നാം സമർപ്പിക്കുന്നതെന്തും ഈ നല്ല അമ്മ ദൈവസ്നേഹത്താൽ പ്രചോദിതയായി സ്വീകരിക്കും. സൂക്ഷിക്കുവാനായി ആയിരം രൂപാ ഞാൻ ആരെയെങ്കിലും ഏല്പിച്ചാൽ അത് നഷ്ടപ്പെടാതെ എനിക്കുവേണ്ടി സംരക്ഷിക്കുവാൻ സൂക്ഷിപ്പുകാരൻ ദീക്ഷിക്കേണ്ട വ്യവസ്ഥയനുസരിച്ച് അവൻ ബാദ്ധ്യസ്ഥനാണ്. ഉപേക്ഷമൂലം അതു നഷ്ടപ്പെട്ടാൽ നീതിപ്രകാരം അവൻ നഷ്ടത്തിന് ഉത്തരവാദിയായിരിക്കും. അതുപോലെ, എന്തെങ്കിലും സ്വീകരിച്ചാൽ അത് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാൻ മറിയം നീതിപ്രകാരം ബാദ്ധ്യസ്ഥയാണ്. അതിനാൽ വിശ്വസ്തയായ മറിയത്തെ നാം ഏല്പിക്കുന്നതൊന്നും അനാസ്ഥമൂലം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല. മറിയം തന്നിൽ ശരണപ്പെടുന്നവരെ തള്ളിക്കളയുക എന്നതിനെക്കാൾ എളുപ്പത്തിൽ ആകാശവും ഭൂമിയും കടന്നുപോകും.
മറിയത്തിന്റെ പാവപ്പെട്ട മക്കളേ, നിങ്ങളുടെ ബലഹീനത അപാരമാണ്; നിങ്ങളുടെ ചാഞ്ചല്യം ഏറെ വലുതും. നിങ്ങളുടെ ആന്തരികസ്വാഭാവം തന്നെ ദുഷിച്ചുപോയിരിക്കുന്നു. ആദത്തിന്റെയും ഹവ്വായുടെയും മക്കളെന്ന നിലയിൽ ദുഷിച്ച മനുഷ്യഗണത്തിൽ നിന്നാണ്, നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട് നിങ്ങൾ നിരാ ശപ്പെടേണ്ട. ഞാൻ പഠിപ്പിക്കാൻ പോകുന്ന രഹസ്യം ഓർത്ത് സമാശ്വ സിക്കുകയും സന്തോഷിക്കുകയും ചെയ്യുവിൻ. ഇത് മിക്ക ക്രിസ്ത്യാനികൾക്കും, ഏറ്റവും വലിയ ഭക്തർക്കുപോലും, അജ്ഞാതമത്രേ. സ്വർണ്ണവും വെള്ളിയും നിന്റെ പണപ്പെട്ടിയിലിടരുത്. എന്തെന്നാൽ നിന്നെ കൊള്ളയടിച്ച ദുരാത്മാക്കൾ പണ്ടുതന്നെ അത് കുത്തിത്തുറന്നിരിക്കു ന്നു. മാത്രമല്ല, ഇത്ര അമൂല്യവും മഹത്തമവുമായ നിക്ഷേപങ്ങൾ സൂക്ഷി ക്കുവാൻ കഴിയാത്തവണ്ണം ചെറുതും ബലഹീനവും പഴയതുമാണ് ആ പെട്ടി. നിർമ്മലമായ അരുവിയിലെ ശുദ്ധജലം പാപപങ്കിലമായ പാത്രങ്ങളിൽ ഒഴിക്കരുത്; പാപം കഴുകിക്കളഞ്ഞതാണെങ്കിലും അതിന്റെ ദുർഗന്ധം നിലനിൽക്കും. തൻമൂലം വെള്ളം അശുദ്ധമാകും. മോശമായ വീഞ്ഞ് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന പഴയ പാത്രങ്ങളിൽ പുതിയ വീഞ്ഞ് ഒഴിക്കരുത്; അത് ചീത്തയാകും. ഒരുപക്ഷേ, ആ പാത്രത്തെ ത്തന്നെ തകർക്കുകയും അതു ചോർന്ന് തറയിൽ വീണുപോകുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ടവരെ, നിങ്ങൾ എന്നെ വളരെ നന്നായി മനസ്സിലാക്കുന്നു. എങ്കിലും, ഞാൻ ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ. നിന്റെ സ്നേഹമാണു സ്വർണ്ണം; ശുദ്ധതയാണു വെള്ളി; സ്വർഗ്ഗീയാനുഗ്രഹങ്ങളാണു ശുദ്ധജലം; പുണ്യയോഗ്യതകൾ വീഞ്ഞും, അവ കീറിയ തുകൽ സഞ്ചിക്കും പഴകി ബലഹീനമായ പണപ്പെട്ടിക്കും ദുഷിച്ചു മലിനമായ പാത്രത്തിനും സമാനമായ നിന്നിൽ നിക്ഷേപിക്കരുത്. രാത്രിയും പകലും തക്കംനോക്കിയിരിക്കുന്ന പിശാചുക്കൾ അവ നിന്നിൽനിന്ന് തട്ടിയെടുത്തേക്കും; സ്വാർത്ഥസ്നേഹവും സ്വാശ്രയവും ആത്മവിശ്വാ സവുമാകുന്ന ദുർഗന്ധംകൊണ്ട്, ദൈവം നിനക്കു നല്കിയ പരമപരി ശുദ്ധമായ എല്ലാ നിക്ഷേപങ്ങളും നീ മലിനമാക്കും.
നിന്റെ എല്ലാ നിക്ഷേപങ്ങളും അനുഗ്രഹങ്ങളും സുകൃതങ്ങളും മറിയത്തിന്റെ വിമല ഹൃദയത്തിൽ നിക്ഷേപിക്കുക.അവളാണ് ആദ്ധ്യാ ത്മികപേടകം – ബഹുമാനത്തിന്റെ പാത്രം, അദ്ഭുതകരമായ ഭക്തി യുടെ പാത്രം. ദൈവം, വ്യക്തിപരമായി, തന്റെ എല്ലാ പൂർണ്ണതയോ ടുംകൂടി അവളിൽ നിഗൂഢമായി വസിച്ചു. അതോടെ അവൾ പരിപൂർണ്ണമായും ആദ്ധ്യാത്മികയായി. വലിയ ആത്മീയസമ്പന്നരുടെ വാസഗേഹമായി. സ്വർഗ്ഗീയ രാജകുമാരന്മാരുടെ മഹത്ത്വപൂർണ്ണമായ സിംഹാസനവും എല്ലാ മഹത്ത്വങ്ങളുടെയും ഇരിപ്പിടവുമായി. ഭക്തിയിൽ ഒരു അദ്ഭുതമായി മാറിയ അവൾ പുണ്യങ്ങളുടെയും കൃപാവരങ്ങളുടെയും മാധുര്യങ്ങളുടെയും വലിയ അഭിഷേകമുള്ള നികേതനമായി. സ്വർണ്ണാലയംപോലെ സമ്പന്നയും ദാവീദിന്റെ കോട്ടപോലെ സുശക്തയും ദന്ത നിർമ്മിതമായ ഗോപുരം പോലെ നിർമ്മലയുമായി അവൾ.