പലതരം മനുഷ്യരുമായി വൈദികന് ഇടപെടേണ്ടി വരും. ഇവരെയൊക്കെ ഈശോയേയും അവിടുത്തെ ദൗത്യത്തെയും വിലയിരുത്തുന്നത് വ്യത്യസ്തമായ രീതിയിലുമായിരിക്കും. ഉദാഹരണത്തിന് ലോക ജ്ഞാനിയായ ഒരു മനുഷ്യൻ ശ്രീബുദ്ധൻ, കൺഫ്യൂഷ്യസ്, ലാവോഡ്സേ, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരെ പോലെ ആദരണീയൻ, ചിന്തകൻ, ഗുരു എന്ന നിലയിലൊക്കെ ഈശോയും കാണുന്നു.അത്രമാത്രം കണക്കാക്കുന്നു. മറ്റു ചിലർ അവിടുത്തെ വിപ്ലവകാരിയായി വിലയിരുത്തിയെന്നുവരാം. ഇത്രയുമൊക്കെ ഇവർക്കൊക്കെ ആവൂ. കാരണം ഇവർ തങ്ങളുടെ സ്വഭാവിക ബുദ്ധികൊണ്ട് മാത്രമാണ് നാഥനെ നോക്കി കാണുന്നത്.
ഇവരൊക്കെ ഈശോയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളണമെങ്കിൽ വിശ്വാസ വെളിച്ചത്തിൽ ലഭിക്കുന്ന ഉൾക്കാഴ്ച, പ്രകാശ ദീപ്തി കൈവരിക്കണം. ഇങ്ങനെ അവിടുത്തെ വെളിപ്പെടുത്താൻ ദൈവത്മാവിന്റെ, പരിശുദ്ധാത്മാവിന്റെ സഹവാസത്തിലൂടെ ലഭിക്കുന്ന അറിവിനു മാത്രമേ അവരെ സഹായിക്കാൻ ആവൂ. ഈ അറിവിന്റെ വെളിച്ചത്തിലേ ഈശോയെ ദൈവവും രാജാധിരാജനും ഏക കർത്താവും മാനവരാശിക്കുള്ള ഏക രക്ഷകനുമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. തിരുവചനം സുവ്യക്തമാണ്. ഈശോ കർത്താവാണ് എന്ന് പറയാൻ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല.(1കോറി 12: 3)
പുരോഹിതന്റെ പ്രത്യേക ശ്രദ്ധപതിയേണ്ട പ്രധാനപ്പെട്ട മേഖലയാണ് സുവിശേഷവത്കരണം(evangelization). ഇതിന്റെ അന്തസത്ത യോഹ 20 :21 – 23 ലുണ്ട്. ഈശോ വീണ്ടും അവരോട് പറഞ്ഞു നിങ്ങൾക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇത് പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്കപ്പെടും. അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെടും. പുരോഹിതനു രക്ഷാകര ദൗത്യം തുടരാൻ എല്ലാ കഴിവുകളും പകർന്നുനൽകുന്നതു പരിശുദ്ധാത്മാവാണെന്നു സ്പഷ്ടം.