ജനങ്ങളിൽനിന്ന് വരുന്നവനാണ് പുരോഹിതൻ; തെരഞ്ഞെടുക്കപ്പെട്ടവനു മാണ്. അതുകൊണ്ടു തന്നെ അവരുമായി പലതലങ്ങളിലും ബന്ധപ്പെടേണ്ടി വരും; സഹഭാവം പുലർത്തേണ്ട വരും. എന്നാൽ, അവൻ ‘ഇഹ’ത്തിന്റേതല്ലതന്നെ. അതിന്റെ താളലയങ്ങൾക്കു വിധേയപ്പെടാനും പാടില്ല. ഇഹത്തിന്റെ കെട്ടുകൾ അവൻ പൊട്ടിച്ചേ മതിയാവൂ. നിത്യപുരോഹിതന്റെ വാക്കുകൾ ഇവിടെ സുപ്രസക്തവും വ്യക്തവുമാണ്. “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ചു തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ “. (മത്താ 16:24)
ഒരു വൈദികൻ പതിവായി ഇടപഴകുന്ന സ്ഥലങ്ങളിൽ, പ്രവൃത്തികളിൽ, പങ്കുചേരുന്ന ആഘോഷങ്ങളിൽ, സംസാരിക്കുന്ന ഭാഷയിൽ, ധരിക്കുന്ന വസ്ത്രങ്ങളിൽ എല്ലാം ഒരു വ്യത്യസ്ത, ഒരു ലാളിത്യം, പൗരോഹിത്യത്തിന് ചേർന്ന അച്ചടക്കം, ഒക്കെ കാണികൾക്ക് തോന്നുന്നുവെങ്കിൽ മാത്രമേ അവൻ ലോകദൃഷ്ടിയിൽ അഭിലക്ഷണീയൻ, അംഗീകരിക്കപ്പെടുന്നവൻ ആവുകയുള്ളൂ. എങ്കിൽ മാത്രമേ ലോകം അവന്റെ വ്യക്തിത്വത്തെ ഭാവാത്മകമായി ശ്രദ്ധിക്കുകയുള്ളൂ. അവൻ ലോകത്തുനിന്ന് വേർതിരിക്കപ്പെടുന്നത് ദൈവത്തോട് “ഒട്ടി നിൽക്കാ”ൻ വേണ്ടിയാണ്.
ഭൗതികമായ പദവിയും പ്രതാപവും തേടിപ്പോകുന്നത് പുരോഹിത സ്ഥാനത്തിന് ഒട്ടും ചേർന്നതല്ല. ശാന്തശീലനും വിനീത ഹൃദയനും തലചായ്ക്കാൻ ഇടമില്ലാതിരുന്നവനും മരണത്തോളം അതെ, കുരിശു മരണത്തോളം അനുസരണ വിധേയനുമായവനാണ് അവന്റെ നാഥനും ദൈവവും രാജാവും കർത്താവുമായ ഈശോ. പലതും ബോധപൂർവ്വം പരിത്യജിക്കേണ്ടി വന്നവനാണ് പുരോഹിതൻ. അവൻ ലോകത്തിന്റെതല്ല ദൈവത്തിന്റെതാണ്. മറ്റാരെക്കാളും അധികം അവൻ “ആദ്യം ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കേണ്ടിയിരിക്കുന്നു”(മത്താ 6:33).