ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും

Fr Joseph Vattakalam
4 Min Read

മഹാവിശുദ്ധനും വേദപാരംഗതനും സഭാപിതാവുമായ സെന്റ് അഗസ്റ്റിൻ അതീവ വിനയത്തോടെ ഉദീരണം ചെയ്തു. ” ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ മാത്രമേ ഞാൻ സംതൃപ്തി കണ്ടെത്തുകയുള്ളൂ” . അതെ മനുഷ്യനെ സൃഷ്ടിച്ചവനു മാത്രമേ അവനെ സംതൃപ്തനാക്കാൻ കഴിയുകയുള്ളൂ. ലോക മോഹങ്ങളിലും ജഡത്തിന്റെ പൈദാഹങ്ങളിലും (വിശപ്പും ദാഹവും) ബഹുഭൂരിപക്ഷം ജനങ്ങളും ഇടറിവീണു കൊണ്ടിരിക്കുന്ന അതീവ ദുഃഖകരമായ ദൃശ്യങ്ങളാണ് എവിടെയും പ്രകടമാവുക. ഇതിന്റെ പ്രധാന കാരണം ജീവന്റെ അപ്പത്തിൽ നിന്ന് അവർ അകറ്റപെടുന്നതാണ്. യോഹന്നാൻ 6: 48 -58

ഞാന്‍ ജീവന്റെ അപ്പമാണ്‌.

നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.

ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്‌. ഇതു ഭക്‌ഷിക്കുന്നവന്‍ മരിക്കുകയില്ല.

സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.

ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു.

 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.

എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തം യഥാര്‍ഥ പാനീയവുമാണ്‌.

എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.

യോഹന്നാന്‍ 6 : 48-58

 ഈശോയുടെ ശരീരരക്തങ്ങളെ കുറിച്ചുള്ള പ്രതിപാദനം ആണ് ഈ തിരുവചനത്തിൽ നമുക്ക് ലഭിക്കുക. ഈശോയിൽ വിശ്വസിക്കുന്നവർ (അവരാണ് സാക്ഷാൽ നിത്യരക്ഷ പ്രാപിക്കുന്നവർ) തങ്ങൾക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ( യോഹന്നാൻ 10 :10)അവിടുത്തെ ശരീരം യോഗ്യതയോടെ ഭക്ഷിക്കുകയും അവ്വിധംതന്നെ അവിടുത്തെ രക്തം പാനം ചെയ്യുകയും വേണം. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയുംഅവിടുത്തെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല”(6: 53).

സമാന്തര സുവിശേഷങ്ങളിലേതുപോലെ (മത്തായി, മർക്കോസ്, ലൂക്കാ )യോഹന്നാന്റെ സുവിശേഷത്തിൽ സ്ഥാപനവചനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഈശോയുടെ ബലിയർപ്പണത്തെ കുറിച്ചും പരിശുദ്ധ കുർബാനയെ കുറിച്ചുള്ള വ്യക്തമായ പ്രബോധനങ്ങളും അതിന്റെ ഫലങ്ങളും ഉൾക്കൊള്ളുന്ന വചന ഭാഗമാണിത്. ” ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ് “(6:5) എന്ന വാക്കുകൾ പരിശുദ്ധ കുർബാന സ്ഥാപനത്തെ സൂചിപ്പിക്കുന്നു എന്ന് നിരവധി ബൈബിൾ പണ്ഡിതർ പറയുന്നുണ്ട്. ഓരോ കുർബാനയിലും വൈദികന്റെ കരങ്ങളിലെ അപ്പവും വീഞ്ഞും കൂദാശ വചനങ്ങളിലൂടെ, ഈശോയുടെ തിരു ശരീരരക്തങ്ങളായി  രൂപാന്തരപ്പെടുന്നു

(Transubstantiation); വിശ്വാസികളുടെ ഭക്ഷണപാനീയങ്ങൾ ആയിത്തീരുന്നു. മന്നായെ കുറിച്ചുള്ള പരാമർശവും പരിശുദ്ധ കുർബാന എന്ന യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുക. പഴയനിയമ ജനതയ്ക്ക് ദൈവം നൽകിയ മന്നാ ശാരീരിക വിശപ്പടക്കാൻ മാത്രമേ പ്രയോജനപ്പെട്ടൊള്ളൂ. എന്നാൽ ‘പുതിയ മന്നാ’, സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന, തന്നിൽ വിശ്വസിക്കുന്ന, ലോകത്തിനു മുഴുവൻ ജീവൻ  ( നിത്യജീവൻ ) നൽകുന്ന, ദൈവപുത്രനായ, ദൈവം തന്നെയായ, ഈശോമിശിഹായുടെ സാക്ഷാൽ തിരുശരീരമാണ്. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പമായ അവിടുന്ന് ലോകത്തിനു മുഴുവൻ നിത്യജീവൻ നൽകുന്നതിന്റെ അച്ചാരവുമാണ്.

 ആറാം അധ്യായം വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വളരെ സമഗ്രമായ, തികച്ചും ആധികാരികമായ ഒരു ചെറിയ ‘പ്രബന്ധ’മാണ്. തിരുവചനം മുഴുവൻ ജീവനേകുന്നതാണ്. യോഹന്നാൻ 15 :3ൽ ഈശോ വ്യക്തമായി പറയുന്നു : ” ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു”. ജീവന്റെ വചനവും ജീവൻ ഏകുന്ന വചനവും ആണ് ഈശോ…

വിശുദ്ധ കുർബാന എന്ന മഹാ യാഥാർത്ഥ്യത്തെക്കുറിച്ച് വിശദമാക്കിയതിനുശേഷം, പരിശുദ്ധ കുർബാന അനുഭവത്തിന്റെ ( ഈ അപ്പം ഭക്ഷിക്കുന്നവർക്ക്) മൂന്ന് ഫലങ്ങളെ കുറിച്ചും പരാമർശമുണ്ട്. ഉപഭോക്താക്കൾക്ക് കൈവരുന്ന ഒന്നാമത്തെ സദ്ഫലം പരമപ്രധാനമായ നിത്യജീവൻ തന്നെയാണ്. ” സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്, ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. അവന് നിത്യജീവൻ ഉണ്ട്”( 6 :51,54 ). ഇതിന്റെ കാരണം, ഈശോയുടെ തിരുശരീരം യഥാർത്ഥ ഭക്ഷണവും അവിടത്തെ രക്തം യഥാർത്ഥ പാനീയവുമാണെന്നതാണ് (6:55) ഈശോമിശിഹായുടെ തിരുശരീര രക്തങ്ങൾ സ്വീകരിക്കുന്നതിലൂടെ അവിടുത്തെ അരൂപിയെ (ആത്മാവ്) യാണ്  ആണ് നാം സ്വീകരിക്കുക. ഈ ആത്മാവാണ് ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്. ഇവിടെ ‘ശരീരം’ മനുഷ്യപ്രകൃതിയാണ് ദ്യോതി പ്പിക്കുന്നത്. പരിശുദ്ധാത്മാവ് പ്രദാനംചെയ്യുന്ന ജീവനുള്ള സജീവ വിശ്വാസത്തോടെ ആവണം വിശുദ്ധ കുർബാന അർപ്പിക്കുക  ( യോഹന്നാൻ 6 :63).

 രണ്ടാമതായി, പരിശുദ്ധ കുർബാന അനുഭവം മിശിഹാ യുമായുള്ള ആഴമേറിയ ബന്ധത്തിൽ കുർബാന അനുഭവിക്കുന്നവരെ വളർത്തും. ” എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കുന്നു ( യോഹന്നാൻ 6: 56 ). ഈ സഹവാസം ഒരു വ്യക്തിക്ക് ഈ ഭൂമിയിൽ കിട്ടാവുന്ന ഏറ്റവും വലിയ പരസ്പര അനുഗ്രഹമാണ്. പാപം ഇത് നഷ്ടപ്പെടുത്തി, വീണ്ടും പിശാചിനെ അടിമ ആകും എന്ന് നമുക്ക് ഓർക്കാം. ഈ സഹവാസം സ്വന്തമാക്കി, അതിൽനിന്ന്,അത് കൂടുതൽ സുദൃഡമാക്കി മുമ്പോട്ടുപോയാൽ ഈ സഹവാസം, ആത്യന്തികമായി നമ്മെ ദൈവൈക്യത്തിലേക്കു നമ്മെ നയിക്കും.

 ഉത്ഥാനമാണ് ജീവന്റെ അപ്പം ഭക്ഷിക്കുന്നവൻ ആസ്വദിക്കുന്ന മൂന്നാമത്തെ ഫലം ( യോഹന്നാൻ 6: 54 ). അതായത് പരിശുദ്ധ കുർബാനയും ദിവ്യകാരുണ്യ സ്വീകരണവും ക്രിസ്തു വിശ്വാസികൾ മിശിഹായോടൊപ്പമുള്ള പുനരുദ്ധാരണത്തിന് അച്ചാരമായിത്തീരുന്നു

Share This Article
error: Content is protected !!