“ഇവനും അവനും അവളിൽ നിന്നു ജാതരായി” (സങ്കീ 86: 5) എന്ന് പരിശുദ്ധാത്മാവ് രാജകീയ സങ്കീർത്തകനിലൂടെ പറയുന്നു . ചില സഭാ പിതാക്കന്മാരുടെ അഭിപ്രായം അനുസരിച്ച് മറിയത്തെ പറ്റിയുള്ള ഒരു പ്രവചനം ആണിത്. മറിയത്തിന് ജനിച്ച ആദ്യ മനുഷ്യൻ ദൈവവും മനുഷ്യനുമായ ക്രിസ്തുവാണ്. രണ്ടാമത്തേത്, ദൈവത്തിന്റെയും മറിയത്തിന്റെയും ദത്തുപുത്രരായ മനുഷ്യരും. മനുഷ്യവർഗ്ഗത്തിന്റെ ശിരസ്സായ ക്രിസ്തു അവളിൽ നിന്ന് ജനിച്ചതുകൊണ്ട്, മറ്റവയവങ്ങൾ ആയ തെരഞ്ഞെടുക്കപ്പെട്ട സകലരും, അവൾ വഴി തന്നെയാണ് ജനിക്കേണ്ടത്. ഒരു ശിശുവിന്റെ ശിരസ്സു മാത്രമോ അവയവങ്ങൾ മാത്രമായോ ഒരു മാതാവും പ്രസവിക്കുന്നില്ല. അപ്രകാരം സംഭവിക്കുന്നുവെങ്കിൽ അത് പ്രകൃതിക്ക് ഒരപവാദം ആയിരിക്കും.; അതൊരു ബീഭത്സജന്തുവായി കരുതപ്പെടും. അതുപോലെ, കൃപയുടെ തലത്തിലും ശിരസ്സും അവയവങ്ങളും ഒരേ മാതാവിൽ നിന്നാണ് ജാതമാകേണ്ടത്. ആകയാൽ ശിരസ്സിന്റെ അമ്മയായ മറിയം വഴി അല്ലാതെ ജനിക്കുന്ന ഒരുവനും തെരഞ്ഞെടുക്കപ്പെട്ടവനോ ക്രിസ്തുവിന്റെ മൗതിക ശരീരത്തിന്റെ അവയവമോ ആയിരിക്കുകയില്ല. പ്രത്യുതാ,കൃപയുടെ തലത്തിൽ അവൻ ഒരു വികൃത ജീവി ആയിരിക്കും.
കൂടാതെ, ഇപ്പോൾ ക്രിസ്തു, പരിശുദ്ധ കന്യകയുടെ ഭാവനോദരത്തിന്റെ ഫലം കൂടിയാണ്. ഭൂസ്വർഗവാസികൾ സകലരും അനുദിനം ആയിരമായിരം പ്രാവശ്യം ” നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു” എന്ന് ആലപിക്കുന്നു. അതിനാൽ തീർച്ചയായും മറിയത്തിന്റെ പ്രയത്നവും ഫലവും ആയിട്ടാണ് യേശുക്രിസ്തുവിനെ ഓരോ വ്യക്തിയ്ക്കും ലഭിക്കുന്നത്. സമഗ്ര ലോകത്തിനും ഇതേ മാർഗത്തിലൂടെയത്രേ അവിടുത്തെ ലഭിച്ചതും. അതുകൊണ്ട് ആരുടെയെങ്കിലും ഹൃദയത്തിൽ യേശുക്രിസ്തു രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ധൈര്യമായി പറയാം:” എന്നിൽ വസിക്കുന്ന ക്രിസ്തു നിന്റെ പ്രവർത്തനഫലമാണ്. നിന്നെ കൂടാതെ ഞങ്ങൾക്ക് ക്രിസ്തുവിനെ ഒരിക്കലും ലഭിക്കുമായിരുന്നില്ല. പരിശുദ്ധ മറിയമേ അങ്ങേയ്ക്ക് നന്ദി”. വി. പൗലോസ് ശ്ലീഹാ ഗലാത്യർക്ക് എഴുതിയ ലേഖനത്തെ തന്നെ പറ്റി പറഞ്ഞവ മറിയത്തിനു നമ്മെ പറ്റി കൂടുതൽ ന്യായപൂർവ്വം പറയാം:
” എന്റെ സുതനായ ക്രിസ്തു ദൈവസുതരിൽ പൂർണ്ണമായി രൂപം കൊള്ളുന്നതുവരെ അവരെക്കുറിച്ച് ഞാൻ പ്രസാദ് വേദന അനുഭവിക്കുന്നു “(ഗലാ.4:19)എന്ന്.
വി. ആഗുസ്തീനോസ് ഒരു പടി കൂടി കടന്നു പറയുകയാണ് :” ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അവർ മറിയത്തിന്റെ ഉദരത്തിൽ സൂക്ഷിക്കപ്പെടുന്നു. അവർ സംരക്ഷണവും സഹായവും പോഷണവും ഈ നല്ല മാതാവിൽ നിന്ന് സ്വീകരിച്ച് അവിടെ വളരുന്നു. നീതിമാന്മാരുടെ ജന്മദിനം എന്ന സഭ വിശേഷിപ്പിക്കുന്ന മരണം വരെ അവൾ അവരെ സംരക്ഷിച്ച് മഹത്വത്തിലേക്കാനയിക്കും “. കൃപാവരത്തിന്റെ അഗ്രാഹ്യമായ രഹസ്യം! തിരസ്കർക്ക് അത് തികച്ചും അജ്ഞാതം. തെരഞ്ഞെടുക്കപ്പെട്ടവർ പോലും അത് എത്ര കുറച്ചു മാത്രമാണ് ഗ്രഹിക്കുക!