ഒരേസമയം യഥാർത്ഥ ദൈവസ്വഭാവവും, മനുഷ്യസ്വഭാവവും, ഉൾക്കൊള്ളുന്ന, ഒരേസമയം ദൈവവും മനുഷ്യനുമായ ഒരേ ഒരു വ്യക്തിയേ ഉള്ളൂ- അത് നസ്രായനായ ഈശോയാണ്. ദൈവത്തോടൊത്ത്, ദൈവം എന്ന നിലയിൽ നിതാന്ത നിത്യതയിൽ നിവസിക്കുന്നവനാണവിടുന്ന്. മനുഷ്യൻ എന്ന നിലയിൽ മനുഷ്യരോടൊപ്പം ജീവിച്ച (33 വർഷം) മനുഷ്യനുമാണവിടുന്ന്. ഈ മഹാ രഹസ്യം മനസ്സിലാകുന്നതിന് അങ്ങേയറ്റം സഹായിക്കുന്ന സത്യമാണ് അവിടുത്തെ കന്യകാജനനം. മറിയത്തിൽ നിന്ന് അവിടുന്ന് മനുഷ്യത്വം സ്വീകരിച്ചു. തന്റെ പിതാവ്, സ്വർഗത്തിലെന്നതുപോലെ ഭൂമിയിലും, ദൈവമാണ്, ദൈവം തന്നെയാണ്.
ഈശോമിശിഹാ, തന്റെ മനുഷ്യാവതാരത്തിന് മുമ്പ് ദൈവം എന്ന നിലയിൽ പിതാവായ ദൈവത്തോടൊപ്പമായിരുന്നു. ഈ യാഥാർത്ഥ്യത്തിനുള്ള തെളിവുമാണ് അവിടുത്തെ കന്യകാജനനം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നവർക്ക്, വിശ്വത്തിന്റെയും,സ്വർഗ്ഗത്തിന്റെയും, സ്രഷ്ടാവും, അവിടുന്നാണെന്നു മനസ്സിലാകുന്നവർക്കേ ഈ മഹാ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന നിത്യ സത്യങ്ങൾ മനസ്സിലാവുകയുള്ളൂ. ഈശോമിശിഹാ മനുഷ്യനായി അവതരിച്ചത് പുരുഷ ബീജസംവേശത്തിൽ നിന്നല്ല, മനുഷ്യാവതാരം സംഭവിക്കുന്നത് ദൈവത്തിന്റെ ഇച്ഛയാലാണ്, പരിശുദ്ധാത്മാവ് മറിയത്തിൽ ആവസിച്ചതു വഴിയാണ്.
ബേത്ലഹേമിലെ,പുൽത്തൊട്ടിയിൽ പിറന്ന “ശിശു” ദൈവം മാനവരാശിക്ക് നൽകിയ മഹാമഹോന്നത സമ്മാനമാണ്. മാനവരാശിയെ രക്ഷിക്കാൻ, സ്വമനസ്സാ അവിടുന്ന് മുൻകൈയെടുത്തു:
” നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും. അവൻ (രക്ഷകൻ )നിന്റെ തല തകർക്കും (ഉല്പത്തി3:15).
സ്നേഹവും കാരുണ്യവും ക്ഷമയുമായ ദൈവത്തിന്റെ ഇദംപ്രഥമ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ത്രിത്വ ദൈവത്തിന്റെ രണ്ടാംമാളായ പുത്രൻ തമ്പുരാന്റെ കന്യകാ ജനനത്തിലൂടെയുള്ള മനുഷ്യാവതാരം. അധപതിച്ച മാനവരാശിക്കു, ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന അനന്യവും മഹോന്നതവുമായ അമൂല്യനിധിയാണ് നസ്രത്തിലെ ഈശോ. സമ്പൂർണ്ണ സ്വയം ദാനമാണ് ഈ ശിശു. അവിടുത്തെ, സമ്പൂർണ്ണ സാകല്യത്തിൽ തികഞ്ഞ നന്ദിയോടെ സ്വീകരിക്കാനേ ഏതൊരു മനുഷ്യനും കഴിയൂ. അങ്ങനെ സ്വീകരിച്ചാൽ അവൻ സാത്താന്റെ ദാസ്യത്തിൽ നിന്നും സ്വതന്ത്രനാകും ; ദൈവത്തിന്റെ ദത്തു പുത്രനാകും; സ്വർഗത്തിന്റെ അവകാശിയാകും, അവിടുന്ന് സ്ഥാപിച്ച ഏകവും വിശുദ്ധവും സാർവത്രികവും അപ്പോസ്തോലികവുമായ സഭയുടെ അംഗവുമാകും.
ദൈവം തന്നെ വെളിപ്പെടുത്തിത്തന്ന മഹാരഹസ്യമാണ് മിശിഹായുടെ കന്യകാജനനം. അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയുടെ ഫലമായിരുന്നു.
കന്യക ജനനത്തിൽ നിന്ന് വേറിട്ടൊരു ജനനവും ഈശോ നടത്തുന്നുണ്ട്. നിങ്ങൾക്കും എനിക്കും മർമ്മ പ്രധാനമാണ് ഈശോയുടെ ഈ ജനനം. ഈ ജനനം നമ്മുടെ ഹൃദയങ്ങളിലാണ് സംഭവിക്കുന്നത്, സംഭവിക്കേണ്ടത്. ഇപ്രകാരം ഈശോ തമ്മിൽ ജനിക്കുന്നത് നമ്മിലൊരു നിർമ്മല ഹൃദയം, ഒരു കന്യാത്വ ഹൃദയഭാവം ഉണ്ടാവണം. ഈ സത്യവും ഈശോയുടെ കന്യകാജനനം നമുക്ക് പറഞ്ഞു തരുന്നുണ്ട്. അവിഭക്തവും പരിശുദ്ധവും സാകല്യവും പൂർണ്ണവുമായ സമർപ്പിത ഹൃദയഭാവങ്ങളിൽ, ഹൃദയങ്ങളിൽ ഈശോ ഇന്നും ജനിക്കുന്നു, ലോകാന്ത്യത്തോളം ഇത് തുടർന്നുകൊണ്ടിരിക്കും.