ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.
വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം ദിവസം അതായത് ജനുവരി മാസം അഞ്ചാം തീയതി ആയിരുന്നു. അതു ക്രിസ്തുവർഷം നാല്പതും ആ ദിനത്തിൽ പരിശുദ്ധ മാതാവിനോട് വിശുദ്ധ യോഹന്നാൻ തങ്ങൾക്കു പുറപ്പെടാനുള്ള സമയമായി എന്നറിയിച്ചു. അന്നേ ദിവസത്തേക്ക് ഒരു കപ്പലിൽ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും തയാറാക്കിയിരുന്നു. പരിശുദ്ധ അമ്മ പൂർണ്ണമായ അനുസരണയോടെ മുട്ടുകുത്തി പ്രാർത്ഥിക്കുകയും കർത്താവിനോട് സെഹിയോൻ ഊട്ടുശാല വിട്ട് യാത്ര പുറപ്പെടാൻ അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവൾ ആ മാളികയുടെ ഉടമസ്ഥനോടും അവിടുത്തെ അന്തേവാസികളോടും വിട ചൊല്ലി. ആ മനുഷ്യർക്ക് ഈ യാത്രാമൊഴികൾ ഏറെ നൊമ്പരം ഉളവാക്കിക്കാണും എന്നു നമുക്ക് സങ്കല്പിക്കാൻ കഴിയും. എന്തെന്നാൽ അവരെല്ലാം ആ അമ്മയുടെ സ്നേഹനിറവിനാലും അവളോടുള്ള ഭക്തിയാലും ബന്ധിതരായിരുന്നു.
അവ ളുടെ മാധുര്യമൂറുന്ന വാക്കുകളും ആ ഉദാരകങ്ങൾ വഴി തങ്ങൾക്കു ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളും അവർക്കു മറക്കാൻ കഴിയുമായിരുന്നില്ല. ഇതാ ഇപ്പോൾ പൊടുന്നനവേ അവളുടെ സാന്ത്വനസാന്നിധ്യവും അനർഘനിധിയായ ആ വരദാനങ്ങളുടെ തേനരുവി യും അവർക്കു നഷ്ടമാകാൻ പോകുന്നു. അവരെല്ലാം അവൾക്കൊപ്പം അവളെ അനുഗമിക്കാൻ മുന്നോട്ടു വന്നു. അവർ അവളോട് എത്രയും വേഗം മടങ്ങിവരണമെന്നും അവൾക്കായി പൂർണ്ണമായും വിട്ടുകൊടുക്കപ്പെട്ടിരിക്കുന്ന ഈ ഭവനത്തെ ഉപേക്ഷിച്ചുകളയരുതെന്നും അഭ്യർത്ഥി ച്ചു. ആ മനുഷ്യർ തന്നോടു പ്രദർശിപ്പിച്ച ഭക്തിയും സ്നേഹവും അവർ സമർപ്പിച്ച ആശംസകളും ഓർത്ത് അമ്മ അവർക്കെല്ലാം നന്ദി പറഞ്ഞു. അവൾ തന്റെ എളിയ സ്നേഹം അവരെ അറിയിച്ചു. അവർക്കു പ്രത്യാശ നല്കിക്കൊണ്ട് താൻ തിരികെ വരുമെന്നു സൂചിപ്പിക്കുകയും ചെയ്തു.