പരമ പിതാവിന്റെ ആജ്ഞക്കു പരിപൂർണ്ണമായി സ്വയം വിധേയനായാണ് ഈശോ സ്വർഗ്ഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായതു. ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സ്വർഗ്ഗപിതാവിന് എല്ലാ മക്കളുടെയും പ്രതീക സാക്ഷ്യമായി( രക്ഷകൻ, മധ്യസ്ഥൻ);രണ്ടു, സഹോദരങ്ങൾക്കു ഹൃദയാലുവായ പിതാവും. അതുകൊണ്ടാണ്, മുമ്പ് അർപ്പിക്കപ്പെട്ട ഒരു ബലി ആടിനും കഴിയാത്തവിധം അവിടുത്തേക്ക് ഒരേസമയം, പുരോഹിതനും ബലിയും ( ബലിവസ്തുവും)ആകാൻ കഴിയുന്നത്. ശരീരം കൊണ്ട് മാത്രമല്ല, ആത്മാവു കൊണ്ടും കൂടിയാണ് അവിടുന്നു ബലി ആയത്. ” എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു”( മർക്കോസ് 14: 34). ആന്തരികവും ബാഹ്യവുമായ( ആത്മീയ- ശാരീരിക) ബലി യാഗങ്ങൾ ഒന്നായി നിവർത്തിക്കപ്പെട്ട ദൃഷ്ടാന്തം വേറെ ഏതുള്ളൂ !
ഓരോ പുരോഹിതനും പരാപരന്റെ തിരുഹൃതത്തിനു പൂർണ്ണമായും സ്വയം, സാകല്യത്തിലും വിധേയനായി ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആവാൻ കഴിയുന്നു. രണ്ടുകാര്യങ്ങളാണ് ഇവിടെയും സംഭവിക്കുക.. ഒന്ന്, അവൻ സ്വർഗ്ഗപിതാവിനു ദൈവമക്കളുടെ പ്രതീക സാക്ഷ്യമാവുന്നു; രണ്ടു, സഹോദരങ്ങൾക്കു സ്നേഹമയിയായ പിതാവും. ഈ ബലി സാക്ഷ്യം ആത്മ ശരീരങ്ങൾ കൊണ്ടു തന്നെയാണ് അവനും നിർവഹിക്കുന്നത്. ഇപ്രകാരം സ്വയം ബലിയായി, പാപികളായ വിശ്വാസികളെ അന്തരാത്മാവിൽ ചേർത്തുപിടിച്ച്, തന്നെ തന്നെ അവരുടെ ആത്മ രക്ഷയ്ക്കായി സമർപ്പിക്കുന്നു. അങ്ങനെ അവൻ രക്ഷകന്റെ പൗരോഹിത്യത്തിന്റെ പിന്തുടർച്ച എത്തിപ്പിടിക്കുന്നു. യഥാർത്ഥത്തിൽ ഈശോയേയും, തന്നെത്തന്നെയും ഏകീഭവിക്കുന്നു.
പൗരോഹിത്യവും സ്വയം ബലിയും ഒന്നിച്ച് ചേരുന്നു. ജനങ്ങളുടെ ഇടയിൽ, അവരുടെ ദുഃഖ ദുരിതങ്ങളിൽ ക്രിസ്തുവിന്റെ പുരോഹിതൻ രക്ഷകനായി എത്തുന്നു. ഉദാഹരണത്തിന്, ഭക്ഷണവും ദാഹജലവും ലഭിക്കാതെ ശാരീരികമായി വലഞ്ഞു, മാനസികമായി ഉലഞ്ഞു കഴിയുന്ന തന്റെ ജനങ്ങൾക്ക് ഭക്ഷണവും ദാഹജലവും സ്നേഹ- ആശ്വാസങ്ങളും ആയി തിടുക്കത്തിൽ എത്തുമ്പോൾ, പുരോഹിതൻ, സത്യത്തിൽ, സ്വയം ബലിയായി മാറുകയല്ലേ!
വിശുദ്ധ മദർ തെരേസ ഈ വസ്തുത അവിസ്മരണീയവും അർത്ഥസമ്പുഷ്ടവും ബലിമാനത്തിലും അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക.
വിശക്കുന്നവനെ മുൻപിൽ ദൈവം അപ്പമായി അവതരിക്കണം.
ദാഹിക്കുന്നവന്റെ മുമ്പിൽ ജലമായി,
രോഗിയുടെ മുമ്പിൽ സൗഖ്യമായി,
വേദനിക്കുന്നവന്റെ മുമ്പിൽ ആശ്വാസമായി….