ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാർഗ്ഗമാണ് ഈ ഭക്തി. സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കൽ വന്നത്. ഈശോ നമ്മിലേക്കു കടന്നുവരാൻ, തന്റെ വിശിഷ്ടവും മഹത്വപൂർണ്ണവുമായ യാത്രയ്ക്ക് മറ്റൊരുവഴി സ്വീകരിച്ചില്ല. അഗ്രാഹ്യനും അപ്രാപ്യനും സ്വയംഭൂവുമായ അത്യുന്നതൻ ഒന്നുമല്ലാത്ത നിസ്സാര കീടങ്ങളായ നമ്മുടെ പക്കൽ വരുവാൻ തിരുമനസ്സായി! ഇതെങ്ങനെ സംഭവിച്ചു? എളിമയുടെ മണിമകുടമായ മറിയം വഴി അത്യുന്നതൻ അതി ശ്രേഷ്ഠമാംവിധം തന്റെ ദൈവത്വത്തിനും വിശുദ്ധിക്കും യാതൊരു കോട്ടവും വരുത്താതെ നമ്മുടെ പക്കലേക്കു വന്നു. അതുകൊണ്ട്, മറിയംവഴി തന്നെയാണ് എളിയവരായ നാമും ഉത്തമമാംവിധം, നിർഭയമായി അത്യുന്നതനെ സമീപിക്കേണ്ടതും. അഗ്രാഹ്യനായ ദൈവം തന്നെ അറിയുവാനും പരിപൂർണ്ണമായി തന്നെ ഉൾക്കൊള്ളുവാനും മറിയത്തെ അനുവദിച്ചു. അത് അവിടുത്തെ അനന്തതയ്ക്ക് ഒരു കുറവും വരുത്തി യില്ലതാനും. അതുപോലെ നാം സ്വയം ഒന്നും സൂക്ഷിക്കാതെ നമ്മെ പരിപൂർണ്ണമായി ഉൾക്കൊള്ളുവാനും നയിക്കുവാനും മറിയത്തെ അനുവദിക്കണം. അപ്രാപ്യനായ ദൈവം തന്റെ ഔന്നത്യം ഒട്ടുംതന്നെ നഷ്ടപ്പെടുത്താതെ മറിയം വഴി നമ്മെ സമീപിച്ചു; ഗാഢവും പൂർണ്ണവും വ്യക്തിപരവുമായി അവിടുന്നു സ്വയം മനുഷ്യത്വത്തോട് ഒട്ടിച്ചേർന്നു. ആകയാൽ, തിരസ്കൃതരാകുമെന്നു ഭയപ്പെടാതെ മറിയം വഴി ദൈവത്തെ സമീപിച്ച്, ഗാഢവും പൂർണ്ണവുമായി നമ്മെ അവിടുത്തോട് യോജിപ്പിക്കണം. “ആകുന്നവനായ അവിടുന്ന്,” അതെ, നിത്യനായ അവിടുന്ന് ഒന്നുമല്ലാത്ത അവസ്ഥയിലേക്കു കടന്നുവന്ന്, അതിനെ ആകുന്നവനെ ക്കൊണ്ടു നിറച്ചു. അവിടുന്നു സ്വയം പരിപൂർണ്ണമായി, കുമാരിയായ മറി യത്തിനു നല്കിക്കൊണ്ടും വിധേയനായിക്കൊണ്ടുമാണ് ഇതു നിർവ്വ ഹിച്ചത്. അങ്ങനെ, നിത്യനായ അവിടുന്നു സമയത്തിനു വിധേയമാകു വാൻ മടിച്ചില്ല. അതുപോലെ ഒന്നുമല്ലാത്ത നമുക്ക് ഭയലേശമെന്യേ, യാതൊന്നും നമുക്കായി സൂക്ഷിക്കാതെ, നമ്മെത്തന്നെ ഉത്തമയും പൂർണ്ണയുമായ മറിയത്തിനു നല്കിക്കൊണ്ടു മറിയം വഴി കൃപാവരത്തിലും മഹത്ത്വത്തിലും ദൈവത്തെപ്പോലെ ആകാം.
ക്രിസ്തുനാഥന്റെ പക്കലേക്കു പോകുവാൻ നിങ്ങൾ ഒരു പുതിയ മാർഗ്ഗം തുറന്നു എന്നിരിക്കട്ടെ. വിശുദ്ധരുടെ എല്ലാ യോഗ്യതകൾ നിര ത്തിയതും, അവരുടെ വീരോചിതമായ സുകൃതങ്ങളാൽ അലംകൃതവും, മാലാഖമാരുടെ പ്രഭകൊണ്ടു ശോഭനവും സൗന്ദര്യംകൊണ്ടു രമ്യവുമായ ഒരു പാത, അതിലേ സഞ്ചരിക്കുന്നവരെ നയിക്കുവാനും രക്ഷിക്കുവാനും താങ്ങുവാനും അകമ്പടി സേവിക്കുവാനും എല്ലാ മാലാഖ മാരും പുണ്യവാൻമാരും ആ വഴിയിലുണ്ടെന്നും കരുതുക. ഞാൻ ആയിരം പ്രാവശ്യം ആണയിട്ടു തറപ്പിച്ചു പറയുന്നു, അത് ഉത്തമമായ ആ മാർഗ്ഗം ഉപേക്ഷിച്ച് മറിയത്തിന്റെ വിമലമാർഗ്ഗമേ ഞാൻ തെരഞ്ഞടുക്കൂ. “അവൻ എന്റെ പാത നിരപ്പാക്കി” (സങ്കീ. 17:33), മാലിന്യമോ കറയോ ഇല്ലാത്തതാണ് ആ വഴി ജന്മപാപമോ കർമ്മപാപമോ അതിനെ മലിനമാക്കിയിട്ടില്ല. അന്ധകാരമോ നിഴലോ അവിടെയില്ല. സ്നേഹരൂപനായ ഈശോ മഹത്ത്വത്തോടെ ഭൂമിയെ ഭരിക്കുവാൻ വീണ്ടും വരുമ്പോൾ മറിയത്തിന്റെ മാർഗ്ഗമേ തെരഞ്ഞെടുക്കൂ. അവളെയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ആദ്യത്തെ വരവിന് അവിടുന്നു തെരഞ്ഞെടുത്തത്. ആദ്യത്തെയും അവസാനത്തെയും വരവുകൾ തമ്മിൽ ഒന്നേയുള്ളൂ വ്യത്യാസം. ആദ്യത്തേതു രഹസ്യവും നിഗൂഢവുമായിരുന്നുവെങ്കിൽ അവസാനത്തേതു മഹത്ത്വപൂർണ്ണവും ഉജ്വല പ്രഭാപൂരിതവും, രണ്ടും ഉത്തമമാണ്; എന്തുകൊണ്ടെന്നാൽ, രണ്ടും മറിയം വഴിയാണ്. കണ്ടാലും തീർത്തും അജ്ഞാതമായ ഒരു രഹസ്യമാണിത്. “ഇവിടെ എല്ലാ നാവും നിശബ്ദമായിരിക്കട്ടെ