ദൈവാത്മ സാന്നിധ്യത്തിന്റെ സ്പന്ദമുള്ള വൈദികരെ ആണ് ദുരിതമനുഭവിക്കുന്നവർ തേടുക. വിശുദ്ധി പ്രാപിച്ച വൈദികരും മിശിഹായയോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം സസന്തോഷം പീഡനങ്ങൾ സഹിക്കുന്ന വൈദികരും തന്നെയായിരിക്കും ആത്മാക്കളുടെ ഏറ്റവും മികച്ച മാർഗ്ഗദർശകർ. കഷ്ടപ്പാടുകളും പീഡാനുഭവങ്ങളും ആണ് ജ്ഞാനം പുറപ്പെടുവിക്കുന്നത്. സ്വയം ക്രൂശിതൻ ആവുകയും ക്ഷമയോടെ തന്റെ സഹാനുഭൂതിയെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ള വൈദികൻ എന്നും എപ്പോഴും കാരുണ്യയുള്ളവനായിരിക്കും. വിശുദ്ധിയുള്ള വൈദികരുടെ അടുത്തേക്ക് ജനത്തെ ആകർഷിക്കുന്നത് വിശുദ്ധി തന്നെ. അവരിലെ ആകർഷണം മിശിഹായുടെ ആകർഷണശക്തി തന്നെയാണ്. ” ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ (കുരിശിലേറി സഹിച്ച് മരിക്കുമ്പോൾ) എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” (യോഹ 12:32).
കാൽവറിയുടെ കാവൽ ഗോപുരത്തിൽ നിലയുറപ്പിക്കുന്ന പുരോഹിതൻ കാണുംപോലെ മറ്റാരും മനുഷ്യരുടെ പ്രശ്നങ്ങൾ ഇത്രമേൽ സഹതാപപൂർവ്വം കാണുകയില്ല. അവൻ സൂര്യനെ പോലെയാണ്. എല്ലായിടത്തും പ്രകാശം പ്രസരിപ്പിക്കുന്നു.
ഒരു വൈദികൻ അതിസമർത്ഥനായിരിക്കാം. വളരെ നല്ല കാര്യം! പക്ഷേ, അവൻ, തന്മൂലം, നിത്യരക്ഷ നൽകാൻ ശക്തനാണെന്ന് പറഞ്ഞാൽ അത് ശരിയാകണമെന്നില്ല. എന്നാൽ അവൻ എല്ലാം ‘ക്രിസ്തുവിൽ’ ആണ് ചെയ്യുന്നതെങ്കിൽ, നിശ്ചയമായും അവൻ വിജയം കണ്ടെത്തും. ‘ക്രിസ്തുവിൽ’ എന്ന പ്രയോഗവും വിശേഷണവും പൗലോസ് 33 തവണ ഏറ്റവും ശ്രേഷ്ഠമായ പശ്ചാത്തലത്തിൽ ഉൾചേർക്കുന്നുണ്ട്. ഫിലി 2:12, ഇവിടെ ഏറെ പ്രസക്തമാണ്. ” ആകയാൽ മിശിഹായിൽ എന്തെങ്കിലും ആശ്വാസമോ, സ്നേഹത്തിനുള്ള സ്വാന്തനമോ, ആത്മാവിലുള്ള കൂട്ടായ്മയോ, അനുകമ്പയോ ഉണ്ടെങ്കിൽ നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വർത്തിച്ചു ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂർത്തിയാക്കുവീൻ “. ക്രിസ്തുവിൽ ആയിരിക്കുന്ന ഒരുവന്റെ പല സവിശേഷതകളും ഈ തിരുവചനത്തിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഗലാത്യ ലേഖനം കൂടുതൽ വിശദാംശങ്ങൾ നൽകുന്നുണ്ട്. എന്നാൽ “ആത്മാവിനെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവർക്കെതിരായി ഒരു നിയമവുമില്ല. ഈശോമിശിഹായ്ക്ക് ഉള്ളവർ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. നമ്മൾ ആത്മാവിൽ (ക്രിസ്തുവിൽ) ലാണു ജീവിക്കുന്നതെങ്കിൽ നമുക്ക് ആത്മാവിൽ വ്യാപരിക്കാം” (ഗലാ 5:22-25).