ഞാൻ ഇപ്പോൾ വിവരിച്ച യാക്കോബിന്റെ മാതൃകയനുസരിച്ച് തങ്ങളെത്തന്നെ അവൾക്കു സമർപ്പിക്കുന്ന വിശ്വസ്ത അടിമകളോട് എത്ര സ്നേഹനിർഭരമായാണ് ഏറ്റവും നല്ല അമ്മയായ മറിയം വർത്തി ക്കുന്നതെന്നു നമുക്കും കാണാം.
1. അവൾ അവരെ സ്നേഹിക്കുന്നു
“എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു” (സഭാ. 8:17). അവൾ അവരെ സ്നേഹിക്കുന്നതിനു നാലു കാരണങ്ങളുണ്ട്.
(1) അവൾ അവരുടെ യഥാർത്ഥ മാതാവാണ്; തന്റെ ഉദരഫലമായ ശിശുവിനെ ഒരു മാതാവിനു സ്നേഹിക്കാതിരിക്കുവാൻ കഴിയുമോ? (2) അവർ തങ്ങളുടെ പ്രിയമാതാവായ മറിയത്തെ കാര്യക്ഷമമായി സ്നേഹിക്കുന്നുണ്ട്. ആകയാൽ, അവൾ കൃതജ്ഞതാപൂർവ്വം അവരോടു പ്രതിസ്നേഹം കാണിക്കുന്നു. (3) തെരഞ്ഞെടുക്കപ്പെട്ടവരാകയാൽ, അവരെ ദൈവം സ്നേഹിക്കുന്നു. “ഞാൻ യാക്കോബിനെ സ്നേഹിച്ചു; ഏസാവിനെയാകട്ടെ ഞാൻ വെറുത്തു” (റോമാ. 9:13) തന്നിമിത്തം അവളും അവരെ സ്നേഹിക്കുന്നു. (4) അവർ തങ്ങളെ പരിപൂർണ്ണമായി അവൾക്കു സമർപ്പിച്ചിരിക്കുകയാണ്; അവളുടെ ഓഹരിയും അവകാശവുമാണവർ. “കർത്താവിന്റെ ഓഹരിയിൽ ഞാൻ വേരുറച്ചു” (പ്രഭാ 24:12) ആകയാൽ, അവൾ അവരെ സ്നേഹിക്കുന്നു.
ലോകത്തിലെ എല്ലാ മാതാക്കളുടെയും ആർദ്രസ്നേഹത്തിന്റെ ആകെത്തുകയെക്കാൾ അധികമാണ് അവൾക്ക് അവരോടുള്ള ആർദ്രമായ സ്നേഹം. നിങ്ങൾക്കു സാധിക്കുമെങ്കിൽ ലോകത്തിലെ എല്ലാ മാതാക്കൾക്കും മക്കളോടുമുള്ള സ്വാഭാവിക സ്നേഹം ഒരു ഓമനക്കുഞ്ഞുമാത്രമുള്ള മാതാവിന്റെ ഹൃദയത്തിൽ നിക്ഷേപിക്കുക; തീർച്ചയായും അവൾക്ക് ആ കുഞ്ഞിനോടുള്ള സ്നേഹം അപരിമേയമായിരിക്കും. എന്നാൽ, തന്റെ വത്സലസുതനോടുള്ള ആ അമ്മയുടെ സ്നേഹത്തെക്കാൾ എത്രയോ ആഴമേറിയതാണ്, തന്റെ ഓരോ മക്കളോടും മറിയത്തിനുള്ള ആർദ്രമായ സ്നേഹം.
വാത്സല്യം നിറഞ്ഞതു മാത്രമല്ല ഫലദായകത്വമുള്ളതുമാണ് അവളുടെ സ്നേഹം. യാക്കോബിനോട് റബേക്കായ്ക്കുണ്ടായിരുന്ന സ്നേഹത്തേക്കാൾ മറിയത്തിന് അവരുടെ നേരെയുള്ള സ്നേഹം കർമ്മോദ്യുക്തവും ഫലസമൃദ്ധവുമാണ്. റബേക്കാ മറിയത്തിന്റെ ഒരു പ്രതിരൂപം മാത്രമേ ആയിരുന്നുള്ളൂ. തന്റെ ഓമന മക്കൾക്കു സ്വർഗ്ഗീയ പിതാവിന്റെ അനുഗ്രഹങ്ങൾ സമ്പാദിച്ചുകൊടുക്കുവാൻ ഈ മാതാവ് എത്ര ഉത്സുകയാണെന്ന് നമുക്ക് കാണാം.
1 അവരെ പുരോഗതിയിലേക്കു നയിക്കുവാനും ധന്യരാക്കുവാനും ഉത്കൃഷ്ടരാക്കുവാനും അവർക്കു നന്മ ചെയ്യുവാനും റബേക്കായെപ്പോലെ അനുകൂലമായ അവസരം കാത്തിരിക്കുകയാണവൾ. നന്മയും തിന്മയും, സൗഭാഗ്യവും ദൗർഭാഗ്യവും, ദൈവാനുഗ്രഹവും ദൈവശാപ വുമെല്ലാം അവൾ വളരെ വ്യക്തമായി മുൻകൂട്ടിക്കാണുന്നു. ആകയാൽ തന്റെ ദാസരെ തിന്മകളിൽനിന്ന് കാത്തുരക്ഷിക്കുകയും അവർക്കു ധാരാളം അനുഗ്രഹങ്ങൾ നല്കുകയും ചെയ്യുവാൻ കഴിയത്തക്കവണ്ണം അവൾ സംഭവഗതികളെ നിയന്ത്രിക്കുന്നു. ഏതെങ്കിലും മഹാകൃത്യം നിർവ്വഹിച്ചുകൊണ്ടു വല്ല ദൈവാനുഗ്രഹവും സമ്പാദിക്കാമെങ്കിൽ, മറിയം നിശ്ചയമായും ആ അനുഗ്രഹം തന്റെ യഥാർത്ഥ അടിമകൾക്കും മക്കൾ ക്കും സമ്പാദിച്ചുകൊടുക്കുകയും അത് വിശ്വസ്തതാപൂർവ്വം നിർവ്വഹിക്കുവാൻ ആവശ്യകമായ കൃപാവരങ്ങൾ നല്കുകയും ചെയ്യും. “നമ്മുടെ താത്പര്യങ്ങളെ അവൾ തന്നെ സംരക്ഷിക്കും” എന്ന് ഒരു വിശുദ്ധൻ പ്രസ്താവിച്ചിരിക്കുന്നു.
2. മാത്രമല്ല, റബേക്കാ, യാക്കോബിനു കൊടുത്തതുപോലെ, അവൾ അവർക്കു സദുപദേശങ്ങളും നല്കുന്നുണ്ട്. “എന്റെ മകനേ, ഇപ്പോൾ നീ എന്റെ വാക്കനുസരിച്ചു പ്രവർത്തിക്കുക” (ഉത്പ. 27:8). ദൈവത്തിനു ഹിതകരമായ ഒരു ഭക്ഷണം തയ്യാറാക്കുവാൻ വേണ്ടി ആത്മ ശരീരങ്ങളാകുന്ന രണ്ടാട്ടിൻ കുട്ടികളെ തനിക്കു സമർപ്പിക്കുവാൻ പല നിർദ്ദേശങ്ങളും നല്കുന്ന കൂട്ടത്തിൽ അവരെ ഉത്തേജിപ്പിക്കുന്നു അവൾ. തന്റെ പ്രിയസുതനായ ഈശോമിശിഹാ പ്രസംഗവും പ്രവൃത്തിയും വഴി പഠിപ്പിച്ചതെല്ലാം അനുവർത്തിക്കാനും അവൾ അവരെ പ്രേരിപ്പിക്കും. നേരിട്ടല്ലെങ്കിൽ, മാലാഖമാർ വഴിയായിരിക്കും അവൾ ഈ ഉപദേ ശങ്ങൾ നല്കുക. മറിയത്തിന്റെ നിർദ്ദേശമനുസരിച്ചു ലോകത്തിൽ വന്ന് അവളുടെ ദാസരെ സഹായിക്കുക എന്നതിനെക്കാൾ ബഹുമാനകരവും സന്തോഷജനകവുമായി മറ്റൊരു കാര്യം മാലാഖമാർക്കില്ല.
3. ആത്മാവും ശരീരവും അവയുടെ എല്ലാ ശക്തിവിശേഷങ്ങളും ഒന്നൊഴിയാതെ നാം അവൾക്കു സമർപ്പിക്കുമ്പോൾ ഈ നല്ല അമ്മ എന്താണ് ചെയ്യുന്നത്? യാക്കോബ് രണ്ടാട്ടിൻകുട്ടികളെ സമർപ്പിച്ചപ്പോൾ റബേക്കാ ചെയ്തതുതന്നെ അവളും ചെയ്യുന്നു. (1) അവൾ അവയെ കൊല്ലുന്നു – പഴയ ആദത്തിന്റെ ജീവി തത്തോടു മരിച്ചവരാക്കുന്നു.
(2) അവയുടെ സ്വാഭാവിക ബാഹ്യചർമ്മം ഉരിഞ്ഞുകളയുന്നു. സ്വാഭാവിക പ്രവണതകൾ, സ്വാർത്ഥസ്നേഹം, സ്വേച്ഛ, സൃഷ്ടികളോടുള്ള മമത എന്നിവയിൽനിന്ന് അവരെ വിമുക്തരാക്കുന്നു.
(3) കറകളും മാലിന്യങ്ങളും പാപങ്ങളും കഴുകിക്കളഞ്ഞ് അവരെ വിശുദ്ധീകരിക്കുന്നു.
(4) ദൈവത്തിന്റെ ഇഷ്ടത്തിനും മഹത്ത്വവർദ്ധനവിനും അനു യോജ്യമാംവിധം അവരെ പാകപ്പെടുത്തുന്നു. അത്യുന്നതന്റെ ഇഷ്ടവും മഹത്ത്വവർദ്ധനവും എന്തിലാണടങ്ങിയിരിക്കുന്നതെന്ന് അവൾക്കു മാത്രമേ പരിപൂർണ്ണമായി അറിയാവൂ. ആകയാൽ, ദൈവത്തിന്റെ അതിശ്രേഷ്ഠമായ ഹിതത്തിനും അതിനിഗൂഢമായ മഹത്ത്വത്തിനും അനു യോജ്യമാംവിധം യാതൊരു കുറവും കൂടാതെ നമ്മുടെ ആത്മശരീര ങ്ങളെ അണിയിച്ച് അലങ്കരിക്കുവാൻ അവൾക്കു മാത്രമേ കഴിയൂ.