അഡ്രിയാൻ ചക്രവർത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രെഷ്യായിലെ മെത്രാൻ ഒളിവിലായിരുന്നു. തത്സമയം രണ്ട് കുലീന സഹോദരന്മാർ ഫൗസ്തീനൂസും ജോവിറ്റയും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷണത വിജാതീയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു; അചിരേണ പ്രസ്തുത വൈരാഗ്യം രണ്ടു സഹോദരന്മാരുടെയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന് വഴിതെളിച്ചു.
ഒരു വിജാതീയ വീരനായ ജൂലിയൻ അവരെ പിടിച്ച് തടങ്കലിലാക്കി. അഡ്രിയാൻ ചക്രവർത്തി അന്ന് ബ്രെഷ്യയിൽകൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അത് ജൂലിയന്റെ ഗർവ് വർധിപ്പിച്ചു. പലവിധ മർദ്ദനങ്ങളും ഭീഷണികളും പ്രയോഗിച്ചു ക്രിസ്തീയ വിശ്വാസം നശിപ്പിച്ചു ചക്രവർത്തിയെ പ്രസാദിപ്പിക്കാൻ ജൂലിയൻ കിണഞ്ഞു പരിശ്രമിച്ചു. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോൾ ഫൗസ്തീനൂസിന്റെയും സഹോദരന്റെയും തല വെട്ടിനീക്കാൻ ഉത്തരവുണ്ടായി. ബ്രെഷ്യാ നഗരത്തിന്റെ പ്രധാന മധ്യസ്ഥന്മാരാണ് ഈ രണ്ടു സഹോദര രക്തസാക്ഷികൾ. എല്ലാ മാർട്ടിറോളജികളിലും ഇരുവരുടെയും പേരുകൾ കാണുന്നുണ്ട്. ഒരു പ്രാചീന ദൈവാലയം അവരുടെ സ്മരണ നിലനിറുത്തിക്കൊണ്ടിരിക്കുന്നു.
ക്രിസ്തുവിന്റെ ചൈതന്യം രക്തസാക്ഷിത്വത്തിന്റെ ചൈതന്യമാണ്; പ്രായശ്ചിത്തത്തിന്റെയും ആശാനിഗ്രഹത്തിന്റെയും ചൈതന്യമാണ്. പാപത്തിന്റെയും മരണത്തിന്റെയും പ്രതീകമായ പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റണം. ശരീരത്തെ വേദനിപ്പിക്കുന്നവ ആത്മാവിനു ജീവൻ നൽകുന്നു. ശരീരത്തെ നിഗ്രഹിക്കുമ്പോൾ ആത്മാവ് തഴച്ചു വളരുന്നു. ദൈവസ്നേഹം ആശാനിഗ്രഹത്തിന്റെയും ക്ഷമയുടെയും അനുസരണയുടെയും എളിമയുടെയും ശാന്തതയുടെയും ചൈതന്യം നിവേശിപ്പിക്കുന്നു. സഹനം മധുരമാകുന്നു. ഭൗമികവസ്തുക്കളോടു ഒട്ടിപ്പിടിക്കാത്ത ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചു ജീവിക്കുന്നവർക്ക് നിത്യജീവന്റെ മാധുര്യം അനുഭവവേദ്യമാകും.
വിചിന്തനം: “മനുഷ്യർ എന്നിൽനിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുമ്പോൾ ഞാൻ ആനന്ദിക്കുന്നു. അവർ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ഞാൻ നൽകുന്നു” (വി മേക്കുടിൽഡിനോട് കർത്താവ് പറഞ്ഞ വാക്കുകൾ)