ഫ്രാന്സിസികൻ മൂന്നാം സഭയിലെ ഒരംഗമാണ് വി.കോൺറോഡ്. പിയാസെൻസെയിൽ എത്രയും കുലീനമായ ഒരു കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ചെറുപ്പത്തിലേ വിവാഹം കഴിച്ചു. ദൈവഭയത്തിൽ ജീവിക്കാൻ നിരന്തരം അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു.നായാട്ടു അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ഒരിക്കൽ തന്റെ സേവകരോട് ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഒരു കാട്ടുമൃഗത്തെ വെടിവയ്ക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. വെടിയുണ്ടയേറ്റ് കുറ്റിക്കാടിനു തീ പിടിക്കുകയും കാറ്റുനിമിത്തം തീ പടർന്നു അടുത്തുള്ള വയലുകളും വനങ്ങളും തീയിൽ ദഹിക്കുകയും ചെയ്തു. അഗ്നി പുറപ്പെട്ട സ്ഥലത്തു നിന്നിരുന്ന ഭിക്ഷുവാണ് തീ കൊടുത്തതെന്ന് കരുതി അയാളെ അറസ്റ്റുചെയ്യുകയും വിചാരണ നടത്തി കൊല്ലാൻ വിധിക്കുകയും ചെയ്തു.
സാധുഭിക്ഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോൾ ദുഃഖാർത്ഥനായ കോൺറോഡ് തന്റെ കുറ്റം ഏറ്റുപറഞ്ഞ് ആ ഭിക്ഷുവിനെ സ്വതന്ത്രനാക്കി. അഗ്നികൊണ്ട് നേരിട്ട നഷ്ടം പരിഹരിക്കാൻ കോൺറാഡിന്റെ വസ്തു മുഴുവനും കണ്ടുകെട്ടി. ദരിദ്രനായിത്തീർന്ന കോൺറോഡ് ഒരു കുടിലിൽ താമസമുറപ്പിച്ചു. ഭാര്യ ക്ലാര മഠത്തിൽ ചേർന്നു. കോൺറോഡ് ആദ്യം റോമയിലേക്കും അനന്തരം സിസിലിയിലേക്കും പോയി. മുപ്പതുവർഷം കഠിനതപസ്സിൽ കഴിച്ചു ദിവാങ്ങാത്തനായി.
1515 –ൽ പത്താം ലെയോൻ മാർപ്പാപ്പ നോട്ടോനഗരത്തിന് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കാൻ അനുമതി നൽകി. എട്ടാം ഉർബൻ മാർപ്പാപ്പാ പ്രസ്തുതാവകാശം ഫ്രാൻസിസ്ക്കൻ സഭയ്ക്ക് മുഴുവൻ അനുവദിച്ചു. കോൺറാഡിനെ ഔദ്യോഗിക നിലയിൽ നാമകരണം ചെയ്തിട്ടില്ലെങ്കിലും വിശുദ്ധനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫ്രാൻസിസ്ക്കൻ സഭയിൽ പണ്ടും അദ്ദേഹത്തിന്റെ തിരുനാൾ ഫെബ്രുവരി 19 നാണു കൊണ്ടാടിയിരുന്നതെന്ന് അറിയുന്നു. ഹെർണിയാ സുഖക്കേടുകാർ അദ്ദേഹത്തിന്റെ സഹായം അഭ്യർത്ഥിക്കാറുണ്ട്.
വിചിന്തനം: വി.കോൺറോഡ് വിവാഹിതനാണ്. വിവാഹം വിശുദ്ധിക്ക് തടസ്സമല്ല. ഭാര്യയിൽ പിരിയേണ്ട സാഹചര്യമുളവായപ്പോൾ അതിലും അദ്ദേഹം സന്തുഷ്ടി പ്രകാശിപ്പിച്ചു. ദാരിദ്ര്യമാണ് അദ്ദേഹത്തെ തപോജീവിതത്തിലേക്കാകർഷിച്ചത്. ഭാഗ്യപ്പെട്ട ദാരിദ്ര്യമേ എന്ന് നമുക്ക് പറയാൻ കഴിയുമോ?