ഒരിക്കലും പുരോഹിതൻ അല്ല ഏറ്റവും മികച്ചവൻ. ആയിരുന്നെങ്കിൽ, സുവിശേഷത്തിലെ അധികാരം അത്രയും ദൈവാത്മാവിൽ നിഷിപ്തമായിരിക്കുന്നതിനുപകരം പുരോഹിതരിൽ ചേർന്നിരിക്കു മായിരുന്നു. കാഴ്ചയിൽ അപ്പമായി തോന്നുമ്പോഴും ഫലത്തിൽ അത് ഈശോയാണ്, സാക്ഷാൽ ദൈവം തന്നെയാണ്. (ദൈവം നമ്മോടുകൂടെ -Emmanuel ). സ്വയം താഴ്ത്തുന്ന വൈദികൻ ഉയർത്തപ്പെടുന്ന ക്രിസ്തു ആകുന്നു. ഈശോ പുരോഹിതനോട് അടുക്കുംതോറും അവൻ കുറയുകയും ഈശോ അവനിൽ വളരുകയും ചെയ്യും. ഈ അവസ്ഥയിൽ വളർന്നുകൊണ്ടേ യിരിക്കുന്നതാണ് സാക്ഷാൽ പൗരോഹിത്യത്തിന് ഉദാത്തത വിശുദ്ധിയും. ഈ അവസ്ഥയിൽ പുരോഹിതന്റെ അഭിപ്രായങ്ങൾക്കും ചെയ്തികൾക്കും പ്രാധാന്യം, പ്രാമുഖ്യം കുറയുന്നതായി അവനും കരുതരുത്. യഥാർത്ഥത്തിൽ അവൻ പൗരോഹിത്യ ആദ്ധ്യാത്മികതയിൽ ആഴപെട്ടു വളരുകയാണ്. ” ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിതൻ ആയിരിക്കുന്നു. ഇനിമേൽ ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്”( ഗലാത്യർ 2: 20).
മിശിഹായുടെ (നീതിസൂര്യന്റെ ) ഉച്ചസ്ഥിതത്തിൽ അഹംഭാവങ്ങൾ നിലനിൽക്കുന്നില്ല. ശിഷ്യ ത്രയത്തിനു താബോറിൽ സംഭവിച്ചത് തന്നെ ചെറുതാകുന്ന, ശൂന്യനാകുന്ന, എളിമ പെടുന്ന അവസ്ഥ പുരോഹിതനിലും സംഭവിക്കും.
സമൂലമായ ഒരു മാറ്റം, രൂപാന്തരീകരണം. പത്രോസിന്റെ വാക്കുകളും പ്രതികരണവും ഈ വസ്തുത വ്യക്തമാക്കുന്നവയാണ്. ആ വാക്കുകൾ വായിച്ചിട്ടുള്ള ആർക്കും വിസ്മരിക്കാനാവില്ല. ഈശോ രൂപാന്തരപ്പെട്ടത് കണ്ട് വിസ്മയ സ്തിമിതനായ പത്രോസ് നിർന്നിമേഷനായി ഉദ്ഘോഷിക്കുന്നു. “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്; നിനക്ക് സമ്മതമെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്നും മോശയ്ക്ക്, ഒന്ന് ഏലിയക്ക് (മത്താ 17: 14).
പത്രോസിന്റെ പ്രഖ്യാപനം പല പ്രധാന ദൗത്യങ്ങളും വെളിപ്പെടുത്തുന്നു. 1. സ്വയം മറക്കുന്നു (ശൂന്യ വൽക്കരണം)2. അവിടെ ഈശോയോടൊപ്പം എപ്പോഴും ആയിരിക്കാനുള്ള ആഗ്രഹം. 3. കൂട്ടായ്മ. 4. ദൈവഹിതാന്വേഷണം. 5. പരമാനന്ദം(perfectbless). ആകെ കൂടെ താൻ സ്വർഗ്ഗത്തിൽ എത്തിച്ചേർന്ന ഒരു അനുഭൂതി വിശേഷമാണ് ശിഷ്യപ്രധാനനിൽ ഉളവാകുക. ഇത്രയും കാര്യങ്ങൾ ആർജിച്ചെടുക്കാൻ കഴിയുന്ന വൈദികൻ, യഥാർത്ഥത്തിൽ, ദൈവരാജ്യത്തിൽ ആണ്. രൂപാന്തരപ്പെട്ട ഈശോയെ കണ്ട ശിഷ്യത്രയത്തിനുണ്ടായ അനുഭവം പോലെ ആയിരിക്കും, വൈദികൻ മാനസാന്തരപ്പെടുത്തിയ ആത്മാക്കളും അവർക്ക് ചുറ്റും നോക്കുമ്പോൾ തങ്ങളുടെ ചുറ്റും ഈശോയെ അല്ലാതെ മറ്റാരെയും കാണുന്നില്ലെന്ന് അവർ സാക്ഷ്യം പറയുന്നതും എത്ര ആനന്ദദായകമായിയിരിക്കും. ” അവൻ ചുറ്റും നോക്കി ഈശോയെ അല്ലാതെ മറ്റാരെയും തങ്ങളോടു കൂടെ അവർ കണ്ടില്ല(മർക്കോ 9:8).