യുഗ യുഗാന്തരം ആയി മാനവരാശിക്കൊരു ചോദ്യചിഹ്നം ആയിരുന്നു, നീതിമാനും സത്യസന്ധനുമായ ദൈവം എന്തുകൊണ്ട് ലോകത്ത് തിന്മ അനുവദിക്കുന്നു? ദൈവത്തിന്റെ നീതി സത്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ലേ ലോകത്ത് നിലനിൽക്കുന്നത്?. ഹബക്കൂക് പ്രവാചകന്റെ പ്രമേയം ഇതുതന്നെ. വിനയാന്വിതനായി അവൻ ദൈവത്തോട് തന്നെ ഈ ചോദ്യം ഉന്നയിക്കുന്നു. അവിടുന്ന് മറുപടിയും നൽകുന്നു. നീതിമാൻ തന്റെ വിശ്വാസം കൊണ്ട് ജീവിക്കുന്നു. ഹൃദയത്തിൽ നീതി ഇല്ലാത്തവർ പരാജയപ്പെടുക തന്നെ ചെയ്യും. അതായത് ലോകത്ത് കാണുന്ന വൈരുദ്ധ്യങ്ങൾ കണ്ട്, അവൻ ദൈവത്തെ ഒരിക്കലും തള്ളി പറയുകയില്ല. പ്രത്യുത ദൈവം തന്റെ പദ്ധതി അനാവരണം ചെയ്യുന്ന കാലം വരെ കാത്തിരിക്കും. ദൈവമറിയാതെ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് ക്ഷമയോടെ ദൈവിക പദ്ധതിയോട് സന്തോഷം സഹകരിക്കുകയാണ് വേണ്ടത്. നീതിമാന്മാരെ ദൈവം ഒരിക്കലും കൈവിടുകയില്ല. എന്നാൽ എപ്പോഴെല്ലാം ലോകത്ത് അനീതിയും അധർമവും തിന്മയും നടക്കുന്നുവോ അപ്പോഴെല്ലാം ദൈവം അവയ്ക്കെതിരായി ലോകത്തിൽ ഇടപെടുന്നില്ല. കാരണം അവിടുന്ന് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നതുതന്നെ. തക്ക സമയങ്ങളിൽ അവിടുന്ന് ഇടപെട്ട് ലോകത്തെ മുമ്പോട്ടു നയിക്കും. അന്തിമവിജയം ദൈവത്തിന് തന്നെയായിരിക്കും. ദൈവിക പദ്ധതിയോട് സഹകരിക്കുകയാണ് മനുഷ്യന് ഏറ്റവും അഭികാമ്യമായുള്ളത്. ഹബക്കൂക്കിന്റെ പ്രവചനത്തിലെ പ്രധാന പ്രമേയവും ഇതുതന്നെയാണ്.
ഹബക്കുക്കിന് ദൈവത്തിൽ, അവിടുത്തെ സ്നേഹത്തിൽ, കാരുണ്യത്തിൽ,കരുതലിൽ ഉള്ള വിശ്വാസം നിരുപമമാണ്. തന്റെ കാലുകൾ പതറുമ്പോഴും, ശരീരം വിറയ്ക്കുമ്പോഴും, അസ്ഥികൾ ഉരുകുമ്പോഴും പ്രവാചക ശാന്തഗംഭീരനായ പ്രഖ്യാപിക്കുന്നു. ഹബക്കൂക് 3 :17 -19.
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.
ഹബക്കുക്ക് 3 : 17
എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
ഹബക്കുക്ക് 3 : 18
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.
ഹബക്കുക്ക് 3 : 19
ഹബക്കൂക്കിനും തത്തുല്യമായ ചിന്തിക്കുന്നവർക്കും സഖറിയ പ്രവാചകൻ ഉത്തരം നൽകുന്നു. അനു താപത്തിന് ആഹ്വാനവുമായാണ് സഖറിയ പ്രവചനം ആരംഭിക്കുക. അനുതപിക്കാൻ തയ്യാറാകാത്തപ്പോഴാണ് ദൈവം തന്റെ കോപം ശിക്ഷയാക്കി മാറ്റുന്നത്, തന്റെ സഹജമായ കരുണ കാണിക്കാതിരിക്കുന്നത്. ദൈവം പ്രവാചകന് വെളിപ്പെടുത്തുന്നു; തങ്ങളുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് മടങ്ങിവരാൻ യഹൂദജനം തയ്യാറായാൽ( ഏതൊരു ജനവും വ്യക്തിയും) അവിടുന്ന് തന്റെ അനുഗ്രഹങ്ങൾ വാരിവിതറി കൊണ്ട് അവരുടെ അടുത്തേക്ക് മടങ്ങും എന്നാണ്.
പ്രവാചകനു ഉണ്ടായ പ്രഥമ ദർശനത്തിന്റെ സന്ദേശം സ്വാന്തനം ആണ്. ഏശയ്യ 40 :1 ലും ആശ്വാസത്തിന്റെ സന്ദേശം നാം കാണുന്നു. അതോടൊപ്പം യഹോവ ജെറുസലേം ദൈവാലയം പുനരുദ്ധരിക്കുമെന്നും യൂദാ നഗരങ്ങൾ വീണ്ടും പണിയെപെടുമെന്നും യൂദായുടെയും ജെറുസലമിന്റെയും പ്രതാപം വീണ്ടെടുക്കും എന്നുമുള്ള ഉറപ്പും ഈ ദർശനത്തിൽ നിന്ന് ലഭിക്കുന്നു. സഖറിയ 1 :14 -17. ദൈവത്തിന്റെ ഒരു പുതിയ അരുളപ്പാട് ഉൾക്കൊള്ളുന്നു. ഇത് പ്രവാചകൻ ജനങ്ങളോട് പ്രഖ്യാപിക്കണം.താഴെ പറയുന്ന കാര്യങ്ങളാണ് അരുളപ്പാടിലുള്ളത്.
ജെറുസലേമിനെയും സീയോനെയും പ്രതി യഹോവ അത്യധികം അസഹിഷ്ണുവായിരിക്കുന്നു. യൂദായുടെ അയൽരാജ്യങ്ങളോട് അവിടുത്തേക്ക് വലിയ രോഷം ഉണ്ട്. കാരണം, അവിടുത്തെ കോപത്തെ മുതലെടുത്ത് അവർ യൂദയ്ക്കു വലിയ അനർത്ഥങ്ങൾ വരുത്തി.
മഹാ കരുണ തോന്നി അവിടുന്ന് ജറുസലേമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അവിടുന്ന് അവിടെ തന്റെ ആലയം പണിയുകയും, പട്ടണത്തെ പുനരുദ്ധരിക്കുകയും ചെയ്യും. കർത്താവ് ജറിസലേമിനെ വീണ്ടും തെരഞ്ഞെടുക്കുകയും സിയോനെ ആശ്വസിപ്പിക്കുകയും ചെയ്യും. കാരണം, അവിടുന്ന് അനുവദിച്ചതിൽ വളരെ കൂടുതൽ നഷ്ടങ്ങളാണ് ശത്രുക്കൾ തന്റെ സ്വന്തം ജനത്തിന് വരുത്തിയത്. അവർ തന്റെ ജനത്തിനു എതിരെ കടുത്ത മുതലെടുപ്പ് നടത്തി. പേര് പറയുന്നില്ലെങ്കിലും ഏദോമിനെതിരെയാണ് യഹോവ തന്റെ തീരുമാനം അറിയിക്കുന്നത്.
കാരുണ്യവാനായ കർത്താവ് രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കും. യഹുദാ ജനം ശിക്ഷിക്കപ്പെട്ടതൊക്കെ അവരെ തന്റെ സ്നേഹത്തിലേക്കും കരുണ യിലേക്കും കരുതിലിലേക്കുമൊക്കെ മടക്കിക്കൊണ്ടുവരാൻ ആണ്. ഇതിന് തിരുവചനത്തിൽ വിശിഷ്യാ പഴയനിയമത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടല്ലോ.