“തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില് യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന് എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
അവന് ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല” (യോഹ. 7 : 37-39).
യഹൂദരുടെ സുപ്രധാന തിരുനാളുകളിൽ ഒന്നായിരുന്നു കൂടാരത്തിരുനാൾ. ആ വർഷത്തെ പ്രസ്തുത തിരുനാളിൽ അവസാനത്തെ മഹാദിനത്തിലാണ് ഈശോ ഉദ്ധൃതഭാഗത്തുള്ള ആഹ്വാനം നടത്തിയത്. അവിടുന്ന് എഴുന്നേറ്റ് നിന്ന് ശബ്ദം ഉയർത്തി പറഞ്ഞത് :
” ആർക്കെങ്കിലും ദാഹിക്കുന്നു എങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ”(7:37).
എല്ലാ മനുഷ്യരിലും (ദൈവത്തിനു വേണ്ടിയുള്ള )ഒരു ദാഹം ഉണ്ട് എന്ന് ഈശോ ഇവിടെ സൂചിപ്പിക്കുന്നു. ഈ ദാഹം ശമിപ്പിക്കാൻ ശക്തനായവൻ താൻ മാത്രമാണെന്ന് ഈശോ ഇവിടെ വെളിപ്പെടുത്തുന്നു. മറ്റാർക്കും മറ്റൊന്നിനും ഈ ദാഹം ശമിപ്പിക്കാനാവില്ല. ഈ നിത്യ സത്യമാണ് ആഗ്ലെയ കവി ഫ്രാൻസിസ് തോംസന്റെ ‘സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി’ (The Hound of Heaven ) എന്ന ‘മിസ്റ്റിക് കവിത’ വ്യക്തമാക്കുന്നത്.
എന്നും നിലനിൽക്കുന്നതും നിത്യവുമായ (ദൈവം മാത്രം) ഒന്നിനുവേണ്ടിയുള്ള ദാഹമാണത്. ഈ ദാഹം ശമിപ്പിക്കാൻ കഴിയുന്നവനും ശമിപ്പിക്കുന്നവനും പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. പരിശുദ്ധത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവിനെയാണ് ‘ജീവജലം എന്ന് വിശേഷിപ്പിക്കുന്നത്. ” അവിടുന്ന് ഇത് പറഞ്ഞത് തന്നെ വിശ്വസിക്കുന്നവർ സ്വീകരിക്കാൻ ഇരിക്കുന്ന പരിശുദ്ധാത്മാവിനെ കുറിച്ചാണ്. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ അതുവരെയും ഈശോ മഹത്വീകരിക്കപ്പെട്ടിരുന്നില്ല (7:39).
ഈ അരൂപിയെ നൽകിയാണ് ദൈവം ആദ്യമ മനുഷ്യനെ സൃഷ്ടിച്ചത്.
” ദൈവമായ കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്ര ങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായി ത്തീർന്നു (ഉല്പ. 2 :7). എന്നാൽ പാപം ചെയ്തതിലൂടെ ഈ അരൂപി അവനു നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ഈ അരൂപിയെ ഈശോമിശിഹായിലൂടെ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ രക്ഷാകര പ്രവർത്തിയിലൂടെ അവന് വീണ്ടും കിട്ടി. അപ്രകാരം വീണ്ടും നൽകപ്പെട്ട ഈ ആത്മാവിനെയാണ് (അരൂപി)മിശിഹായുടെ നിശ്വസനത്തിലൂടെ ശിഷ്യന്മാർക്ക് കൈവന്നു.അവരുടെയും അവരുടെ പിൻഗാമികളുടെയും കൈവെപ്പു വഴി തലമുറതലമുറ ഈ ആത്മാവ് കൈമാറ്റപ്പെടുന്നു.ഉത്ഥാനന്തരം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട ഈശോ ” അവരുടെ മേൽ നിശ്വസിച്ചു കൊണ്ട് അരുളി ചെയ്തു:” നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (യോഹ.20:22).
ഈശോയും പിതാവും ഒന്നായതു കൊണ്ട് [ഞാനും പിതാവും ഒന്നാണ് യോഹ. 10: 30] ഇരുവരുടെയും നിശ്വ സനത്തിന്റെ ഫലം പരിശുദ്ധാത്മാവാണ്. തന്മൂലം പരിശുദ്ധാത്മാവിനെ നൽകുന്നവൻ ഈശോയാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെയാണ് തന്റെ പക്കൽ വന്ന് പരിശുദ്ധാത്മാവിനെ( ജീവജലം) പാനം ചെയ്യാൻ ഈശോ എല്ലാവരെയും ക്ഷണിക്കുന്നത്.
പിതാവ്,പുത്രൻ ഒന്നായിരിക്കുന്നത് പോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് – പരമപരിശുദ്ധ ത്രിത്വം. “സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും”നമ്മുടെ വിശ്വാസത്തിന്റെ പരമപ്രധാന ‘രഹസ്യ’മാണ്.