പാവപ്പെട്ട ഒരു കർഷകനായിരുന്നു അയാൾ. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലായിരുന്നു അയാൾക്ക്. മറ്റുള്ളവരുടെ വയലുകളിൽ പകലന്തിയോളം അയാൾ പണിയെടുത്തു . കഷ്ടിച്ച് പട്ടിണി കൂടാതെ കുടുംബം പുലർത്തി. എങ്കിലും സമ്പൽസമൃദ്ധമായ ഒരു നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ അയാൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.
ഒരുദിവസം വയലിലെ ചേറിനടിയിൽ നിന്നും കറുത്തിരുണ്ട ഭാരമുള്ള ഒരു ലോഹ പ്രതിമ കർഷകൻ കണ്ടു . കാര്യമായ താൽപര്യമൊന്നും കർഷകന് അതിനോട് തോന്നിയില്ല. വീട്ടുമുറ്റത്തെ പഴയ വസ്തുക്കൾ ക്കിടയിൽ അയാളത് നിക്ഷേപിച്ചു. കാറ്റും മഴയും കൊണ്ട് അത് അവിടെ കാലങ്ങളോളം കിടന്നു.
ഒരുദിവസം പഴയ ആക്രി സാധനങ്ങൾ വാങ്ങാൻ വന്നയാൾ മറ്റു വസ്തുക്കൾ ക്കൊപ്പം അതും വാങ്ങി . കർഷകന് ഏതാനും ചില്ലറത്തുട്ടുകൾ പ്രതിഫലം കിട്ടി. കച്ചവടക്കാരൻ ഭാരമുള്ള ആ ലോഹ പ്രതിമ നന്നായി തേച്ച് മിനുക്കി കഴുകി തുടച്ചെടുത്തു. അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. കോടികൾ വിലമതിക്കുന്ന ഒരു സ്വർണ്ണ പ്രതിമ ആയിരുന്നു അത്.
കൈയിൽകിട്ടിയ തങ്ക കട്ടിയുടെ വില അറിയാതെ പോയ പാവം കർഷകനെ പോലെയാണ് നമ്മൾ പലപ്പോഴും. എത്രയോ വിലയേറിയ നമ്മുടെ ജീവിതമാണ് പാപ ത്തിന്റെ പാഴ്ചേറിൽ കറുത്തിരുണ്ടു കിടക്കുന്നത്. ദൈവം നമ്മോട് ചോദിക്കുന്നു.
” സ്വർണ്ണം എങ്ങനെ മങ്ങിപ്പോയി “? തങ്കത്തിന് എങ്ങനെ മാറ്റം വന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകൾ വഴിക്ക വലയ്ക്കൽ ചിതറിക്കിടക്കുന്നു. സിയോന്റെ അമൂല്യരായ മക്കൾ തങ്ങളുടെ തൂക്കത്തിന് ഒപ്പം തങ്കത്തിന്റെ വില ഉള്ളവർ, കുശവന്റെ മൺപാത്രങ്ങൾ പോലെ ഗണിക്കപ്പെട്ടതെങ്ങനെ?”(വിലാ 4:1-2)
നമ്മുടെ ജീവിതങ്ങൾ ഈ ലോകത്തിന്റെ പാപ മാലിന്യങ്ങളിൽ പെടാതെ കാത്തുസൂക്ഷിക്കണം. ഓരോ ദിവസവും നമ്മുടെ ആത്മാവിലും മനസ്സിലും ശരീരത്തിലും പറ്റിയ പാപ മാലിന്യങ്ങളെ അനുതാപത്താലും പ്രാർത്ഥനയാലും കഴുകി വെടിപ്പാക്കിക്കൊണ്ടിരിക്കണം. അനുദിന ദിവ്യബലി അർപ്പണം ത്തിലൂടെ, തിരുവചന വായനയിലൂടെ, ജപമാല പ്രാർത്ഥനയിലൂടെ നമ്മുടെ ജീവിതങ്ങളെ പാപമാലിന്യം ഏശാതെ കാത്തു സൂക്ഷിക്കാൻ കഴിയും. സകലത്തേയും നവീകരിക്കുന്ന ദൈവത്തിന്റെ സ്നേഹം നമ്മെ പുതിയ സൃഷ്ടികൾ ആക്കും.
നമുക്ക് പ്രാർത്ഥിക്കാം
സ്നേഹപിതാവായ ദൈവമേ! എന്നെ പുത്തൻസൃഷ്ടിയാക്കാൻ ജീവന്റെ അപ്പമായ പരിശുദ്ധ കുർബാനയും എന്നെ സൗഖ്യമാക്കാൻ തിരുവചനങ്ങളും ദിവ്യത്മാവിന്റെ നിറവിൽ എന്നെ കാത്തുപരിപാലിക്കാൻ ജപമാലയും തന്നതിനെ ഓർത്ത് ഞാൻ അങ്ങയെ ആരാധിക്കുന്നു .
ഓ! അമ്മേ മാതാവേ അമ്മയുടെ കരങ്ങളോടെ ചേർത്തുപിടിച്ച് ഇന്നുമുതൽ ജപമാല അർപ്പിക്കാൻ എന്നെ അനുഗ്രഹിക്കണമേ!