വിശ്വാസികൾക്ക് ആത്മാവിനു സാന്ത്വനമാണ് ഓരോ പുരോഹിതനും. പാപമോചനം നൽകുന്നതോടൊപ്പം അവർക്ക് പ്രത്യാശയും സമാധാനവും നൽകുവാൻ അവൻ അവിശ്രമം പരിശ്രമിക്കുന്നു. അവരെ ദൈവത്തിനുവേണ്ടി നേടാൻ ശ്രമിക്കുമ്പോൾ, സമർപ്പണം ചെയ്യുമ്പോൾ, അവരുടെ പോരായ്മകൾ ക്ക് അതീതമായ വിശുദ്ധി ദിവ്യ കവചമായി അവൻ അണയുന്നു, അണിയണം. ആത്മാവിലും ശരീരത്തിലും മനസ്സിലും എല്ലാം അവൻ അതു പേറുകയും പാലിക്കുകയും ചെയ്യുന്നു. ഇത് പുരോഹിതന്റെ ധർമ്മവും അതിനാൽ തന്നെ കർമ്മവും ആണ്. ഇവിടെ മിശിഹായുടെ മാതൃകയിൽ കുറഞ്ഞതൊന്നും തന്നെ മതിയാവുകയില്ല.
മിശിഹായുടെ വാക്കുകൾ എപ്പോഴും തന്റെ മനസ്സിൽ, മായാതെ, മറയാതെ അവൻ സൂക്ഷിക്കുന്നു.
” ഞാൻ ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല; മിശിഹായത്രേ എന്നിൽ ജീവിക്കുക ( ജഡം ഉണ്ടെങ്കിലും ഇല്ലാത്തത് പോലെയുള്ള ജീവിതം). എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെ തന്നെ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്ത ദൈവസുതനിൽ വഹിച്ചുകൊണ്ടുള്ള ജീവിതമാണ് ഇപ്പോൾ ഞാൻ ജീവിക്കുക”(ഗലാ 2:20).
തിരുബലിയുടെ ആഘോഷത്തിൽ നിത്യജീവനും ആയി തന്നെയാണ് പുരോഹിതൻ ഇടപഴകുന്നതും, സംവദിക്കുന്നതും. ഈശോ പ്രഖ്യാപിച്ച പരമസത്യം മനസ്സിലാക്കുമ്പോൾ ഈ പ്രക്രിയയുടെ മാനങ്ങൾ കൂടുതൽ വ്യക്തവും സുസ്പഷ്ടവുംമാവുകയും ചെയ്യും . ” നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും, അവന്റെ രക്തം കുടിക്കുകയും ചെയ്യാതിരുന്നാൽ നിങ്ങൾക്കു ജീവനില്ല. എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവനു നിത്യജീവൻ ഉണ്ട്. അവസാന നാളിൽ ഞാനവനെ ഉയർത്തുകയും ചെയ്യും”(യോഹന്നാൻ 6:53-54).
മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി കഠിനപരിശ്രമം നടത്തുന്ന പുരോഹിതന് ഒരു ‘ ജീവത്യാഗം’ ഉണ്ടെന്നു വ്യക്തം. പ്രകൃതിയിൽ തന്നെ ഇതിനു ഉദാഹരണങ്ങളുണ്ട്. പ്രകൃതിയിലെ ജീവജാലങ്ങൾ ജീവത്യാഗം ചെയ്തല്ലേ നമുക്കു ഭക്ഷണം ആവുക? പുരോഹിതൻ,
” ഉരുകിയുരുകിത്തീരും മെഴുകു തിരകൾ പോലെ ഞാൻ, അങ്ങേക്കായി, നിൻ ജനനത്തിനായി എരിയാം, കത്തിയെരിയാം, ഒരു ബലിയായി”….
അവന്റെ ശരീരത്തിൽ ജീവൻ( ദൈവിക ജീവൻ) പ്രസരിക്കുന്നു. ഈ ദിവ്യ സാന്നിധ്യമാണ് പുരോഹിതൻ അന്യനു പകർന്നു കൊടുക്കുന്നത്: ഒപ്പം ഏവർക്കും വെളിച്ചമാവുന്നു.