ഈ ഭക്താനുഷ്ഠാനത്തെ ഒരു സഖ്യമായി ഉയർത്തുക ഏറ്റവും അഭികാമ്യമാണ്. ഈ ഭക്തി അഭ്യസിക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളിൽ ഈശോയുടെ ആധിപത്യം സ്ഥാപിക്കുവാൻ ആദ്യമേ പന്ത്രണ്ടു ദിവസം ഒരുങ്ങണം. ക്രിസ്തുവിന്റെ ചൈതന്യത്തിനു നേരേ വിപരീതമായ ലോകാരൂപിയിൽനിന്ന് അവർ സ്വാതന്ത്ര്യം പ്രാപിക്കണം. പിന്നീടുള്ള മൂന്നാഴ്ചകൊണ്ട് തങ്ങളെത്തന്നെ ക്രിസ്തുവിന്റെ ചൈതന്യം കൊണ്ടുനിറയ്ക്കണം. പരിശുദ്ധ കന്യകാമറിയം വഴി വേണം, ഇതു സാധിക്കുവാൻ. അതിനുള്ള ക്രമം ഇതാണ്.
തങ്ങളെപ്പറ്റിത്തന്നെ യഥാർത്ഥമായ അറിവും തങ്ങളുടെ പാപങ്ങളെക്കുറിച്ചു പരിപൂർണ്ണമായ മനഃസ്താപവും ലഭിക്കുവാൻ വേണ്ടി അവർ ആദ്യത്തെ ആഴ്ചയിലെ പ്രാർത്ഥനകളും ഭക്തകൃത്യങ്ങളും ഈ ലക്ഷ്യത്തിനായി നിർവ്വഹിക്കണം. എളിമയുടെ അരൂപിയോടുകൂടി വേണം അവ ചെയ്യുവാൻ. അവർക്ക് ഇഷ്ടമെങ്കിൽ, നമ്മുടെ ദുഷിച്ച സ്വഭാവത്തെപ്പറ്റി ഞാൻ മുമ്പു പറഞ്ഞവ ധ്യാനിക്കാം. ഇഴഞ്ഞു നീങ്ങുന്നിടമെല്ലാം വൃത്തികേടാക്കുന്ന ഒച്ചെന്നോ, പേക്കാന്തവളയെന്നോ, പന്നിയെന്നോ, പാമ്പെന്നോ അതുപോലെയുള്ള അശുദ്ധമായ ജന്തുക്കളെന്നോ സ്വയം സങ്കല്പിച്ച് ഈ ആറുദിവസവും തങ്ങളെത്തന്നെ പരിശോധി ക്കാവുന്നതാണ്. അഥവാ വിശുദ്ധ ബർണ്ണാർദ് നിർദ്ദേശിക്കുന്ന മൂന്നു കാര്യങ്ങൾ (1) നമ്മുടെ ലജ്ജാകരമായ ഉദ്ഭവം. (2) ഇപ്പോഴത്തെ നമ്മുടെ നിന്ദ്യമായ അവസ്ഥ (3) അവസാനം പുഴുക്കളുടെ ഭക്ഷണമായി നാം തീരുന്നത്. ഇവയും ധ്യാനവിഷയമാക്കട്ടെ. കൂടാതെ, വെളിച്ചം നല്കുവാൻ ദിവ്യനാഥനോടും പരിശുദ്ധാത്മാവിനോടും പ്രാർത്ഥിക്ക ണം. “എന്റെ കർത്താവേ, എനിക്കു കാഴ്ച നല്കണമേ! “ഞാൻ എന്നെത്തന്നെ അറിയുവാൻ അനുഗ്രഹമേക എന്നോ പരിശുദ്ധാത്മാവേ, അങ്ങ് എഴുന്നള്ളി വരുക. എന്നോ ദിവസത്തിൽ പലപ്രാവശ്യം ഉരുവിടുക. ഈ പുസ്തകത്തിന്റെ പ്രഥമഭാഗത്ത് എന്നോ വ്യക്തമാക്കിയിരിക്കുന്നതുപോലെ, എല്ലാ ദിവസവും അവർ പരിശുദ്ധാത്മാവിന്റെ ലുത്തിനിയായും തുടർന്നുള്ള പ്രാർത്ഥനയും ചൊല്ലണം. എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനമായ ഈ മഹാദാനം നല്കുവാൻ പരിശുദ്ധ കന്യകയോട് അവർ കേണപേക്ഷിക്കുകയും ഈ ഉദ്ദേശ്യത്തി നായി എല്ലാ ദിവസവും “സമുദ്രതാരമേ, നിനക്കു സ്വസ്തി” എന്നു തുടങ്ങുന്ന പ്രാർത്ഥനയും പരിശുദ്ധ കന്യകയുടെ ലുത്തിനിയായും ചൊല്ലുകയും വേണം.
രണ്ടാമത്തെ ആഴ്ചയിൽ ഓരോ ദിവസത്തെയും എല്ലാ പ്രാർത്ഥനകളും പ്രവർത്തനങ്ങളും വഴി പരിശുദ്ധ കന്യകയെപ്പറ്റി ജ്ഞാനം സമ്പാദിക്കുവാനാണ് ശ്രമിക്കേണ്ടത്. ഈ ജ്ഞാനം നല്കുവാൻ പരി ശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുകയും, കന്യകാമറിയത്തെക്കുറിച്ച് നാം പ്രതിപാദിച്ചവ വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം. പരിശുദ്ധാത്മാവിന്റെ ലുത്തിനിയായും “സമുദ്രതാരമേ, നിനക്കു സ്വസ്തി!’ യും ആദ്യത്തെ ആഴ്ചയിലേതുപോലെ തുടരുക. ഒരു കൊന്ത – കുറഞ്ഞത് അഞ്ചു രഹസ്യങ്ങളെങ്കിലും – ചൊല്ലുകയാണു കൂടുതലായി ചെയ്യേ ണ്ടത്.
ഈശോയെക്കുറിച്ചു ജ്ഞാനം സമ്പാദിക്കുകയാണ് മൂന്നാമത്തെ ആഴ്ചയിലെ അവരുടെ ഉന്നം. അവിടുത്തെപ്പറ്റി നാം പ്രതിപാദിച്ചവ വായിച്ചു ധ്യാനിക്കാം. ഈ പുസ്തകത്തിന്റെ രണ്ടാംഭാഗം ആരംഭ ത്തിൽ ചേർത്തിട്ടുള്ള വി. ആഗുസ്തിനോസിന്റെ പ്രാർത്ഥന ചൊല്ലുകയും ചെയ്യാം. ആ പുണ്യവാനോടു ചേർന്ന്, “കർത്താവേ അങ്ങയെ അറിയുവാൻ എന്നെ അനുഗ്രഹിക്കേണമേ” എന്നോ “കർത്താവേ ഞാൻ കാണട്ടെ” എന്നോ തുടരെത്തുടരെ അവർക്കാവർത്തിച്ചു ചൊല്ലാം. കഴിഞ്ഞ ആഴ്ചകളിലേതുപോലെ, പരിശുദ്ധാത്മാവിന്റെ ലുത്തിനിയായും “സമുദ്രതാരമേ, നിനക്കു സ്വസ്തിയും കൂടാതെ ഈശോയുടെ തിരു നാമത്തിന്റെ ലുത്തിനിയായും ചൊല്ലണം.
മൂന്നാമത്തെ ആഴ്ച കഴിയുമ്പോൾ കുമ്പസാരിച്ചു വി. കുർബാന സ്വീകരിക്കണം.മറിയത്തിന്റെ കരങ്ങൾ വഴി തങ്ങളെത്തന്നെ ഈശോയ്ക്ക് അടിമയായി സമർപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ പുസ്തകത്തിന്റെ അവസാനഭാഗത്തു കൊടുത്തിരിക്കുന്ന ക്രമമാണ്, വി. കുർബാന സ്വീകരണാവസരത്തിൽ പാലിക്കേണ്ടത്. വി.കുർബാന സ്വീകരണം കഴിഞ്ഞ് സമർപ്പണ പ്രാർത്ഥന ചൊല്ലണം. അതും പുസ്തകത്തിന്റെ അന്ത്യത്തിൽ ചേർത്തിട്ടുണ്ട്. അതിന്റെ അച്ചടിച്ച പ്രതിയില്ലെങ്കിൽ അതു പകർത്തിയെടുക്കണം. അന്നുതന്നെ അതിൽ ഒപ്പിടുകയും വേണം.
മാമ്മോദീസായുടെ അവസരത്തിൽ ചെയ്ത വാഗ്ദാനങ്ങളെ അവഗണിച്ചതിനു പരിഹാരമായി, ഈശോയോടും മറിയത്തോടുമുള്ള വിധേയത്വത്തിന്റെ അടയാളമായി അന്ന് എന്തെങ്കിലും കാഴ്ച സമർപ്പിക്കുന്നത് ഏറ്റവും നല്ലതാണ്. ഓരോരുത്തരുടെയും കഴിവിനും ഭക്തിക്കും അനുയോജ്യമായിരിക്കണം ആ കാഴ്ച, ഉപവാസമോ പരിത്യാഗമോ ദാനധർമ്മമോ മെഴുകുതിരിയോ മറ്റോ ആകാം. സന്മനസ്സാണ് ഈശോ പരിഗണിക്കുന്നത്. ബഹുമാനസൂചകമായി സമർപ്പിക്കുന്നത് ഒരു മൊട്ടു സൂചിയായാലും അവിടുന്നു സംതൃപ്തനാണ്; സന്മനസ്സോടെ വേണം സമർപ്പിക്കുവാൻ എന്നുമാത്രം.
മൂന്നാഴ്ചത്തെ അനുഷ്ഠാനങ്ങൾ നിർവ്വഹിച്ചതിനുശേഷം വർഷത്തിൽ ഒരിക്കലെങ്കിലും അതേദിവസം തന്നെ സമർപ്പണം നവീകരിക്കണം. ഓരോ മാസത്തിലും, പോരാ ഓരോ ദിവസവും ഈ വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവർക്ക് അതു നവീകരിക്കാം. “ഓ എത്രയും പ്രിയമുള്ള യേശുവേ, അങ്ങേ വത്സലമാതാവായ പരിശുദ്ധ കന്യകാമറിയം വഴി എന്നെ മുഴുവനും എനിക്കുള്ള സമസ്തവും അങ്ങേക്കു സമർപ്പിക്കുന്നു “.