെറ്റിദ്ധാരണ)യുണ്ട്. ബ്രഹ്മചര്യം (കന്യാകത്വം) സ്നേഹത്തിന് വിരുദ്ധവും അതിനെ നിരാകരിക്കുന്നതു മാണ് എന്ന്. ഈ അഭിപ്രായം ശുദ്ധ അബദ്ധമാണ്. ബ്രഹ്മചര്യം അഭേദ്യംമാം വിധം സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹ പർവ്വതത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടി ആണ് ബ്രഹ്മചര്യം. ഇതിൽ ചില ചില്ലറ പരിത്യാഗങ്ങളും പരിവർജ്ജനങ്ങളും ഉള്ളതുകൊണ്ടാണ് ബ്രഹ്മചര്യം തെറ്റിദ്ധരിക്കപ്പെടുന്നത്. വ്രതനിഷ്ഠയും തജ്ജന്യമായ വിരക്തിയും ബ്രഹ്മചര്യം ആകുന്ന ഉദ്യാനത്തിന് ചുറ്റി വേലികളാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.
ഒരു എക്സിബിഷനിൽ പരസ്യമായി വച്ചിരിക്കുന്ന ഗവൺമെന്റിന്റെ ഒരു അത്യപൂർവ രത്നശേഖരം ഉണ്ടെന്നു കരുതുക. അതിനു മുമ്പിൽ എപ്പോഴും സായുധകാവലുണ്ടായിരിക്കുകയില്ലേ? ഇത് കാവൽക്കാരോടുള്ള മമത കൊണ്ടല്ല, രത്നശേഖരത്തിന്റെ അമൂല്യത കൊണ്ടാണ്. അതായത് രത്നങ്ങൾക്ക് കാവൽ അത്യാവശ്യം ഉള്ളതുകൊണ്ടാണ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. എത്രത്തോളം വിലയേറിയതാണോ അത്രത്തോളം കരുതലും അത്യാവശ്യമാണ്. ആത്മാക്കളുടെ ദൈവത്തോടുള്ള സ്നേഹത്തേക്കാൾ അമൂല്യമായതു മറ്റെന്താണുള്ളത്? ഇത് അപകടത്തിലാക്കാൻ പോന്ന ചില മേഖലകളുണ്ട്. അവിടെ മേയാൻ പോകാതിരിക്കുക സ്വാതന്ത്ര്യത്തിന്റെ ഹനിക്കലല്ല ; എല്ലാ വസ്തുക്കളെക്കാൾ ദൈവത്തെ സ്നേഹിക്കാനുള്ള സുരക്ഷിത പാത. നിനച്ചിരിക്കാത്ത സമയത്ത് ശത്രു കടന്നാക്രമിക്കാതിരിക്കാനാണ് ശക്തമായ സംരക്ഷണം . നിർബന്ധമാക്കിയിരിക്കുന്നത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാൻ പൂർണസ്വാതന്ത്ര്യം ആണ്. സ്വീകരിച്ചാൽ നിബന്ധനകൾ അനുസരിക്കണം. Keep the rules, the rules will keep you.
ബ്രഹ്മചാരിയായ വൈദികൻ പൂർണ്ണമായും ഈശോയുടെ മാത്രം സ്വന്തമാകാൻ സ്വയം, സ്വതന്ത്രമായി, സസന്തോഷം വിവാഹ ജീവിതം വേണ്ടെന്നു വെക്കുകയാണ്. ഇവിടെ ഒരു കുടുംബത്തിന് പകരം ലോകംമുഴുവൻ തന്റെ കുടുംബവും എല്ലാവരെയും തന്റെ കുടുംബാംഗങ്ങൾ ആക്കുകയുമാണ് പുരോഹിതൻ. ബ്രഹ്മചര്യത്തിന്നയ് അതിന്റതായ “വർദ്ധന ചോദന”ങ്ങളുണ്ട്. ദൈവത്തോടും സഹജീവികളോടുമുള്ള സമർപ്പിത സാർവത്രിക സ്നേഹത്തേക്കാൾ ശ്രേഷ്ഠമായി എന്താണുള്ളത്? ആശ്രമങ്ങളിലെ ചുറ്റുമതിലുകൾ സന്യാസികളെ അകത്ത് തള്ളിയിടാൻ ഉള്ളവയല്ല. പ്രത്യുത, പുറംലോകത്തെ പുറത്ത്, നിർത്തേണ്ടത് നിർത്താൻ ഉദ്ദേശിച്ചിള്ളവയാണ്. സത്യസന്ധരായ വൈദികർ (ഒന്നോരണ്ടോ വാദങ്ങൾ – exceptions – ഉണ്ടായെന്നുവരാം) നിയമങ്ങളും നിബന്ധനകളും ഏറെ ഇഷ്ടപ്പെടുന്നു. വിശുദ്ധപദവിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പുണ്യശ്ലോകനായ പെ. ബ. സ്കറിയാസച്ചൻ വൈദിക വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്നു. “Keep the rules, the rules will keep you “. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പഠിച്ചു പുരോഹിതരായവർക്കൊക്കെ ഈ ഉപദേശം സുപരിചിതമാണ്.