പുരോഹിതരുടെ പുരോഹിതനായാണ് ദൈവ പുത്രൻ മനുഷ്യനായി അവതരിച്ചത്. ഓരോ പുരോഹിതനും അവിടുത്തെ പാത പിന്തുടരേണ്ടിയിരിക്കുന്നു. അതായത് പുരോഹിതനായിരിക്കെ തന്നെ, അവൻ യഥാർത്ഥ മനുഷ്യനായി വർത്തിക്കുകയും വേണം.
ഈശോയുടെ പൗരോഹിത്യത്തിന് ലംബ – തിരശ്ചിനമാനങ്ങൾ ഉള്ളതുപോലെ, അവിടുത്തെ പുരോഹിതന്റെ ജീവിതത്തിലും ഈ രണ്ട് മാനങ്ങളും ഉണ്ടായിരിക്കണം. ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്ന ഗോവണിയുടെ അടിഭാഗം മനുഷ്യരോടുള്ള ഈ സവിശേഷ ബന്ധത്തെയാണ് സൂചിപ്പിക്കുക. ദൈവസന്നിധിയിൽ ഈശോയോട് നിരന്തരമായി ബന്ധപ്പെട്ടും ഒപ്പം തന്റെ സൂക്ഷത്തിന് ഏല്പിച്ചിരിക്കുന്ന ജനങ്ങളുടെ കാര്യങ്ങളിൽ പ്രാർത്ഥനാപൂർവ്വവും വിവേകത്തോടെയും ഇടപെട്ടും വേണം പുരോഹിതൻ തന്റെ ദൗത്യം നിർവഹിക്കാൻ. അവന്റെ പരിമിതികളും കുറവുകളും വല്ലായ്മകളും വല്ലഭൻ ഏറ്റെടുത്തത് പോലെ, എപ്പോഴും ഏറ്റെടുക്കുന്നത് പോലെ അവനും പാപികളായ മാനവരാശിയുടെ വല്ലായ്മകളും പരിമിതികളും കുറവുകളും ഏറ്റെടുക്കാൻ ബാധ്യസ്ഥനാണ്.
എബ്രായ ലേഖനം വളരെ വ്യക്തമാണ്. “ജനങ്ങളിൽനിന്ന് ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പുരോഹിതൻ ദൈവിക കാര്യങ്ങൾക്ക് നിയോഗിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അർപ്പിക്കാൻ ആണ്. അവൻ തന്നെ ബലഹീനൻ ആയതുകൊണ്ട്, അഞ്ജരോടും വഴി തെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാൻ അവന് കഴിയും. ഇക്കാരണത്താൽ, അവൻ ജനങ്ങളുടെ പാപങ്ങൾക്കുവേണ്ടി എന്നതുപോലെ, സ്വന്തം പാപങ്ങൾക്കുവേണ്ടിയും ബലിയർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു”.