ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

Fr Joseph Vattakalam
1 Min Read

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ രക്ഷപ്പെടുക മിക്കവാറും അസാധ്യമാണ്. ആന്തരാവയവങ്ങൾ എടുക്കുകയോ അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിനോ കഠിനമായി ജോലി ചെയ്യിക്കുന്നതിനോ ഒക്കെയാണ് കുട്ടികളെ ഉപയോഗിക്കുക. പെൺകുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നവരുമുണ്ട്. അപരിചിതരോട് അടുക്കുന്നത് സൂക്ഷിച്ചുവേണമെന്നു ചുരുക്കം. തനിച്ചായിരിക്കുമ്പോൾ പ്രത്യേകിച്ചും.

നിങ്ങളുടെ ശരീരം ദൈവത്തിന്റെ വാസസ്ഥലമാണെന്നോർക്കണം. അതിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. നിങ്ങൾ കണ്ടുമുട്ടുന്നവരിൽ ചീത്തയാളുകളുണ്ടാവാം.അവർ നിങ്ങളെ ദുരുപയോഗിച്ചെന്നു വരാം. വിവേകപൂർവം അവരെ തിരിച്ചറിയണം. പ്രാവുകളെപോലെ നിനഷ്കളങ്കരും സർപ്പങ്ങളെപോലെ വിവേകികളുമായിരിക്കണം നമ്മൾ.

നിങ്ങളുടെ ശരീരത്തിൽ ആരെങ്കിലും തൊടുന്നത് നല്ല ഉദ്ദേശത്തോടെയോ ചീത്ത ഉദ്ദേശത്തോടെയോ ആകാം. അപരിചിതരല്ലാത്തവർ നിങ്ങളുടെ തലയിലോ തോളിലോ കവിളത്തോ കയ്യിലോ തലോടിയാൽ തടയേണ്ടതില്ല. എന്നാൽ നിങ്ങൾ വസ്ത്രം കൊണ്ട് മറയ്ക്കുന്ന ശരീരഭാഗങ്ങളിൽ തൊടുന്നത് ആരാണെങ്കിലും ചീത്തയാണ്. അവരുടെ അത്തരം ഭാഗങ്ങളിൽ നിങ്ങളെക്കൊണ്ട് തൊടുവിക്കുന്നതും തെറ്റാണു. അതേസമയം ആവശ്യമെങ്കിൽ ഡോക്ടര്ക്ക് ചികിത്സിക്കുകയും അച്ഛനമ്മമാർക്ക് കൊച്ചുകുട്ടികളെ കുളിപ്പിക്കാനും എവിടെയും തൊടാവുന്നതാണ്.

അച്ഛനമ്മമാരോ അടുത്ത ബന്ധുക്കളോ അല്ലാത്തവർ നിങ്ങളെ തലോടുന്നതോ ഉമ്മവയ്ക്കുന്നതോ അനുവദിക്കരുത്.

ഇങ്ങനെ ആരെങ്കിലും തെറ്റായി നിങ്ങളുടെ ദേഹത്ത് തൊടാൻ വന്നാൽ ഉടനെ എതിർത്ത് മാറിപോകുക. എന്നിട്ടും അടുത്തുവന്നാൽ ഉറക്കെ കരഞ്ഞു ആളുകളെ കൂട്ടുക. കൊല്ലുമെന്നുപറഞ്ഞാൽ പോലും പിടിക്കരുത്. അച്ഛനമ്മമാരുടെ അടുത്തെത്തിയാൽ ഉടനെ അവരെ വിവരമറിയിക്കണം.

മദ്യവും മയക്കുമരുന്നുകളും അപകടകാരികളാണെന്നു മിക്ക കുട്ടികൾക്കും അറിയാം. ബ്രൗൺ ഷുഗർ പോലുള്ള ചില മയക്കുമരുന്നുകൾ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽത്തന്നെ പിന്നീട് നിർത്താനാവാത്തവിധം അവയ്ക്കു അടിമയാകുന്നതാണ്‌. രക്തംവഴി വിഷാംശം തലച്ചോറിലെത്തി പ്രവർത്തനം തുടങ്ങുകയും മാരകമായ ലക്ഷണങ്ങൾ പുറപ്പെടുവിക്കുകയും ചെയുന്നു. സ്വയം രോഗം ഏറ്റുവാങ്ങുന്ന പുകവലിയെപ്പറ്റിയും അറിവുണ്ടാകും. കാൻസർ ഉൾപ്പടെ ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കി  ജീവിതം തകർത്തുകളയുന്ന കൊലയാളിയാണ് പാൻമസാല.

Share This Article
error: Content is protected !!