പാപത്തെക്കാൾ നല്ലതു മരണം

Fr Joseph Vattakalam
1 Min Read

ഓരോ മനുഷ്യനും അതീവ ജാഗ്രതയോടെ മനസ്സിൽ പതിപ്പിക്കേണ്ട ഒരു മഹാസത്യമുണ്ട്. സർവ സ്വതന്ത്രമായി അവൻ സ്വയം സ്വർഗ്ഗമോ നരകമോ തെരെഞ്ഞെടുത്ത മതിയാവു. ഇത് അവന്റെ, അവന്റേതു മാത്രം, തെരഞ്ഞെടുപ്പാണ്. ശാശ്വതമായ ഒരു തെരെഞ്ഞെടുപ്പ്. പാപത്തോടും പാപസാഹചര്യങ്ങളോടും അവൻ എന്നേക്കുമായി വിടപറഞ്ഞു പരിപൂർണ വിശുദ്ധീകരണം പ്രാപിച്ചാൽ, അവൻ സ്വർഗ്ഗത്തിലെത്തും. മറിച്ചു പ്രവർത്തിച്ചാൽ അവൻ നരകാഗ്നിയിൽ നിപതിക്കും. ഇതും അവന്റെ മാത്രം തെരെഞ്ഞുടുപ്പാണ്. അനുനിമിഷം നടക്കുന്ന തെരെഞ്ഞുടുപ്പാണ് ഇതെന്ന് പറയാം. 

ഈ സത്യം പൂർണമായും ഗൗരവമായും മനസ്സിലാക്കിയവരാണ് വിശുദ്ധർ. അവർ ബോധപൂർവം നിശ്ചയദാർഢ്യത്തോടെ, നന്മ തെരെഞ്ഞെടുത്തു. ഇതിനു അവർ കൊടുത്ത വില വളരെ വലുതും ബലിയുടെ മൂല്യമുള്ളതുമാണ്. “പാപത്തെക്കാൾ നല്ലതു മരണ”മെന്നത് എന്നും എക്കാലവും അവരുടെ മുദ്രവാക്യമായിരുന്നു. വിശുദ്ധിയുടെ പാലനത്തിനായി, അലക്സാണ്ടർ കഠാര കൊണ്ട് ഏൽപ്പിച്ച 14  ഗുരുതരമായ മുറിവുകളും, മരിയ ഗോരേറ്റ സധൈര്യം ഏറ്റുവാങ്ങി. അലക്സാണ്ടർ വീണ്ടും വീണ്ടും നെഞ്ചത്തും വയറ്റിലും ആഞ്ഞു കുത്തികൊണ്ടിരുന്നപ്പോഴും അവൾക്കു പറയാനുണ്ടായിരുന്നത് “അലക്സാണ്ടർ അത് പാപമാണ് ചെയ്യരുതേ” എന്ന് മാത്രമായിരുന്നു. തന്റെ ജീവനെകുറിച്ചല്ല, അലക്സാണ്ടർ പാപം ചെയ്തു നരകത്തിൽ പോകുമെന്നതിനെകുറിച്ചായിരുന്നു മരിയയുടെ ചിന്തയും ഉത്ക്കണ്ഠയും. വേദനകൊണ്ടു പുളഞ്ഞു, മരണത്തോട് മല്ലടിക്കുമ്പോഴും അവൾ ഒരു കൈകൊണ്ടു തന്റെ വസ്ത്രം ശരീരത്തോട് ചേർത്തുപിടിച്ചു കാൽമുട്ടിന് താഴെ അവൾ എത്തിച്ചുകൊണ്ടിരുന്നു. ശാരീരികവും ആത്മീകവുമായ വിശുദ്ധിയെക്കുറിച്ചുള്ള അവളുടെ ബോധ്യം എത്ര അഗാധം!

മരണവേദന താണ്ഡവ നൃത്തം ആടുന്ന വേളയിൽ മരിയ വൈദികനോട് പറഞ്ഞത് “ഞാൻ അലക്സാണ്ടറോട് പൂർണമായി ക്ഷമിച്ചു” എന്നാണ്. ബോധം കെടുത്താതെയായിരുന്നു ഓപ്പറേഷൻ. അങ്ങനെയാണ് പലയിടങ്ങളിലായി മുറിഞ്ഞിരുന്ന കുടൽ തുന്നിക്കെട്ടിയതു. ക്ഷമ, സ്നേഹ സന്തോഷങ്ങളോടെയാണ് ആ ധീര രക്തസാക്ഷി വിജയകിരീടം സ്വന്തമാക്കാൻ, ഈശോയുടെ ചാരത്തേയ്ക്കു പറന്നുപോയതു! പാപത്തെക്കാൾ നല്ലതു മരണം എന്നൊരു തെരെഞ്ഞുടുപ്പു നടത്താതെ ഒരു വിശുദ്ധനോ വിശുദ്ധയോ ജനിക്കുകയില്ല.

Share This Article
error: Content is protected !!