വ്യക്തിഗത വിലാപത്തിന്റെ ഗണത്തിൽപ്പെടുന്നു മുപ്പത്തിഒൻപതാം സങ്കീർത്തനവും. ഏറ്റവും മനോഹരം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. മാനവ ഹൃദയത്തിന്റെ സങ്കടം നിഗൂഢമായ ആവലാതിയാണ് ഇതിൽ നാം കാണുക. സർവാംഗ സുന്ദരം സർവ്വാംഗ സങ്കട കരവും എന്ന വിരോധാഭാസവും ഇവിടെയുണ്ട്. നിസ്സഹായതയും ബലഹീനതയും പാപവും പ്രതിയോഗികൾ ആയി അരയും തലയും മുറുക്കി പടയണി ഉയർത്തുമ്പോൾ ദൈവീകമായ നിസ്സംഗത പാലിച്ചു പാരപരനിൽ പ്രത്യാശ അർപ്പിച്ചു മുന്നേറുകയേ മനുഷ്യന് മാർഗ്ഗമുള്ളൂ.
39 :1- 3 സാധകന്റെ ഒരു സുചിന്തിത തീരുമാനമാണ്. ” പാപം ചെയ്യാതിരിക്കാൻ ഞാനെന്റെ വഴികൾ ശ്രദ്ധിക്കും… നാവിന് ഞാൻ കടിഞ്ഞാൺ ഇടും “(വാ.1). ശത്രുക്കൾ മൂലമാണ് അവൻ ഈ തീരുമാനം എടുക്കുന്നത്.
അവൻ മൂകനും നിശബ്ദനുമായിരുന്നു. പക്ഷേ ആ നിശബ്ദത നിഷ്ഫലം ആയതേയുള്ളൂ. അവന്റെ ദുഃഖം വർദ്ധിച്ചു കൊണ്ടേയിരുന്നു. അവന്റെ ഹൃദയം തപിച്ചു “. അത് അസഹനീയമായി ( കത്തിജ്വലിച്ചു ). അപ്പോൾ അവൻ ദൈവത്തോട് സംസാരിച്ചു. സഹന ത്തിന്റെ കാഠിന്യത്തിൽ സാധകന്റെ ഹൃദയം, പുകഞ്ഞ് അത് വിലാപത്തിൽ പൊട്ടിത്തെറിക്കുന്നു.
പൊട്ടിത്തെറി പ്രാർത്ഥനയായി പരിണമിക്കുന്നു.” കർത്താവേ അവസാന (സഹനത്തിന്റെ) മെന്തെന്നും എന്റെ ആയുസ്സിന്റെ ദൈർഘ്യം എത്ര എന്നും എന്നെ അറിയിക്കണമേ!”. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും വെളിപ്പെടുത്തണം എന്നാണ് പ്രാർത്ഥന. മരണ നാഴിക യെ കുറിച്ച് അറിയാനും ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. മനുഷ്യജീവിതത്തിലെ പൊരുൾ വെളിപ്പെടുത്തി കിട്ടണമെന്ന് ചുരുക്കം.
തന്റെ ജീവിതത്തിന് ഇനി “ഏതാനും അംഗുലം” മാത്രമേ ദൈർഘ്യം ഉള്ളൂ എന്നാണ് ഭക്തന്റെ നിഗമനം . ” എന്റെ ജീവിത കാലം അങ്ങയുടെ ദൃഷ്ടി ശൂന്യ പ്രായമായിരിക്കുന്നു “( വളരെ കുറച്ച് സമയമേ ഇനി അവൻ ഉള്ളൂ ). മനുഷ്യന്റെ നിസ്സാരതയും അവന്റെ അധ്വാനങ്ങളുടെ ഫലശൂന്യതയും അമിത സമ്പത്തിന്റെ വ്യർത്ഥയും എല്ലാം അതിസുന്ദരമായി കാവ്യാത്മകമായി കോറിയിട്ടിരിക്കുന്നത് ശ്രദ്ധിക്കൂ.
ഇതാ അവിടുന്ന് എന്റെ ദിവസങ്ങൾ ഏതാനും അംഗുലം മാത്രം ആക്കിയിരിക്കുന്നു. എന്റെ ജീവിത കാലം അങ്ങയുടെ ദൃഷ്ടിയിൽ ശൂന്യപ്രായമായിരിക്കുന്നു.
മനുഷ്യൻ ഒരു നിശ്വാസം മാത്രം!
മനുഷ്യൻ നിഴൽ മാത്രമാണ്. അവന്റെ ബദ്ധപ്പാട് വെറുതെയാണ്. മനുഷ്യൻ സമ്പാദിച്ചു കൂട്ടുന്നു ;
ആരാ അനുഭവിക്കും എന്ന് അവൻ അറിയുന്നില്ല.
അതേ മനുഷ്യൻ ഒരു ശ്വാസം മാത്രം. (4-6) സമ്പത്ത് സ്വരൂപിച്ച് വെക്കുന്നത് വ്യർത്ഥമാണ്( പ്രയോജനരഹിതമാ ണ് ). മനുഷ്യാസ്തിത്വത്തിന്റെ നൈമിഷികതയുടെയും നിസ്സാരതയുടെയും മുമ്പിൽ കർത്താവിന്റെ ശക്തമായ ഇടപെടലും അവിടുത്തെ കാരുണ്യവുമാണ് സങ്കീർത്തകൻ കൊതിച്ച് പ്രാർത്ഥിക്കുന്നത്.
39: 7- 11 ഏതാനും വിശദാംശങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രാർത്ഥനയാണ്. ഒരു കാര്യം വ്യക്തം സാധകന്റെ പ്രത്യാശ കർത്താവിലാണ് (വാക്യം 7). ജീവന്റെ പ്രത്യാശയിൽ നിലനിർത്താനും വളർത്താനും അവന് പ്രാർത്ഥിക്കുന്നു . മരണത്തിൽ അവസാനിക്കുന്ന നൈമിഷികമായ ഈ ജീവിതത്തിന്റെ ശൂന്യതയിലൂന്നിയാണ് സങ്കീർത്തകൻ അപേക്ഷിക്കുന്നത്. കർത്താവിൽ നിന്ന് മാത്രമേ സഹായം ലഭിക്കുകയുള്ളൂ എന്നും അവന് തീർച്ചയാണ് . ദൈവത്തിന്റെ ശിക്ഷയേറ്റവനെ ശത്രുക്കൾ ഇടംവലം അധിക്ഷേപിക്കുന്നു. അവർക്കുള്ള മറുപടിയാണ് പരിപൂർണ്ണ മൗനം. അനുഗ്രഹമായ ദൈവിക പ്രവർത്തി (ശിക്ഷ)യുടെ മുമ്പിൽ കരുണയ്ക്കായി കേണപേക്ഷിക്കുകയാണ് അവൻ. രോഗം തന്റെ പാപത്തിനന്റെ ശിക്ഷ ആണെന്ന് അവൻ വിശ്വസിക്കുന്നു. അനുതാപത്തോടും പ്രത്യാശയോടും ആണ് അവന്റെ പ്രാർത്ഥന.
12-13 തീഷ്ണമായ പ്രാർത്ഥന തന്നെയാണ്. ” കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ….. നിലവിളി ചെവികൊള്ളേണമേ!…. കണ്ണീരൊഴുക്കുമ്പോൾ അടങ്ങി ഇരിക്കരുതേ!” കർത്താവിന്റെ ലോകത്ത് വിദേശിയും പ്രവാസിയും ആയ താൻ ക്ഷണികനായ ക്ഷണിക നേരത്തെ അതിഥിയാണ്. അവസാന അപേക്ഷ വിചിത്രം എന്ന് തോന്നാമെങ്കിലും,അർത്ഥം വ്യക്തമാണ്. ശിക്ഷിക്കുന്ന സാന്നിധ്യം,കോപത്തോടെ ഉള്ള നോട്ടം, ഇപ്പോൾ ഭാരമായി തീർന്നിരിക്കുന്നു. അവിടുത്തെ കൈകൾ പിൻവലിച്ചു രക്ഷിക്കേണമേ എന്നാണ് സാധകനെ ഇവിടുത്തെ അപേക്ഷ.
ദൈവത്തോട് മറുതലിക്കാൻ പോന്ന മാനസിക-ശാരീരിക വ്യവസ്ഥകളാണ് സങ്കീർത്തകന്റെത്. എങ്കിലും പ്രത്യാശയോടെ,നിശബ്ദനായി, എല്ലാം സഹിക്കുന്നു. പ്രത്യാശയിൽ നിലനിൽക്കാനുള്ള അനുഗ്രഹം അവൻ പ്രാർത്ഥിക്കുന്നുണ്ട്.
നന്മ ആഗ്രഹിക്കുന്നവർ നല്ല തീരുമാനങ്ങൾ എടുക്കുകയും തദനുസരണം പ്രവർത്തിക്കുകയും വേണം. ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത് നാവു തന്നെയാണ്. നന്മ പറയാൻ മാത്രമേ നാവു ഉപയോഗിക്കാവൂ. പറയുന്നത് “അതെ, അതെ” എന്നോ “അല്ല,അല്ല “എന്ന് ആയിരിക്കട്ടെ. അതിലുപരിയായി ഉള്ളതെല്ലാം ദുഷ്ടനിൽ നിന്ന് (സാത്താനിൽ നിന്നു) വരുന്നു( മത്തായി 3: 37. നിത്യതയുടെ മുമ്പിൽ ഈ ലോകത്തിലെ മനുഷ്യജീവിതം വെറുമൊരു നിഴലോ നിശ്വാസമോ മാത്രം.
ദൈവ ഭക്തിയിലൂടെ ഇരുളടഞ്ഞ സാഹചര്യങ്ങളെ പോലും അതിജീവിച്ചു, പ്രത്യാശ യിലേക്കും പ്രമോദത്തിലേക്കും ചെന്നെത്താൻ സാധിക്കും. മഹാപാപങ്ങൾ പോലും ഉത്തമ മനസ്താപത്തോടെ ഏറ്റുപറഞ്ഞ് രക്ഷപ്രാപിക്കാൻ ആവും. ഏതു സഹനത്തിലും ദൈവതിരുമനസ്സിന് നാം കീഴ് വഴങ്ങണം. സസന്തോഷം സഹിക്കാനുള്ള കൃപയ്ക്കായി തീക്ഷ്ണതയോടെ പ്രാർത്ഥിക്കണം. ദൈവത്തിൽ കണ്ണുനട്ട് കരയുക.
ദൈവം എല്ലാം അറിയുന്നു എന്നതുകൊണ്ട് നിരന്തരം പ്രാർത്ഥിക്കുന്നതിൽനിന്ന് സഹന ദാസർ പിന്തിരിയരുത്. ഇവിടുത്തെ സഹനം കർത്താവിനോട് കൂടെ നിത്യം ആയിരിക്കാൻ സഹായിക്കും. എപ്പോഴും ഒരുക്കം ഉള്ളവരായിരിക്ക ന്നവർ ഭാഗ്യവാന്മാർ.