ഒരു സ്ത്രീ ഒരിക്കൽ കുമ്പസാരിക്കാൻ എത്തി. 30 വർഷത്തിനു മുമ്പ് ആയിരുന്നു അവരുടെ “കഴിഞ്ഞ കുമ്പസാരം”. വൈദികൻ സ്വാഭാവികമായും ചോദിച്ചു: എന്തുകൊണ്ടാണ് നീണ്ട കാലഘട്ടം കുമ്പസാരം എന്ന കൂദാശയിൽ നിന്ന് അകന്ന് ജീവിച്ചത്? ” അങ്ങയെ പോലെ ഒരു വൈദികന്റെ ഇടപെടൽമൂലം”. കുമ്പസാരിക്കാൻ എത്തിയ മറ്റൊരു വനിതയുടെ കഥ മേൽപ്പറഞ്ഞ സംഭവത്തിന് വിശദീകരണം ആവും. ആ വൈദികൻ കുമ്പസാരിക്കാൻ എത്തിയ സ്ത്രീയോട് തീരെ ഭയമില്ലാതെ പെരുമാറി. അപ്പോൾ ക്രൂശിതരൂപത്തിൽ നിന്ന് ഒരു അശരീരി ഉയർന്നുവന്നത്രേ!
” ഞാനാണു, നീയല്ല, അവളുടെ പാപങ്ങൾക്കുവേണ്ടി മരിച്ചത്!” തിരുഹൃദയത്തോടുള്ള ആരാധനയിൽ വൈദികൻ ആർജ്ജിക്കുന്നത്, ആർജ്ജിക്കേണ്ടത് പാപികളോടുള്ള ഈശോയുടെ മഹാ സ്നേഹവും കരുണയും ദയയും അല്ലാതെ മറ്റെന്താണ്.
കുമ്പസാരത്തിന് എത്തുന്ന ആളിന്റെ പാപം എത്ര ഗുരുതരം ആയിരുന്നാലും വൈദികൻ ആ വ്യക്തിക്ക് സ്വാന്തനമേകണം. ഈശോയുടെ തിരുരക്തത്തിന് മാറ്റാനാവാത്ത ഒരു പാപ മലയുമില്ല. അവിടുത്തെ അനന്ത കരുണയുടെ പിൻബലത്താൽ അനുതാപികളെ വൈദികൻ സമാശ്വസിപ്പിക്കണം. തന്റെ പാപത്തിന്റെ ഗൗരവം മൂലം അത് ക്ഷമിക്കപെടുകയില്ല എന്നു കരുതുന്നവരാണ് പലരും. അവരെ സമാശ്വസിപ്പിക്കുകയാണ് പുരോഹിതൻ ചെയ്യേണ്ടത്. ഇവിടെ മിക്ക പ്രവാചകന്റെ വാക്കുകൾ ഏറെ സംഗതമാണ്. “അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്ന് തന്റെ കോപം എന്നേക്കുമായി വച്ചുപുലർത്തുന്നില്ല. എന്തെന്നാൽ അവിടുന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് നമ്മോട് വീണ്ടും കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടി മെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങൾ അവിടുന്ന് തൂത്തെറിയും “(മിക്ക. 7:18, 19)