പാപവിമോചനത്തെ പ്രായോഗികതലത്തിൽ സത്യാന്വേഷിക്ക് വ്യക്തമാക്കി കൊടുക്കുക – ഇതാണ് അടിസ്ഥാനപരമായി പൗരോഹിത്യ സ്വാന്തനോപദേശം. ഇവിടെ തിരുവചനങ്ങൾ ആവണം മാർഗദർശകമായി വർത്തിക്കുന്നത്; പരിശുദ്ധാത്മാവിന്റെ സാന്നിധ്യ സഹായങ്ങൾ അത്യന്താപേക്ഷിതവും.
ദൈവവചനം, ശരിക്കും, ആത്മാവും ജീവനുമാണ്.. വിശ്വാസവഴിയിൽ നിന്ന് വിട്ട് അകലുന്ന കത്തോലിക്കരിൽ ബഹുഭൂരിപക്ഷവും കല്പനകൾ അനുസരിച്ച് ജീവിക്കുന്നതിനുള്ള വൈമുഖ്യം കൊണ്ടാണ് അപ്രകാരം ചെയ്യുക. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ മനസ്സിലും മനസ്സാക്ഷിയിലും പരിശുദ്ധാത്മചൈതന്യം ഉദ്ദീപിപ്പിക്കുകയാണ് വൈദികർ ചെയ്യുന്നത്; ചെയ്യേണ്ടത്. മനസ്സാക്ഷിയെ പരിശുദ്ധാത്മാവ് ഉദ്ദീപിച്ച പല ദൃഷ്ടാന്തങ്ങളും അവർക്ക് കണ്ടെത്താൻ കഴിയും. ഈ പ്രക്രിയയിൽ മാർഗ്ഗനിർദ്ദേശനത്തിനു വൈദികൻ പരിപൂർണമായി ആശ്രയിക്കേണ്ടത് പരിശുദ്ധാത്മാവിൽ ആണ്. അവിടുന്നാണ് അസത്യത്തിൽ നിന്നും സത്യത്തിലേക്ക് അവനെ നയിക്കുന്നത്; ഇരുളിൽ നിന്ന് പ്രകാശത്തിലേക്കും അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്കും നയിക്കുന്നത്. മനസ്സാക്ഷിയെ കുറ്റബോധത്തിൽ നിന്ന് വിമുക്തമാക്കുന്നതും പരിശുദ്ധാത്മാവ് തന്നെ.
പരിശുദ്ധമായ ഹൃദയത്തിലും നല്ല മനസ്സാക്ഷിയിലും നിരന്തര രൂപംകൊള്ളുന്ന യഥാർത്ഥ സ്നേഹം ആണ് തിരുത്തലുകൾ നൽകാൻ പുരോഹിതനെ പ്രേരിപ്പിക്കുന്നതെന്ന് അനുതാപിക്കു ദൈവം വെളിപ്പെടുത്തി കൊടുക്കും(തിമോ 1:5). നമ്മുടെ കർത്താവ് അന്ത്യയത്താഴ വേളയിൽ തന്റെ പുരോഹിതർക്ക് വെളിപ്പെടുത്തി കൊടുത്ത പാപത്തിന്റെ ഗൗരവം പരിശുദ്ധാത്മാവിലൂടെയല്ലാതെ ആർക്കും തിരിച്ചറിയാനാവില്ല.