ഒരു വൈദികനും സ്നേഹം കൂടാതെ ജീവിക്കാനാവില്ല. സ്നേഹത്തിന്റെ അകമ്പടിയില്ലാതെ ദൈവസ്പന്ദം തികച്ചും അസാധ്യമെന്നു പരിശുദ്ധ അമ്മയ്ക്കും അറിയാമായിരുന്നു. പുരുഷനെ അറിയാതെ പുത്രനെ ലഭിക്കുക സാധാരണരീതിയിൽ, അസാധ്യമായിരുന്നു. ഈ തിരിച്ചറിവാണ് മാലാഖയോട് വിശദീകരണം തേടാൻ അമ്മയെ പ്രേരിപ്പിച്ചത്. മാതാവിന്റെ ചോദ്യത്തിനു മറുപടി സ്വർഗ്ഗത്തിന്റെ കൈവശം ഉണ്ടായിരുന്നു. ദൂതൻ മാതാവിന് മറുപടി നൽകുന്നു:” പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേലാ വസിക്കും”( ലൂക്ക 1: 35). പരിശുദ്ധ അമ്മയിൽ ഇറങ്ങിയ പരിശുദ്ധാത്മാവിന്റെ അഗ്നിയും, സ്നേഹവും തന്നെയാണ് വൈദികനിൽ അഭിഷേകത്തിലൂടെ ആവസിച്ചിറങ്ങുക. വൈദികന്റെ ബ്രഹ്മചര്യവും ആത്മീയ പിതൃത്വം ഒന്നായിത്തീരുന്നു; ഒന്നായി തീരണം. ഇതിന്റെ അനുഗ്രഹം ഫലപുഷ്ടി യും സ്നേഹപൂർണ്ണതയാലുള്ള ഉന്മാദവുമായ സായൂജ്യവും ആണ്.
വൈദികന്റെ സ്നേഹതലത്തോട് ചേർന്ന് നിൽക്കുന്നതും അതിന്റെ വ്യാപനവും ആണ് ശുശ്രൂഷ. മർക്കോ 10: 43 -45 അനന്യവും ആണ്. അവിടുന്ന് വ്യക്തമാക്കുന്നു: ” നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനും ആയിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാൻ അല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചന ദ്രവ്യമായി നൽകാനും അത്രേ”.
പരിശുദ്ധ മറിയത്തിന്റെ മാതൃത്വം പോലെ തന്നെ പുരോഹിതന്റെ പിതൃത്വവും മനുഷ്യവംശത്തോടു ഇഴചേർന്നാണ് നിൽക്കുക. ദൈവത്തിന്റെ തോഴി ആയിരിക്കെത്തന്നെ എലിസബത്തിന്റെ തോഴിയായും ഒരേസമയം വർത്തിക്കുവാൻ മറിയത്തിന് ശക്തി ലഭിച്ചത് താൻ ഉദരത്തിൽ സംവഹിച്ചിരുന്ന ദൈവത്തിൽ നിന്നാണ്. അമ്മ തന്നെയാണ് വൈദികന് അത്യുദാത്ത മാതൃക. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ, പ്രത്യാശയോടെ തന്നെ സ്നേഹിക്കുന്ന എല്ലാവരെയും, അവരിലൂടെ മാനവരാശിയെ മുഴുവൻ സ്നേഹിക്കാനും അവർക്ക് സ്നേഹ ശുശ്രൂഷ ചെയ്യാനും അവനു കഴിയുന്നു; കഴിയണം.
പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനം സ്നാപകനെ പരിശുദ്ധാത്മാവു കൊണ്ടു നിറച്ചതുപോലെ തീർച്ചയായും പ്രവർത്തിക്കുന്നത് ഈശോയാണ്. സ്വയം ബലിയായി ക്രിസ്തുവിനെ ഹൃദയത്തിൽ പേറുന്ന പുരോഹിതന്റെ സന്ദർശനവും സാന്നിധ്യവും ആത്മാക്കളെ വിശുദ്ധികരിക്കാൻ പര്യാപ്തമാണ്. (Cfr.തീത്തോസ് 3 :15).
സ്നേഹവും കരുണയും വഴിഞ്ഞൊഴുകുന്ന വൈദികൻ രോഗികളെ സന്ദർശിക്കുമ്പോൾ അവർക്ക് സ്വാന്തനം നൽകുമ്പോൾ നെഞ്ചോടോതി ചേർത്ത് ഈശോയെ സംവഹിച്ചുകൊണ്ട് സഞ്ചരിച്ചെത്തുമ്പോൾ, വിശ്വാസികളുടെ അടുത്തേക്ക്, അവരെ തേടി ചെല്ലുമ്പോൾ, ഈശോയെ വഹിച്ചുകൊണ്ട് എലിസബത്തിന്റെ ഭവനത്തിലേക്ക് നടന്നുനീങ്ങിയ പരിശുദ്ധ അമ്മയ്ക്ക് സമാനനാവുകയാണ് വൈദികൻ.