സ്വർഗ്ഗീയ പിതാവായ ദൈവമേ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ!
നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്, ഈ ഭൂമിയിൽ തന്നെ പ്രതിനിധീകരിക്കാൻ ഒരു വിശുദ്ധൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവിടുന്ന് ഈ പ്രിയപ്പെട്ട വിശുദ്ധനിൽ തനിക്ക് നിക്ഷേപിക്കാനാവുന്ന സകലവിധ കൃപകളും ചൊരിയുകയും തന്റെ യോഗ്യതയുള്ള പ്രതിനിധിയാവാൻ അദ്ദേഹത്തിന് ആവശ്യമുള്ളവയെല്ലാം കൊടുത്ത് അദ്ദേഹത്തെ (യൗസേപ്പിതാവിനെ) ഒരുക്കുകയും ചെയ്തു. വി. പീറ്റർ ജൂലിയാൻ
ദൈവപിതാവ് ഓരോ വിശ്വാസിയേയും അത്യധികം സ്നേഹിക്കുന്നു. നിന്നെ രക്ഷിക്കാനും ദൈവപൈതൽ ആക്കാനും വേണ്ടി തന്റെ ഓമന സുതനെ അവിടുന്ന് അയച്ചു. അങ്ങനെ മിശിഹായിലൂടെ നിനക്ക് പുത്രനടുത്ത ബന്ധം ദൈവ പിതാവിനോട് ഉണ്ടാവുകയും അങ്ങനെ നീ അവിടുത്തെ ‘ആബാ പിതാവേ’ എന്ന് നിലവിളിച്ച് കരയാൻ പ്രാപ്തനാകുകയും ചെയ്തു.
ഒരു ദൈവപൈതലാകാനാണ് നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിന്റെ അസ്തിത്വത്തിന്റെ ഉദ്ദേശ്യവും അതുതന്നെ. നീ ദൈവത്തിൽ നിന്നു വന്നു. നീ ഇവിടെ ആയിരിക്കുന്നത് അവിടുന്നിലേക്ക് മടങ്ങി പോകാനാണ്. അവിടുന്നിൽ എത്തിച്ചേരാൻ നിനക്ക് ഒരേ ഒരു വഴിയേ ഉള്ളൂ. അവിടുത്തെ ഏകജാതനായ ഈശോമിശിഹാ. അവിടുന്ന് പറഞ്ഞു: ” വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല “(യോഹന്നാൻ 14: 6 ). മാനവരാശിയെ പിതാവിന്റെ അടുക്കലേക്ക് നയിക്കാൻ ശക്തിയുള്ളവൻ അവിടുത്തെ പൊന്നോമനമകൻ മാത്രം.
എങ്കിലും ദൈവത്തിന്റെ കരുണാർദ്രസ്നേഹപദ്ധതി പ്രകാരം നിന്റെ ആത്മീയ യാത്രയിൽ, പരിശുദ്ധ അമ്മയ്ക്ക് എന്നതുപോലെ തന്നെ യൗസേപ്പിതാവിനും സവിശേഷമായ പങ്കുണ്ട്. യൗസേപ്പിതാവിനോടുള്ള നിന്റെ പ്രതിഷ്ഠ നിന്നിൽ ദൈവ പിതാവിന്റെ സാന്നിധ്യം വർദ്ധമാനമാക്കും. ഈ ഭൂമിയിലെ അവിടുത്തെ ഏക പ്രതിനിധിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മേൽക്കൂരയ്ക്ക് കീഴിൽ തന്റെ ഏക മകനായി ഈശോ വളർന്നു . അവിടുന്ന് “അവർക്ക് വിധേയനായ ജീവിച്ചു,… ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു “( ലൂക്ക. 2 :51,52).തന്റെ ഭൗമിക പിതാവിനെ ഈശോ സ്നേഹിച്ചു, അനുസരിച്ചു, അനുകരിച്ചു ; യൗസേപ്പിതാവിന്റെ മകനായി അറിയപ്പെടുന്നതിൽ ആനന്ദിച്ചു. ദൈവപിതാവിന്റെ പദ്ധതിപ്രകാരം ഈശോയ്ക്ക് യൗസേപ്പിതാവിനെ ആവശ്യമായിരുന്നെങ്കിൽ എത്രയോ അധികമായി അദ്ദേഹത്തിന്റെ സഹായം എനിക്കും നിങ്ങൾക്കും ആവശ്യമായിരിക്കുന്നു!.
നിത്യപിതാവിന്റെ സ്ഥാനത്തു നിൽക്കാനാണ് യൗസേപിതാവ് തെരഞ്ഞെടുക്കപ്പെട്ടത്. നീ നിന്നെത്തന്നെ സസന്തോഷം യൗസേപ്പിതാവിനു പ്രതിഷ്ഠിച്ചാൽ അദ്ദേഹം ഈശോയ്ക്ക് വേണ്ടി ചെയ്തതെല്ലാം നിനക്കുവേണ്ടിയും ചെയ്യും. അദ്ദേഹത്തെ നിന്റെ ആത്മീയ പിതാവായി സ്വീകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ട്. സ്വർഗ്ഗ പിതാവിന്റെ നിഴലാണ് യൗസേപ്പിതാവ്. തന്റെ സ്വർഗ്ഗീയ പിതാവിന്റെ ഭൗമികഛായയായ അദ്ദേഹത്തെ നീയുമായി ‘പങ്കുവയ്ക്കാൻ’ ഈശോയും ആഗ്രഹിക്കുന്നു. അദ്ദേഹം നമ്മുടെ സ്നേഹനിധിയായ ആത്മീയ അപ്പനാകണമെന്നതാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
യൗസേപ്പിതാവ് എങ്ങനെ ഈശോയുടെ മേലുള്ള പിതൃത്വം അഭ്യസിച്ചുവോ (നിരവധി വിശുദ്ധർ ഈ സത്യം പഠിപ്പിച്ചിട്ടുണ്ട് ) അതുപോലെ നമ്മുടെ പിതാവായിരിക്കാൻ വിശുദ്ധ യൗസേപ്പിതാവിനു വലിയ സന്തോഷമാണ്. ഈശോയ്ക്കു താൻ നൽകിയ അതേ പിതൃ സ്നേഹവും അധികാരവും കാണിച്ച അതേ വിശ്വസ്തതയും കൊണ്ട് എന്നെയും നിങ്ങളെയും സംരക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ദൈവ ദാസിയായ് സിസ്റ്റർ മേരി മാർത്തയോട് വിശുദ്ധ യൗസേപ്പിതാവിനെ പിതാവ് എന്ന് വിളിക്കാൻ ഈശോ ആവശ്യപ്പെട്ടു. ” തിരുമുറിവുകളുടെ മിസ്റ്റിക് ” എന്നാണ് അവൾ അറിയപ്പെടുന്നത്. അവളോട് ഈശോ പറഞ്ഞു :” നീ വിശുദ്ധ യൗസേപ്പിതാവിനെ പിതാവ് എന്ന് വിളിക്കണം. എന്തെന്നാൽ ഒരു പിതാവിന്റെ നന്മകളും പദവിയും ഞാൻ അദ്ദേഹത്തിനു പ്രധാനം ചെയ്തിട്ടുണ്ട്.
പ്രതിഷ്ഠ
ഒരു പിതാവിന്റെ എല്ലാ നന്മകളും പദവിയും ഉള്ള യൗസേപ്പിതാവേ, സസന്തോഷം, സവിനയം, സസ്നേഹം എന്നെത്തന്നെ ഞാൻ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. തിരുക്കുടുംബത്തിലെ പൈതലും വിനീത ദാസനുമായി എന്നെ അങ്ങു സ്വീകരിക്കേണമേ! എല്ലാ നേരവും, പ്രത്യേകിച്ച്, എന്റെ മരണസമയത്തും എന്നെ കാത്തു സംരക്ഷിക്കേണമേ! ഒരിക്കലും എന്നെ കൈവിടരുതേ! ഈശോയുടെയും അങ്ങയുടെ മണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും ദിവ്യസാന്നിധ്യം കൊണ്ട് എന്നെ ബലപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യണമേ ! അങ്ങനെ അങ്ങയോടൊപ്പം സദാകാലവും ഞാൻ പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ! ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.