ഇതിന്റെ ആരംഭത്തിൽ കാർമികൻ ബേസ്ഗസ്സയിൽ നിന്നും (ഓസ്തി വെച്ചിരിക്കുന്ന മേശ) കൈകൾ കഴുകിയതിനുശേഷം കരങ്ങൾ ആന്തരികമായും ബാഹ്യമായും ശുദ്ധിയുള്ളതാകാൻ) പീലാസ കൈകളിലെടുത്ത് നെറ്റി വരെ ഉയർത്തിപ്പിടിച്ചുകൊണ്ട് ബലി പീഠത്തിലേക്ക് വരുന്നു. അനന്തരം വലതു കൈയിൽ കാസയും ഇടതു കൈയിൽ പീലാസയും എടുത്ത് ഇടതു കൈ താഴെ വരത്തക്കവിധത്തിൽ കുരിശാകൃതിയിൽ ഉയർത്തിപ്പിടിക്കുന്നു.
അനന്തരം വൈദികൻ ഏറ്റുപറയുന്നു: നമ്മുടെ രക്ഷയ്ക്കു വേണ്ടിതന്നെത്തന്നെ ബലിയർപ്പിക്കുകയും തന്റെ പീഡാനുഭവ ത്തിന്റെ യും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെ യും ഓർമ്മ ആചരിക്കാൻ കൽപിക്കുകയും ചെയ്ത മിശിഹാ തന്റെ കൃപയാലും അനുഗ്രഹത്താലും ഈ കുർബാന നമ്മുടെ കരങ്ങളിൽ നിന്നു സ്വീകരിക്കുമാറാകട്ടെ. ആമ്മേൻ. ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ കൽപ്പന അനുസരിച്ച് (പീലാസകൊണ്ട് കാസയിൽ മൂന്നുപ്രാവശ്യം മുട്ടുന്നു) മിശിഹായുടെ സ്വർഗ്ഗത്തിൽ നിന്നുള്ള മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനം വരെ അവിടുത്തെ വിശുദ്ധ പീഠത്തിന്മേൽ സ്തുതിർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ സജ്ജീകരിക്കപ്പെടുന്നു. അവിടുത്തേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
ആദ്യത്തേത് പരമപ്രധാനമായ പ്രതിജ്ഞ ( തീരുമാനം, ഏറ്റുപറച്ചിൽ ദൃഢനിശ്ചയത്തോടും കൂടി ഒരു പ്രഖ്യാപനം )യാണ്. സ്രഷ്ടാവും രക്ഷകനും പരിപാലകനും പവിത്രീകരിക്കുന്നവനുമായ ദൈവത്തെ എപ്പോഴും എന്നേക്കും (അനവരതം, നിരന്തരം, ഇടവിടാതെ ) സ്തുതിക്കുക മനുഷ്യന്റെ സർവ്വപ്രധാനമായ കടമയാണ്.
അടുത്തഭാഗം പ്രാർത്ഥനയാണ്. അതിനുമുമ്പ് ചില സത്യങ്ങൾ ഏറ്റുപറയുന്ന കാർമികൻ. സകല “സന്നാഹ”ങ്ങളോടെ കൂടെ കാൽവറിയിൽ ഈശോ നാഥൻ സ്വയം നൽകിയത് എന്റെയും നിങ്ങളുടെയും രക്ഷയ്ക്ക് വേണ്ടിയാണ്. അവിടുത്തെ സ്വയം ബലിയുടെ സന്നാഹങ്ങളാണ് തന്റെ പീഡാനുഭവവും മരണവും സംസ്കാരവും ഉത്ഥാനവും. അന്ത്യ അത്താഴവേളയിൽ ഇവയുടെ ഓർമ്മ ആചരിക്കാൻ ഈശോ കല്പിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ കല്പനയാണ് പരിശുദ്ധ ദിവ്യബലിയുടെ മൂലക്കല്ല്. കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്,കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.1 കോറിന്തോസ് 11 : 23-26.
ഇപ്രകാരം നമ്മെ കൽപ്പിച്ച് അനുഗ്രഹിച്ച മിശിഹാ തമ്പുരാൻ തന്റെ കരുണയാലും ദയയാലും ഈ കുർബാന നമ്മുടെ കരങ്ങളിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ എന്ന് ആശംസിച്ചു പ്രാർത്ഥിക്കുകയാണ്.
അടുത്ത പ്രാർത്ഥനയുടെ പ്രാരംഭ ത്തിനും കാർമികൻ കർത്താവിന്റെ കൽപ്പന അനുസ്മരിക്കുന്നു.ഈ ആവർത്തനം കൽപ്പനയുടെ സ്ഥായിയായ പ്രാധാന്യമാണ് വ്യക്തമാക്കുക മിശിഹായുടെ രണ്ടാമത്തെ ആഗമനം(The Second Coming ) അനിഷേധ്യമായ സത്യമാണ്; ഈശോ തന്നെ വെളിപ്പെടുത്തി തന്നിരിക്കുന്ന സത്യം.മനുഷ്യപുത്രന് എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന് തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന് ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്തിരിക്കുന്നതുപോലെഅവന് അവരെ തമ്മില്‍ വേര്‍തിരിക്കും. അവന് ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു.അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്കിയതും എപ്പോള്‍?നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.അനന്തരം അവന് തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?അവന് മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്.ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര് നിത്യജീവനിലേക്കും പ്രവേശിക്കും.മത്തായി 25 : 31-46.
ഈശോയുടെ രണ്ടാമത്തെ ആഗമനം നീതിമാന്മാർക്കു പ്രത്യാശഭരിതവും നീതിരഹിതർക്ക് നിരാശാജനകവുമായിരിക്കും. മനുഷ്യപുത്രൻ (ദൈവവും മനുഷ്യനും ആയ ഈശോ )എല്ലാ ദൂതന്മാരോടുംകൂടെ മഹത്വപൂർണ്ണനായാണ് എഴുന്നള്ളി വരിക. ” തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ അവിടുന്ന് ഉപവിഷ്ട നാകും. അവിടുത്തെ തിരുമുമ്പിൽ സകല ജനതകളും ഒരുമിച്ചു കൂട്ടപ്പെടും “. ആ മഹാ നിമിഷംവരെ അവിടുത്തെ ബലിപീഠത്തിന്മേൽ ( അൾത്താരയിൽ) ഈ ദിവ്യരഹസ്യങ്ങൾ ഈശോയുടെ തിരുശരീരം രക്തങ്ങളാവാനുള്ള അപ്പവും വീഞ്ഞും അർപ്പിക്കപ്പെടും. ഈശോയുടെ തിരുശരീരവും തിരു രക്തവും ” സുത്യർഹ വും( സ്തുതിക്കപ്പെടേണ്ടത്) പരിശുദ്ധവും ജീവദായകവും ദൈവികവുമാണ്. ബലിപീഠത്തെ വിശുദ്ധമാക്കുന്നത് ഈശോയുടെ ബലി സാന്നിധ്യവും കൂദാശ സാന്നിധ്യവും പിതാവിന്റെയും പരിശുദ്ധാത്മാവിന്റെ യും സത്താപരമായ സാന്നിധ്യവുമാണ്.
സ്തുതികളിൽ വസിക്കുന്നവനും സകല സ്തുതികൾക്കും അർഹനുമാണ് ദൈവം. അതുകൊണ്ട് ദിവ്യകാരുണ്യം(ഈശോ ) സ്തുത്യർഹമാണ്. ദൈവം പരിശുദ്ധനാണ്. ദിവ്യകാരുണ്യവും, തന്മൂലം പരിശുദ്ധവുമാണ്. ദൈവം ജീവദായകനാണ്. അതുകൊണ്ട് ദിവ്യകാരുണ്യവും ദൈവീക ജീവന്റെ ദാതാവാണ്. ഇക്കാരണങ്ങളാൽ തന്നെ ദിവ്യകാരുണ്യം ഏറ്റം ദൈവികവും ആണ്. പരിശുദ്ധ കുർബാന ദൈവമാണ്. അതിനാൽ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും അവിടുത്തേക്ക് അർഹമാണ്. അവ അന്യൂനം കുറവുകൂടാതെ ഉണ്ടാവട്ടെ എന്നാണ് കാർമികൻ ആശംസിക്കുന്നത്, പ്രാർത്ഥിക്കുന്നത്.