ഒരിക്കലെങ്കിലും എന്തെങ്കിലും സംശയമുണ്ടാകാത്ത ആരും കാണുകയില്ല. ഏതൊരു നല്ല അധ്യാപകനും ഒരു പാഠഭാഗം കഴിയുമ്പോൾ കുട്ടികളോട് ചോദിക്കും, ഈ പാഠഭാഗത്തെക്കുറിച്ചു നിങ്ങള്ക്ക് എന്തെങ്കിലും സംശയമുണ്ടോ? ആരെങ്കിലും സംശയം ഉന്നയിച്ചാൽ അത് പരിഹരിച്ചതിനുശേഷമേ അദ്ദേഹം അടുത്ത പാഠഭാഗത്തേയ്ക്കു കടക്കുക.
ഈ ക്രിസ്മസ് കാലത്തു വായിക്കപ്പെടുന്ന വചനഭാഗത്തു ദൈവത്തിന്റെ ദൂതൻ നൽകിയ സന്ദേശം സംശയിച്ച ഒരാൾ സുവിദിതമാണ്. ദൈവത്തിന്റെ മുൻപിൽ നീതിനിഷ്ട്ടനും കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം പാലിച്ചിരുന്നവനുമായ മഹാപുരോഹിതൻ സഖറിയാസ്. അദ്ദേഹം സംശയിച്ചതുകൊണ്ടു കുട്ടി ജനിക്കുന്നത് വരെ അവൻ ഊമ്മനായി ഇരിക്കേണ്ടിവന്നു. പ്രവചനങ്ങൾ അറിയാമായിരുന്ന അദ്ദേഹം, ഒരു കുഞ്ഞിനായി പ്രാർത്ഥിച്ചിരുന്നു അദ്ദേഹം, വിശ്വാസം സുദൃഢമായിരിക്കുന്നതിൽ പരാജയപെട്ടു. അതുകൊണ്ടാണ് ശിക്ഷയുടെ രൂപത്തിൽ അദ്ദേഹത്തിന് അടയാളം നൽകപ്പെട്ടത്.
“ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ” (ലുക്കാ 1:34) എന്ന കന്യാമറിയത്തിന്റെ വാക്കുകൾ സംശയോദ്യോതകമല്ലേ എന്ന് തോന്നാം. ഈ അവസ്ഥയ്ക്ക് ഒരു നിസ്സഹായത എന്ന് വേണമെങ്കിൽ പറയാം. ദൈവത്തിനു എല്ലാം സാധ്യമാണെന്ന് അറിയാമായിരുന്നെങ്കിലും സന്ദേശത്തിലുൾച്ചേർന്നിരുന്ന മഹാരഹസ്യം മറിയത്തിനു മനസിലായില്ല. ഇങ്ങനെ ഒരു സ്ഥാനം ആഗ്രഹിക്കുകയോ അതിനായി പ്രാർത്ഥിക്കുകയോ ചെയ്യാത്ത ഒരാളുമായിരുന്നു ആ കന്യക.
മാലാഖയുടെ വിശദീകരണം വന്ന നിമിഷം തന്നെ ദൈവതിരുമനസ്സിനു പരിപൂർണമായി വിധേയയായി ഉദീരണം ചെയുകയും ചെയ്തു. “ഇതാ കർത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” (ലുക്കാ 1:38).
ദൈവതിരുമനസ്സിനു പൂർണമായി വിധേയയാവുക എന്നതാണ് ഒരു വിശ്വാസിയുടെ ഏറ്റം പ്രധാനപ്പെട്ട കടമ. വിശുദ്ധിയുടെ മാനദണ്ഡവും ഇത് തന്നെ.