അധ്യായം രണ്ട്
നന്ദിഹീനത നിഷിദ്ധമാണ് പാപമാണ്. ‘നന്ദികെട്ടവൻ’ എന്നത് ഒരുവനു കിട്ടാവുന്ന ഏറ്റം മോശമായ ഒരു സർട്ടിഫിക്കറ്റാണല്ലോ. ഓരോ ഉപഭോക്താവും തനിക്കു ലഭിക്കുന്ന നന്മകൾക്കു ബന്ധപ്പെട്ടവരോടു കൃതജ്ഞതയുള്ളവനായിരിക്കണം. മനുഷ്യരുടെകാര്യത്തിൽ ഇത് അത്യാവശമാണെങ്കിൽ മഹേശ്വരന്റെ ഒരായിരം നന്മകൾക്കപ നാം എത്രയധികമായി നന്ദിയുള്ളനരായിരിക്കണം! അവിടുത്തേയ്ക്കു കൃതജ്ഞതാബലിയർപ്പിക്കുകയെന്നത് ഓരോമനുഷ്യന്റെയും പരമമായ കടമയാണ്. സർവേശ്വരനുസദാകാലവും സഹജീവികൾക്കു സമയാസമയങ്ങളിലും സ്തോത്രമാലപിച്ചു സാനന്ദംജീവിക്കാൻ ഏവർക്കും കഴിഞ്ഞിരുന്നെങ്കിൽ!
യേശുതമ്പുരാൻ പത്തുകുഷ്ഠരോഗികളെ സുഖപ്പെടുത്തിയ സംഭവം സുവിദിതമാണല്ലോ.ജറുസലേമിലേക്കുള്ള യാത്രയിൽ അവിടുന്നു സമറിയായ്ക്കും ഗലീലിക്കും മധ്യേകൂടികടന്നു പോവുകയായിരുന്നു. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തുകുഷ്ഠരോഗികൾ അവിടുത്തെ കാണുന്നു. അവർ സ്വരമുയർത്തി, ‘യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ’ എന്ന് അപേക്ഷിക്കുന്നു. അവിടുന്ന് അവരോടു പറയുന്നു, ‘പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്കു കാണിച്ചുകൊടുക്കുവിൻ’. പോകുംവഴി അവർ സുഖം പ്രാപിച്ചു. അവരിൽഒരുവൻ, താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുസിച്ചുകൊണ്ട് തിരികെവന്നു. സർവഗുണ സമ്പന്നനും സർവനന്മസ്വരൂപനുമായ സർവശക്തന്റെ സന്നിധിയിൽ സാഷ്ടാംഗം പ്രണമിച്ച് അവൻ അവിടുത്തേയ്ക്കു നന്ദിപറയുന്നു. അവൻ ഒരു സമറായനായിരുന്നു. കർത്താവിനുപോലും അത്ഭുതമായി. അവിടുന്നു ചോദിച്ചുപോയി, പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒമ്പതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും മടങ്ങിവന്നു ദൈവത്തെ മഹത്ത്വപ്പെടുത്തണമെന്നു തോന്നിയില്ലേ?’ (ലൂക്കാ. 17:11-18)
സ്വപ്നവ്യാഖ്യാനത്തിനുള്ള ജോസഫിന്റെ കഴിവ് ഈശ്വര പരിപാലനയുടെ നിമിത്തമാകുന്നതു തുടർന്നു കാണാം. അവൻ രണ്ടു വർഷം തടവറയിൽ കഴിഞ്ഞതിന്റെ ശേഷമാണ് പ്രസ്തുത സംഭവമുണ്ടായത്. നല്ല ദൈവത്തിന് എല്ലാറ്റിനും ഒരു സമയമുണ്ട്, ‘ഇന്ന്’ രാജാവായ ഫറവോയ്ക്ക് ഒരു സ്വപ്നമുണ്ടാകുന്നു; അയാളെ അങ്ങേയറ്റം അസ്വസ്ഥനാക്കിയ ഒരു സ്വപ്നം. ഈജ്പതിലുണ്ടായിരുന്ന സകലജ്ഞാനികളെയും മന്ത്രവാദികളെയും വിളിച്ചു വരുത്തി വ്യാഖ്യാനത്തിനുവേണ്ടി തന്റെ സ്വപ്നം അവൻ അവർക്കു വിവരിച്ചുവെങ്കിലും ആർക്കും ആ സ്വപ്നം വ്യാഖ്യാനിക്കാനായില്ല. രാജാവു കദനത്തിന്റെ കരകാണാക്കടലിൽ താണുതാണുപോകുകയാണ്.
തന്റെ യജമാനന്റെ ദുഃഖം പാനപാത്രവാഹകൻ താമസംവിനാ അറിയുന്നു. ദൈവത്തിന്റെ പരിപാലന പ്രവൃത്യുന്മുഖമാകുകയായി. അയാൾ ജോസഫിനെ ഓർക്കുന്നു. തൽക്ഷണം അവൻ ഫറവോയെ സമീപിച്ചു പറയുന്നു: ‘എന്റെ തെറ്റു ഞാനിന്നു മനസ്സിലാക്കുന്നു. അങ്ങു സേനാനായകന്റെ വീട്ടിൽ തടവിലിട്ടല്ലോ. ഒരു രാത്രി ഞങ്ങളിരുവരും ‘ സ്വപ്നം കണ്ടു; വ്യത്യസ്തങ്ങളായ അർത്ഥമുള്ള സ്വപ്നങ്ങൾ. ഞങ്ങളുടെ കൂടെ ഒരു ഹെബ്രായ യുവാവുണ്ടായിരുന്നു. സേനാനായകന്റെ പ്രത്യേക ദാസനായിരുന്നു അവൻ. ഞങ്ങളുടെ സ്വപ്നം അവനോടുപറഞ്ഞപ്പോൾ അവൻ അതു ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവർക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു ലഭിച്ചത്. അവൻ പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിക്കുകയും ചെയ്തു. എന്നെ അവിടുന്ന് ഉദ്യോഗത്തിൽ പുനഃസ്ഥാപിക്കുകയും പാചകപ്രമാണിയെതൂക്കിലുടുകയും ചെയ്തു’ (41:9-13).
പാനപാത്രകേകാരന്റെവാക്കുകൾ ഫറവോയിൽ പ്രത്യാശയുടെ കതിരുകൾ ഉദിപ്പിക്കുന്നു. അയാൾ ഉടനെതന്നെആളയച്ച് ജോസഫിനെ അടുത്തുവരുത്തി അവനോടുപറയുന്നു: ‘നിനക്കു സ്വപ്നം വ്യാഖ്യാനിക്കാൻ കഴിയുമെന്ന് എനിക്ക് അറിയാനിടയായിയ. സർവശക്തനായ ദൈവമാണ് തന്നിലും തന്നിലൂടെ പ്രവർത്തിക്കുന്നത് എന്നുറച്ചു വിശ്വസിച്ചിരുന്ന ജോസഫ് വിനയപുരസ്സരം മറുപടിനൽകി, ‘പ്രഭോ, അത് എന്റെ കഴിവല്ല. എന്നാൽ ദൈവം അങ്ങേയ്ക്കു തൃപ്തികരമായ ഉത്തരം നൽകും’. ജോസഫിനുണ്ടായിരുന്നതുപോലെ ആഴമുള്ള, അടിവേരുകളുള്ള, അർപ്പിതമായ, അലംഘ്യമായ ദൈവവിശ്വാസമാണ് ആധുനിക മനുഷ്യന് അവശ്യാവശ്യകമായിരിക്കുക.
ജോസഫിൽ പ്രീതനായ ഫറവോ തന്റെ സ്വപ്നം അവനു വിവരിച്ചുകൊടുക്കുന്നു. ‘ഞാൻ നൈലിന്റെ തീരത്തു നിൽക്കുകയായിരുന്നു. കൊഴുത്ത് അഴകുള്ള ഏഴുപശുക്കൾ നദിയിൽ നിന്നു കയറിവന്നു പുൽത്തകടിയിൽമേയാൻ തുടങ്ങി. അവയ്ക്കു പുറകെ മെലിഞ്ഞുവിരൂപമായവേറെ ഏഴുപശുക്കളും കയറി വന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാൻ കണ്ടിട്ടില്ല. ശോഷിച്ചുവിരൂപമായ ആ പശുക്കൾ ആദ്യത്തെ ഏഴു പശുക്കളെ വിഴുങ്ങിക്കളഞ്ഞു. വീണ്ടും, സ്വപ്നത്തിൽ. പുഷ്ടിയും അഴകുമുള്ള ഏഴുകതിരുകൾ ഒരു തണ്ടിൽ വളർന്നു നിൽക്കുന്നതു ഞാൻ കണ്ടു. തുടർന്നു ശുഷ്കിച്ചതും കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞതുമായ ഏഴുകതിരുകൾ പൊങ്ങിവന്നു. അവ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇവ എനിക്കു വിവരിച്ചു തരാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.’ (41:14-24)
ഫറവോയുടെ വിവരണം സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ജോസഫ്, പരാപരനിൽ പ്രത്യാശയർപ്പിച്ച് വ്യാഖ്യാനം അവതരിപ്പിക്കുകയായി. ‘ഫറവോയിടെ സ്വപ്നങ്ങളുടെ അർത്ഥം ഒന്നുതന്നെ. താൻ ഉടനെ ചെയ്യാൻ പോകുന്നതെന്തെന്നു ദൈവം അങ്ങയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴുനല്ലപശുക്കൾ ഏഴുവർഷങ്ങളാണ്. ഏഴുനല്ല കതിരുകളും ഏഴുവർഷം തന്നെ. അവയ്ക്കുപുറമേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴുപശുക്കളും അതേഏഴുവർഷമാണ്. കിഴക്കൻകാറ്റിൽ ഉണങ്ങിവരണ്ട പതിരു നിറഞ്ഞ ഏഴുകതിരുകളും തണ്ടും തുടർന്നുള്ള അതേ ഏഴു വർഷം തന്നെ. ഏഴുകൊഴുത്ത പശുക്കളും ഏഴു നല്ല കതിരുകളും ആസന്നമായി ഈജിപ്തു മുഴുവനും വരാൻ പോകുന്ന ഏഴു സുഭിക്ഷുതയുടെ വർഷങ്ങളെ സൂചിപ്പിക്കുന്നു. അതേതുടർന്നു ക്ഷാമത്തിന്റെ ഏഴുവർഷങ്ങളുണ്ടാകും. മെലിഞ്ഞു വിരൂപമായ ഏഴുപശുക്കളും ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴു കതിരുകളും ആ വലിയ ക്ഷാമത്തിന്റെ ഏഴു വർഷങ്ങളയാണു സൂചിപ്പിക്കുക. സ്വപ്നം സമ്മാനിക്കുന്ന സന്ദേശവും ജോസഫ് വ്യക്തമാക്കി. ക്ഷാമം അതിരൂക്ഷമായിരിക്കും. തമ്പുരാൻ ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും താമസം വിനാ അതു നടപ്പാക്കുമെന്നാണ് സ്വപ്നാവർത്തനം സൂചിപ്പിക്കുക. അതുകൊണ്ട് ബുദ്ധിമാനും വിവേകമതിയും ദൈവഭയമുള്ളവനുമായ ഒരുവനെ കണ്ടെത്തി അവനെ ഈജിപ്തിന്റെ മുഴുവൻ അധിപനായിനിയമിക്കണം. നാട്ടിലെങ്ങും മേൽനോട്ടക്കാരെ നിയമിച്ച സമൃദ്ധിയുടെ വത്സരങ്ങളിൽ വിളവിന്റെ അഞ്ചിലൊന്നു കൃത്യമായി ശേഖരിക്കണം. അങ്ങനെ ശേഖരിക്കുന്ന ധാന്യം അത്രയും നഗരങ്ങളിൽ, ഫറവോയുടെ അധികാരത്തിൻ കീഴ്, ഭക്ഷണത്തിനായി സൂക്ഷിച്ചു വയ്ക്കണം. ഈജിപ്തിൽ ഏഴു വർഷം നീണ്ടു നിൽക്കാൻ പോകുന്ന കഠിനക്ഷാമം നേരിടാനുള്ള കരുതൽധാന്യമായിരിക്കും അത്. അപ്രകാരം ചെയ്താൽ നാടുപട്ടിണി മൂലം നശിക്കാതിരിക്കും. (41:25-36)
ഫരറവോയ്ക്കും സേവകൻമാർക്കും ജോസഫിന്റെ വ്യാഖ്യാനവും നിർദ്ദേശങ്ങളും ഏറെ സ്വീകാര്യമായിത്തോന്നി. ജഗന്നിയന്താവു തന്നെയാണു ജോസഫിലൂടെ സംസാരിച്ചതെന്നു ഫറവോയ്ക്കു ബോധ്യമായി. സേവകരോട് അവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. ‘ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരാളെ കണ്ടെത്താൻ നമുക്കു കഴിയുമോ?’ ഈശ്വരവിശ്വാസികൾക്ക് അവിടുത്തേയ്ക്കു തുറവിയുള്ള ഹൃദയമുള്ളവർക്ക് അവിടുത്തെ സാന്നിദ്ധ്യവും അവിടുത്തെ ആത്മാവിന്റെ പ്രവർത്തനങ്ങളും വിവേചിച്ചറിയുക വളരെ എളുപ്പമാണ്. ഫറവോയ്ക്കു കറതീർന്ന ദൈവവിശ്വാസം കൈമുതലായണ്ടായിരുന്നതുകൊണ്ടാണ്, അവന്റെ ഹൃദയം ഈശ്വരനു തുറവി ഉള്ളതായിരുന്നതുകൊണ്ടാണ് ജോസഫിൽ കുടികൊണ്ടിരുന്ന ദൈവത്തിന്റെ ആത്മാവിനെ തിരിച്ചറിയാൻ അയാൾക്ക് അനായാസം കഴിഞ്ഞത്.
തനിക്കുണ്ടായ ദൈവാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഫറവോ ജോസഫിനോടു പറയുന്നതു നോക്കുക. ‘ഇക്കാര്യമെല്ലാം ദൈവം നിനക്കു വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ട്, നിന്നെപ്പോലെ ബുദ്ധിമാനും വിവേകിയും ദൈവഭയമുള്ളവനുമായ ഒരാൾ വേറെയില്ല. അതുകൊണ്ട് ഇന്നുമുതൽ നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവൻ നിന്റെ വാക്കനുസരിച്ചു പ്രവർത്തിക്കും. സിംഹാസനത്തിൽ മാത്രം ഞാൻ നിന്നേക്കാൾ വലിയവനായിരിക്കും’ (41:37-40)
അത്ഭുതങ്ങളുടെ ഘോഷയാത്ര
അത്ഭുതങ്ങളുടെ ഒരുഘോഷയാത്ര തന്നെയാണ് ഇനി നമ്മുക്കു ദൃശ്യമാകുക. ജോസഫിനുള്ള തന്റെ അംഗീകാര മുദ്രകൾ ഒന്നൊന്നായി ഫറവോ അവനെ അണിയിക്കുന്നു. ആദ്യമായി അവൻ തന്റെ കൈയിൽ നിന്നുമുദ്രമോതിരം ഊരി ജോസഫിന്റെ വിരലിൽ ഇടുന്നു. കഴുത്തിൽ വലിയ ഒരി സ്വർണ്ണമാലയിട്ട് വിശേഷതരം പട്ടുവസ്ത്രങ്ങളാൽ അവനെ വിഭൂഷിതനാക്കുന്നു. പിന്നെ രണ്ടാം രഥത്തിൽ എഴുന്നള്ളിപ്പ്. ‘മുട്ടുമടക്കുവിൻ’ എന്നു ജനം അവനു മുമ്പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. (41:42-43)
ദൈവത്തിന്റെ അനന്തവും അഗ്രാഹ്യമായപരിപാലന എത്ര വിസ്മയാവഹം! തമ്പുരാൻ തന്റെ ദാസന്റെ താഴ്മയെ തൃക്കൺ പാർത്തിരിക്കുന്നു. ശക്തനായവൻ എത്രവലിയ കാര്യങ്ങൾ അവനായി ചെയ്തിരിക്കുന്നു! തന്റെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്നു കരുണ വർഷിക്കുന്നു. ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്നു ചിതറിച്ചുകളയും. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു തട്ടിമറിച്ചിടും. എളിയവരെ ഉയർത്തും. ഇതാ ഇപ്പോൾമുതൽ സകലതലമുറകളും ജോസഫിനെ ഭാഗ്യവാൻ എന്നു വിളിക്കും. പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ലു ഭവനത്തിന്റെ മൂലക്കല്ലായിരിക്കുന്നു! ഇസ്രായേല്യനായ ഇടയച്ചെറുക്കൻ ഈജിപ്തിന്റെ മുഴുവൻ ഭരണാധിപനായ അവരോധിക്കപ്പെട്ടിരുന്നു!
അനുദിനം തനിക്ക് ആവിഷ്ക്കരിക്കപ്പെട്ട ദൈവഹിതമനുസരിച്ചു ജോസഫ് പ്രവർത്തനനിരതനാകുന്നു. സുഭിക്ഷതയുടെ ഏഴുവർഷം ഭൂമി എങ്ങുമെവിടെയും സമൃദ്ധമായ വിളവുനൽകി. ഓരോ വർഷവും വയ്ക്കുന്നു. കടൽക്കരയിലെ മണൽത്തരിപോലെ കണക്കറ്റ ധാന്യം ശേഖരിച്ചു വയ്ക്കാൻ സർവശക്തൻ അവനു കൃപ നൽകി. അനുനിമിഷവും വ്യത്യസ്തങ്ങളായ രീതിളിൽ, വ്യതിരിക്തത വ്യക്തികളിലൂടെ സാഹചര്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ദൈവം നമുക്കുവെളിപ്പെടുത്തിത്തരുന്ന അവിടുത്തെതിരുവിഷ്ടത്തിനു വിധേയരായി ജീവച്ചാൽ ജോസഫിനെപ്പോലെ നാമും അത്യത്ഭുതകരമായ രീതിയിൽ അനുഗ്രഹീതരാകുമെന്നതു തീർച്ച.
യൗസേപ്പിൻപക്കൽ പോകുക
ഈജിപ്തിലെ സമൃദ്ധിയുടെ വത്സരങ്ങൾ വളരെവേഗം കടന്നുപോകുന്നു. പ്രവചനംപോലെ ക്ഷാമത്തിന്റെ വർഷങ്ങൾ ആരംഭിക്കുന്നു. എവിടെയും ക്ഷാമം അതിരൂക്ഷമാകുന്നു. എന്നാൽ ജോസഫിന്റെ അധീനതയിൽ ധാരാളം ധാന്യമുണ്ട്. ക്ഷാമം കൊടുമ്പിരിക്കൊണ്ടപ്പോൾ ഭക്ഷണത്തിനായി അഭ്യർത്ഥിച്ചുകൊണ്ട് ജനം ഫറവോയുടെ മുമ്പിൽ തടിച്ചു കൂടുകയാണ്. അയാൾക്കു ജനത്തോടു പറയാനുള്ളതോ, ‘യൗസേപ്പിന്റെ അടുത്തേയ്ക്ക് പോകുക. അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക’ (41:55)
ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി, കലവറകൾ തുറന്നു, ചോദിച്ചവർക്കെല്ലാം ജോസഫ് ധാന്യം നല്കുന്നു. ഈജിപ്തിലേയ്ക്കു ജനം പ്രവഹിക്കുകയാണ്. ലോകത്തെങ്ങും പട്ടിണി അത്ര അതിരൂക്ഷമായിരുന്നു. ദൈവം തന്നിലൂടെ ജനത്തിനുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിൽ ജോസഫ് അതീവസന്തുഷ്ടനായി. അവിടുത്തോട് അങ്ങേയറ്റം കൃതാർത്ഥനായി അനുനിമിഷം അവിടുത്തെ സ്തുതിച്ചു, മഹത്ത്വപ്പെടുത്തി അവൻ ജീവിക്കുന്നു. (41:47,57)
ഇവിടെ നമുക്കു വളരെ വ്യക്തമായി മനസ്സിലാകേണ്ട ഒരു സത്യമുണ്ട്. ജോസഫിനോ, ഇസ്രായേൽ ജനത്തിനോ മാത്രമുള്ളതല്ല ദൈവത്തിന്റെ സ്നേഹലാളനം. അത് എല്ലാവർക്കുമുള്ളതാണ്. പ്രകൃതത്തിലെ ക്ഷാമം ലോകത്തെമ്പാടുമുള്ള ഒരു പ്രതിഭാസമായിരുന്നു. അപ്പോൾ ആരെല്ലാം ഭക്ഷണം അന്വേഷിച്ചോ അവരെല്ലാം അതു കണ്ടെത്തി. ധാന്യത്തിനുവേണ്ടി ജോസഫിന്റെ കവാടത്തിൽ മുട്ടിയവർക്കെല്ലാം വാതിൽ തുറക്കപ്പെട്ടു. ചോദിച്ചവർക്കെല്ലാം അതു സമൃദ്ധമായി കിട്ടി. ‘നിങ്ങളിലേതൊരു പിതാവാണ് മകൻ അപ്പം ചോദിച്ചാൽ പകരം കല്ലു കൊടുക്കുക; മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുകച മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക. പാപികളായ നിങ്ങൾക്കു നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങൾ നല്കാനറിയാമെങ്കിൽ, സർവനന്മസ്വരൂപിയായ സർവശക്തൻ തന്നോടു ചോദിക്കുന്നവർക്കു എത്രയധികമായി തന്റെ പരിശുദ്ധാത്മാവിനെ നൽകുകയില്ല!’ (ലൂക്ക. 11:11-13) അതെ, ദൈവത്തിന്റെ സ്നേഹവും പരിപാലനവും രക്ഷയുമെല്ലാം സാർവത്രികമാണ്. ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും സർവാത്മനാ അന്വേഷിക്കുന്നവർക്കെല്ലാം എല്ലാം സമൃദ്ധമായി സമ്മാനിക്കപ്പെടും. (മത്താ.6:33)
മറ്റെവിടെയും എന്നപോലെ കാനാൻ ദേശത്തും ക്ഷാമം രൂക്ഷമായിരുന്നു. ഈജിപ്തിൽ ധാരാളം ധാന്യമുള്ള വിവരം ജോസഫൻന്റന്റെ പിതാവു യാക്കോബ് അറിയുന്നു; അവൻ ഇക്കാര്യം മക്കളെ അറിയിക്കുന്നു. ‘ഈജിപ്തിൽ ധാന്യമുണ്ടെന്നു ഞാൻ കേട്ടു. നാം മരിക്കാതിരിക്കാൻ വേഗം അവിടെപ്പോയി നമുക്കുവേണ്ട ധാന്യം വാങ്ങി മടങ്ങി വരുവിൻ’ (42:2). അപ്പന്റെ നിർദ്ദേശപ്രകാരം മക്കളെല്ലാവരും തന്നെ ധാന്യം വാങ്ങാനായി ഈജിപ്തിലേക്കു പുറപ്പെടുന്നു.