വി. ഡോൺ ബോസ്കോയുടെ ജീവിതത്തിൽ നിന്ന് സ്വയം പരിത്യജിക്കലിൽന്റെ ഒരു മാതൃക രേഖപെടുത്താം. ഒരിക്കൽ ഷേവ് ചെയ്യിക്കാൻ വേണ്ടി അദ്ദേഹം ഒരു ബാർബർ ഷോപ്പിൽ കയറി ഇരുന്നു. ഒരു ബാലൻ വന്നു അദ്ദേഹത്തിന്റെ മുഖത്ത് സോപ്പ് തേച്ചു. അവന്റെ പരിചയക്കുറവു വിശുദ്ധൻ വളരെ എളുപ്പം മനസിലാക്കി. എങ്കിലും അദ്ദേഹം പറഞ്ഞു “ഇനി ബ്ലേഡ് കൊണ്ടുവരിക” ഉടനെ കടയുടമ പറഞ്ഞു “ഷേവ് ചെയ്യാൻ അവനറിയില്ല. സോപ്പ് തേക്കുക മാത്രമാണ് അവന്റെ ജോലി.”
ഡോൺ ബോസ്കോയുടെ മറുപടി ശ്രദ്ധിക്കുക:” പക്ഷെ എന്നെങ്കിലും ചെയ്തു പഠിക്കണ്ടേ? അത് എന്റെ മുഖത്തുതന്നെ ആയിരിക്കട്ടെ.” തദവസരം ബാലൻ ഷേവ് ചെയ്തു തുടങ്ങി. പൂർത്തിയായപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ചില മുറിവുകൾ ഉണ്ടായി. എന്നാൽ അദ്ദേഹം അവനെ പ്രശാസിക്കുക മാത്രമേ ചെയ്തുള്ളു.
സുഖലോലുപതയ്ക്കുള്ള മനുഷ്യ പ്രേരണ പ്രകൃതി സഹജമാണ്. വിശുദ്ധാത്മാക്കൾ എന്ത് വിലകൊടുത്തും ഇതിനെ നിയന്ത്രിച്ചിരുന്നു. അസ്സീസിയിലെ വി. ഫ്രാൻസിസ് ജഡാഭിലാഷത്തെ പരിപൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശരീരത്തെ കഠിനമായി ശിക്ഷിച്ചു പരിത്യാഗം അനുഷ്ഠിച്ചിരുന്നു. രുചിയുള്ള ഭക്ഷണം ചാരം ചേർത്ത് കഴിച്ചിരുന്നു.കിടപ്പോ വെറും തറയിൽ! ഒരു തടിക്കഷ്ണമോ പാറക്കല്ലോ ആയിരുന്നു അദ്ദേഹത്തിന്റെ തലയണ. തപക്രിയകൾ ഉപേക്ഷിക്കാൻ പിശാച് നേരിട്ട് അദ്ദേഹത്തോട് നിർദ്ദേശിച്ചപ്പോൾ അവനെ അദ്ദേഹം ധീരധീരം നേരിട്ട്. അരയിൽ കെട്ടിയിരുന്ന കയറിന് കെട്ടുകളിട്ടു ശരീരത്തിൽ അതിശക്തിയായി സ്വയം അടിച്ചു. എന്നാൽ, പിശാച് പ്രലോഭനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഉടനെ വി. ഫ്രാൻസിസ് പര്ണശാലയിൽ നിന്നിറങ്ങി മഞ്ഞുകട്ടകൾ നിറഞ്ഞ കുഴിയിൽ കിടന്നുരുണ്ടു. അപ്പോൾ പിശാച് ഓടിയൊളിച്ചു.