എല്ലാം മറിയത്തിനു സമർപ്പിക്കുകയും എല്ലാത്തിലും, എല്ലാറ്റിനുവേണ്ടിയും അവളിൽ ആശ്രയിക്കുകയും അവളിൽ പരിപൂർണ്ണമായി നിർലീനയാകുകയും ചെയ്യുന്നവൻ, ഓ, എത്രയോ സന്തോഷവാൻ അവൻ മുഴുവൻ മറിയത്തിന്റേതാണ്; മറിയം മുഴുവൻ അവന്റേതും. നിശ്ചയമായും ദാവീദിനോടൊപ്പം അവന് പറയാം: “അവൾ (മറിയം) എന്റേതായി” (സങ്കീ. 118:56), വി. യോഹന്നാനോടുകൂടി അവന് അവ കാശപ്പെടാം. “അവളെ (സ്വന്തം ഭവനത്തിൽ) ഞാൻ സ്വീകരിച്ചു” (യോഹ.19:27). അവന് ഈശോയോടൊന്നിച്ചു ഉദീരണം ചെയ്യാം. “എനിക്കു ള്ളതെല്ലാം അങ്ങയുടേതാണ്; അങ്ങേക്കുള്ളതെല്ലാം എന്റേതും” (യോ 20. 17:10)എന്ന്.
ഇതു വായിക്കുമ്പോൾ ഞാൻ അതിവർണ്ണനം ചെയ്യുകയും അതി രുകടന്ന ഭക്തിയോടെ സംസാരിക്കുകയുമാണെന്ന് ഏതെങ്കിലും വിമർശകൻ ചിന്തിക്കുന്നെങ്കിൽ കഷ്ടം! അവർ എന്നെ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ആദ്ധ്യാത്മികമായവ ആസ്വദിക്കുവാൻ ആവാത്ത ജഡികാസക്തമോ അല്ലെങ്കിൽ, പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ കഴിയാത്ത ലൗകികരോ, അതുമല്ലെങ്കിൽ മനസ്സിലാകാത്തതിനെയെല്ലാം നിന്ദിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന അഹങ്കാരികളും ദോഷൈ കദൃക്കുകളും ആയതുകൊണ്ടോ ആവാം അവരപ്രകാരം ചെയ്യുന്നത്. രക്തത്തിൽനിന്നും ജഡത്തിൽനിന്നും മനുഷ്യമനസ്സിൽ നിന്നുമല്ലാതെ (യോഹ. 1:13), ദൈവത്തിൽനിന്നും മറിയത്തിൽനിന്നും ജനിച്ച ആത്മാക്കൾ ഈ പറയുന്നവ മനസ്സിലാക്കുന്നുണ്ട്, ആസ്വദിക്കുന്നുണ്ട്; അവർക്കു വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്.
ഞാൻ ഈ രണ്ടു തരക്കാരോടും പറയുന്നു; സൃഷ്ടികളിൽ ഏറ്റവും വിശ്വസ്തയും ഉദാരമനസ്കയുമാണു മറിയം. അതുകൊണ്ട് സ്നേഹത്തിലും ഔദാര്യത്തിലും അവളെ വെല്ലുവാൻ ആരുമില്ല. ഒരു പുണ്യപുരുഷൻ പറഞ്ഞതുപോലെ, ഒരു മുട്ടയ്ക്കുപകരം അവൾ ഒരു കാളയെ തരുന്നു. മറ്റു വാക്കുകളിൽ തനിക്കു സമർപ്പിക്കുന്ന തുച്ഛമായതിനു പകരം ദൈവം അവൾക്ക് നൽകിയ തന്റെ നല്ലപങ്ക് അവൾ നമുക്കു നല്കും. ആകയാൽ, നമ്മുടെ ഭാഗത്തുനിന്ന് കഴിയുന്നത ദുഷ്പ്രവണതകളെ നിയന്ത്രിക്കുകയും പുണ്യമഭ്യസിക്കുകയും ചെയ്യുവാൻ അദ്ധ്വാനിക്കുകയും ഔദ്ധത്യം വെടിഞ്ഞ് മറിയത്തിൽ ആശ്രയിക്കുകയും തന്നെത്തന്നെ അവൾക്കു സമർപ്പിക്കുകയും ചെയ്യുക; എങ്കിൽ, മറിയം പരിപൂർണ്ണമായി തന്നെത്തന്നെ നമുക്കു നല്കും.
അതിനാൽ, പരിശുദ്ധ കന്യകയുടെ വിശ്വസ്തദാസൻ വി. ജോൺ ഡമാഷീനോടുകൂടി ധൈര്യപൂർവ്വം പറയട്ടെ; “ഓ ദൈവമാതാവേ, നിന്നിൽ ആശ്രയിച്ചാൽ, ഞാൻ രക്ഷ പ്രാപിക്കും; നീ എന്നെ പാലിച്ചാൽ, ഞാൻ ഒന്നിനെയും ഭയപ്പെടുകയില്ല; നീ എന്നെ സഹായിച്ചാൽ, ശത്രുക്കളെയെല്ലാം ഞാൻ യുദ്ധം ചെയ്തു തുരത്തും. എന്തുകൊണ്ടെന്നാൽ, രക്ഷപ്രാപിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നവർക്ക് അവിടുന്നു നല്കുന്ന ആയുധമാണ് നിന്നോടുള്ള ഭക്തി.
നമ്മുടെ ദിവ്യനാഥയെയും അവളുടെ മക്കളെയും ദാസരെയും കുറിച്ച് പറഞ്ഞ സത്യങ്ങൾക്ക് വിസ്മയകരമായ ഒരു പ്രതിരൂപം വേദപു സ്തകത്തിൽ പരിശുദ്ധാത്മാവ് നമുക്ക് നല്കുന്നുണ്ട് (ഉത്പ. 27), മാതാവായ റബേക്കായുടെ നിപുണതയും അദ്ധ്വാനവും വഴി പിതാവായ ഇസഹാക്കിന്റെ അനുഗ്രഹം സമ്പാദിച്ച യാക്കോബിന്റെ കഥയാണിത്. പരിശുദ്ധാത്മാവ് വിവരിക്കുന്ന ആ സംഭവം ഇവിടെ ഞാൻ ചേർക്കുന്നു. വ്യാഖ്യാനം പിന്നീടു നല്കാം.
 
					 
			 
                                