പല കാര്യങ്ങളും നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കും. ഉദാഹരണമായി രാവിലെ എഴുനേൽക്കാൻ മടി. ചില ഭക്ഷണ സാധനങ്ങൾ വേണ്ട. പഠിക്കാൻ ഇഷ്ടമില്ല. ഇത്തരം തോന്നലുകൾക്കൊന്നും വഴികൊടുക്കരുത്. ഒരു കറി നിങ്ങള്ക്ക് ഇഷ്ടമല്ലെങ്കിൽ വേറൊന്നിനുവേണ്ടി ശാഠ്യം പിടിക്കരുത്. അമ്മയുടെ അടുത്ത് നിങ്ങളുടെ ഇഷ്ടം നടന്നേക്കാം. എന്നാൽ ഇത് പതിവായാൽ നിങ്ങൾ വളർന്നു വലുതാകുമ്പോൾ പ്രശ്നമാകും. മറ്റുള്ളവരെല്ലാം നിങ്ങളുടെ ഇഷ്ടം സാധിച്ചു തരണമെന്ന് നിങ്ങൾ ശഠിക്കും. അമ്മയെപ്പോലെ അവർ വഴങ്ങാതെ വരുമ്പോൾ നിങ്ങൾ അസന്തുഷ്ടരാകുകയും ചെയ്യും. അതുകൊണ്ടു ഇഷ്ടമല്ലാത്തതും പതിവായി ചെയ്തു ശീലിക്കുക.
എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കിട്ടുന്നത് നിങ്ങളുടെ ശരിയായ വളർച്ചയെ ബാധിക്കും. കുടുംബത്തിലെ സാഹചര്യം, സാമ്പത്തിക സ്ഥിതി, മാതാപിതാക്കളുടെ പ്രയാസങ്ങൾ ഇവയെല്ലാം മനസിലാക്കി പ്രവർത്തിക്കണം. മാതാപിതാക്കളുടെ ശിക്ഷണവും, തിരുത്തലുകളും കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ജീവിതത്തിൽ പ്രശ്ങ്ങളുണ്ടാകുമ്പോൾ നേരിടാൻ അവ കരുത്തേകും.