ദൈവത്തിന്റെ ആകർഷണവലയത്തിൽ സകല സൃഷ്ടി ജാലങ്ങളും മനുഷ്യനും ഒന്നിക്കുമ്പോൾ, ഏശയ്യ പ്രവചിച്ച പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും(11:6) അനുഭവം മനുഷ്യനുണ്ടാകും. പുതിയ നിയമത്തിൽ ഈശോ പഠിപ്പിച്ച “ദൈവരാജ്യം” പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും പൂർണ്ണരൂപം ആയി കണക്കാക്കാം… 2 കോരി 5 :17ൽ പൗലോസ് പറയുന്നതുപോലെ ” മിശിഹായിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ പുതിയത് വന്നു കഴിഞ്ഞു”. ഈ പുതിയ സൃഷ്ടിയെ കുറിച്ചാണ് എന്നെന്നേക്കുമായി ഞാൻ നിന്നെ അനുഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാൻ സ്വീകരിക്കും. വിശ്വസ്തതയിൽ നിന്നെ ഞാൻ സ്വന്തമാക്കും. കർത്താവിലൂടെ നിന്നെ അറിയും എന്ന് ഹോസിയയിലൂടെ കർത്താവ് വ്യക്തമാക്കുന്നത്.
വഴിതെറ്റിയ ഇസ്രായേലിനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്ന, ഇസ്രായേലിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന, അവളോട് മഹാ കരുണ കാണിക്കുന്ന കർത്താവിനെ, ആകർഷണീയമായ വാക്കുകളിലൂടെയും വാഗ്ദാനങ്ങളിലൂടെയും അവളെ വശീകരിക്കുന്ന ഒരു പ്രിയതമനെ ആണ് ഹോസിയ ചിത്രീകരിക്കുന്നത്. ഇതിനെ ഭാവാത്മകത ഉത്തമഗീതത്തിന്റെ ഭാവം തന്നെയാണ്.പക്ഷേ ഇത് ഏകപക്ഷീയമാണ്. ഇസ്രായേൽ യഹോവയുടെ ആകർഷണവലയം ഭേദിച്ച് പുറത്തായി. എങ്കിലും അവിടുന്ന് പ്രതീക്ഷ കൈവെടിയാത്ത ഒരു കാമുകനെപോലെ അവളെ അനസ്യൂതം അനുധാവനം ചെയ്യുന്നു. തന്റെ വിധി പ്രഖ്യാപനത്തിലൂടെ നഷ്ടമാക്കിയത് ദൈവം തന്നെ തന്റെ കരുണയിലൂടെ പുനസ്ഥാപിക്കുന്നു. ഒരിക്കൽ താൻ തന്നെ നാശംവിതച്ച് ആഘോർ താഴ്വരയെ ദൈവം വീണ്ടും പ്രത്യാശയുടെ കവാടമായി മാറ്റുന്നു.
ഹോസിയ 2:16ൽ തന്റെ ജനത്തിന്റെ മനസ് ദൈവം തന്നെ വായിച്ചെടുക്കുന്നു. ” നീ എന്നെ നിന്റെ പ്രിയതമൻ എന്ന് വിളിക്കും”. ഹോസിയ യുടെ ഈ പ്രവചനത്തിൽ യഹോവയ്ക്കു തന്റെ ജനത്തോടുള്ള കരുണാദ്ര സ്നേഹം, ഊഷ്മള സ്നേഹം പൂർണ്ണമായി നിഴലിക്കുന്നുണ്ട്, നാശനഷ്ടത്തിലൂടെയും പ്രവാസങ്ങളിലൂടെയും ഇസ്രായേലിനെ നയിച്ച് ഫല സമൃദ്ധമായ ഒരു സ്ഥലം തന്റെ ജനത്തിനു വേണ്ടി ദൈവം ഒരുക്കുന്നു. തന്റെ വിധി പ്രഖ്യാപനത്തിലൂടെ എടുത്തു മാറ്റപ്പെട്ട തും ദൈവം തന്നെ, തന്റെ കരുണ യിലൂടെ പുനസ്ഥാപിക്കുന്നു. ഒരിക്കൽ ഇസ്രായേലിന് നഷ്ടപ്പെട്ട തൊക്കെ കർത്താവ് കരുണ തോന്നി തിരികെ നൽകുന്നു.
അവിശ്വസ്തത എത്ര അഗാധം ആണെങ്കിലും ശാഠ്യം എത്ര അസഹ്യം ആണെങ്കിലും അഹങ്കാരം എത്ര അക്ഷന്തവ്യം ആയി തോന്നിയാലും വിഗ്രഹാരാധന ഉച്ചാവസ്ഥയിൽ എത്തിയാലും അനുതപിച്ചാൽ തന്നോട് നിലവിളിച്ചാൽ ചാക്കുടുത്തു ചായംപൂശി ഉപവസിച്ച് പ്രാർത്ഥിച്ചാൽ മനസ്സു മാറ്റി ജനത്തെ, വ്യക്തികളെ, നിരുപാധികം ക്ഷമിച്ച് മഹാ കരുണ കാണിക്കുന്ന ദൈവത്തെയാണ് പ്രവാചകന്മാർ എല്ലാവരും വരച്ചു കാട്ടുക. ജനം തന്നെത്തേടി ഒരു കാതം നടക്കുമ്പോൾ തോണ്ണൂറ്റൊൻപതു കാതവും നടന്ന് അവരുടെ അടുത്തെത്തി അവരെ ആശ്വസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കരുണാർദ്ര സ്നേഹം എത്ര അഗാധം! എത്ര അവർണ്ണനീയം!