” എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയമാണ് (യോഹന്നാൻ 6: 55).
മനുഷ്യ രക്ഷയ്ക്കുവേണ്ടി കാൽവറിയിൽ മുറിയപെട്ട ഈശോയുടെ തിരുശരീരവും ചിന്ത പെട്ട രക്തവുമാണ് ഓരോ ദിവ്യബലിയിലും (അൾത്താരയിൽ) മുറിക്കപ്പെടുന്നതും ചിന്ത പെടുന്നതും. ഈ ജീവന്റെ അപ്പമാണ് നാം ദിവ്യകാരുണ്യത്തിൽ ഭക്ഷിക്കുന്നത്. ഈ സത്യം വ്യക്തമാക്കുന്ന ഈശോയുടെ തിരുവചനങ്ങൾ ഇവയാണ്.
” സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും ” ( യോഹന്നാൻ 6: 51). ഈ അപ്പത്തിനു വേണ്ടിയുള്ള വിശപ്പാണ് ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടത്. പലതരം വിശപ്പ് ഉണ്ടല്ലോ. എല്ലാറ്റിനും സംതൃപ്തി നൽകാൻ കഴിയുന്നവൻ നല്ല ദൈവം മാത്രമാണ്. ഈ സത്യം സ്വീകരിക്കാനും വിശ്വസിക്കാനും വിശ്വാസികൾക്ക് കഴിയണം. അൽഭുതങ്ങളെക്കാൾ, അത്ഭുതങ്ങളുടെ അത്ഭുതം കാണാനും കേൾക്കാനും അനുഭവിക്കാനും (ബലിയർപ്പണം) ആയിരിക്കണം ഓരോ വിശ്വാസിയുടെയും വ്യഗ്രത. ആവശ്യങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാം ദൈവോന്മുഖമാക്കണം. ഇതിന് ഏറ്റവും സഹായിക്കുന്നത്, ശക്തരാക്കുന്നത് പരിശുദ്ധ കുർബാന തന്നെയാണ്.
പരിശുദ്ധ കുർബാനയിൽ ഈശോമിശിഹായുടെ തിരു ശരീരരക്തങ്ങളോട് ചേർത്ത് നമ്മുടെ ശരീരരക്തങ്ങൾ പിതാവായ ദൈവത്തിനു അർപ്പിച്ചും ഈശോയുടെ തിരു ശരീരരക്തങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചും( ഭക്ഷിച്ചും ) അവിടുത്തോട് ഐക്യപ്പെടുന്നവർക്ക് അത് ജീവൻ പ്രദാനം ചെയ്യുന്ന ദിവ്യ അപ്പമായി തീരും.
പരിശുദ്ധ കുർബാനയുടെ പരമമായ പ്രാധാന്യവും കൗദാശിക മായ അവിടുത്തെ സജീവ സാന്നിധ്യവും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്. അന്നു കാൽവറിയിൽ മുറിയപെട്ട ഈശോയുടെ തിരുശരീരവും ചിന്ത പെട്ട അവിടുത്തെ തിരുരക്തവും ഇപ്പോൾ ഓരോ അൾത്താരയിലും കൗദാശികമായി പുനരാവർത്തിക്കപ്പെടുന്നു. അപ്പോൾ സജീവ വിശ്വാസത്തോടെ, ആ വിശ്വാസത്തിന്റെ സമർപ്പണത്തോടെ ഈ ദിവ്യ രഹസ്യത്തിലേക്ക് കടന്നുചെല്ലാൻ ദിവ്യനാഥൻ നിർനിമേഷനായി നമ്മോട് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുമ്പോൾ വിശുദ്ധകുർബാന വിശ്വാസികൾക്ക് നിത്യജീവനും ഉത്ഥാനത്തിനും ദൈവത്തിലുള്ള പരസ്പര സഹവാസത്തിനും ഉറവിടമായി തീരും. എന്നാൽ, ലോകത്തിന്റെ മോഹങ്ങളിലും ദാഹങ്ങളിലും മനുഷ്യൻ ഇടറി വീഴുന്നതിനു പ്രധാനകാരണം നിത്യജീവന്റെ അപ്പത്തിൽ നിന്നും അകറ്റ പ്പെടുന്നതോ,അകന്നു പോകുന്നതോ ആണ്. ജീവന്റെ അപ്പമായി ദിവ്യകാരുണ്യത്തെ തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല. എല്ലാ പ്രതിസന്ധികളിലും മാറാൻ, കൊറോണ എന്ന വില്ലനെ നാടുകടത്താൻ, തിന്മയെ ഉന്മൂലനം ചെയ്യാൻ, ദിവ്യകാരുണ്യത്തിന്റെ ഭക്തരും സ്വീകർത്താക്കളുമാകാം. ഈശോ പറഞ്ഞല്ലോ: “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ് “(യോഹന്നാൻ 6: 51).
ഒരു കാര്യം വ്യക്തമാണ്, സൃഷ്ടാവിനു മാത്രമേ സൃഷ്ടിയെ സംതൃപ്തമാക്കാൻ സമ്പൂർണ്ണമാക്കാൻ സഫലമാക്കാൻ ആവൂ. ഈശോ തന്നെ വ്യക്തമായി പറയുന്നുണ്ടല്ലോ.” ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല”(യോഹന്നാൻ 6: 35).
വിശുദ്ധകുർബാന മാത്രം സ്വീകരിച്ചു വർഷങ്ങളോളം ജീവിച്ചവർ കത്തോലിക്കാസഭയിലുണ്ട്. ഫ്രഞ്ചു കാരിയായ ദൈവദാസി മാർത്താ റോബിൻ ഇതിന് മകുടോദാഹരണമാണ്. നീണ്ട 53 വർഷം പരിശുദ്ധ കുർബാന മാത്രം സ്വീകരിച്ചാണ് അവർ സസന്തോഷം ജീവിച്ചത്. 79 ആം വയസ്സിലാണ് അവർ ഇഹലോകവാസം വെടിഞ്ഞത്. ഒരു ജർമ്മൻ മിസ്റ്റിക്കായിരുന്ന വാഴ്ത്തപ്പെട്ട തെരേസ ന്യൂമാൻ. 36 വർഷത്തോളം ദിവ്യകാരുണ്യം മാത്രമായിരുന്നു അവരുടെ ഭക്ഷണം. ഫാത്തിമ സ്ഥിതിചെയ്യുന്ന പോർച്ചുഗലിൽനിന്നുള്ള ആളായിരുന്നു അലക്സാൺഡ്രീന മരിയ ഡീകോസ്റ്റ. അവരും ദീർഘകാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ചു. സ്വിറ്റ്സർലാൻഡിലെ മധ്യസ്ഥൻ ആണ് ഫ്ലൂയിലെ വിശുദ്ധ നിക്കോളാസ്. അദ്ദേഹവും വർഷങ്ങളോളം ദിവ്യകാരുണ്യം മാത്രം ഉൾകൊണ്ടു ജീവിച്ചിരുന്നു. മനുഷ്യന്റെ ശാരീരിക വിശപ്പും ദാഹവും അകറ്റാനും പോന്നതാണു ദിവ്യകാരുണ്യമെന്ന് ഇത്തരം ദൃഷ്ടാന്തങ്ങൾ നമുക്ക് ഉറപ്പുതരുന്നു.
ദിവ്യകാരുണ്യം ശരീരത്തിന്റെ വിശപ്പും ദാഹവും എന്നതിനേക്കാൾ എത്രയോ മടങ്ങ് പ്രധാനമാണ് അത് ആത്മാവിന്റെ പൈദാഹങ്ങൾ ശമിപ്പിക്കുന്ന ആത്മാവിന്റ ഭോജനമാണ് അത് എന്നത്! ദിവ്യകാരുണ്യം സ്വന്തമാക്കുന്ന വ്യക്തി ആത്മാവിൽ ശക്തിയാർജിക്കും. അവനെ കീഴടക്കാൻ ജഡ മോഹങ്ങൾക്കോ ഇതര പ്രലോഭനങ്ങൾക്കോ ആവില്ല. സാത്താന്റെ തല തകർത്തവനാണ് യോഗ്യതയോടെ ബലിയർപ്പിച്ചു ദിവ്യകാരുണ്യം സ്വീകരിക്കുന്നവരിൽ കുടികൊള്ളുക.
മുൻകാലങ്ങളിൽ ആദ്ധ്യാത്മികതയുടെ അവശ്യ ഘടകമായി അവതരിപ്പിച്ചിരുന്ന കാര്യമാണ് ദൈവസാന്നിദ്ധ്യ സ്മരണ. ത്രിത്വൈക ദൈവസാന്നിധ്യസ്മരണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. സത്തയിൽ സമന്മാരായ പിതാവും പുത്രനും പരിശുദ്ധാത്മാവും ഉൾക്കൊള്ളുന്ന രഹസ്യങ്ങളുടെ രഹസ്യമാണ് ദൈവം. നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യം ദൈവത്തിന്റെ ഏകത്വം ത്രിത്വവും. അതായത്, യഥാർത്ഥത്തിൽ ഒരു ദൈവമേയുള്ളൂ. ദൈവത്തിന് മൂന്ന് ആളുകളുണ്ട്. വിശുദ്ധ മദർ തെരേസ പലപ്പോഴും പറഞ്ഞിരുന്നു : നാലു മിനിട്ടിൽ കൂടുതൽ ഈശോയെ ഓർക്കാത്ത ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഈശോയോടൊപ്പം പിതാവും പരിശുദ്ധാത്മാവും ഉണ്ട്.
” പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” എന്ന പ്രകരണം ചൊല്ലുമ്പോൾ നമ്മൾ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ ആണ് നാം സ്തുതിച്ച് മഹത്വപ്പെടുത്തുന്നത്. കൃപയുള്ള അവസ്ഥയിൽ നിരന്തരമെന്നോണം മേലുദ്ധരിച്ച പ്രകരണം ബോധ്യത്തോടെ ചൊല്ലുമ്പോൾ ശത്രുവിന് നമ്മെ ഒന്നും ചെയ്യാനാവില്ല. ഈ നാമങ്ങളുടെ ശ്രവണത്തിൽ അന്ധകാര ശക്തികൾ പേടിച്ചരണ്ടു പമ്പകടക്കും ഉറപ്പ്.
വിശുദ്ധ മദർ തെരേസയെപോലെ ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി ബലി അർപ്പിക്കുന്നതും ദിവ്യകാരുണ്യ സന്നിധിയിൽ ആവുന്നത്ര സമയം ചെലവഴിക്കുന്നതും ആധ്യാത്മിക ജീവിതത്തിൽ പരമപ്രധാനമാണ്. നാം ഈശോയെ, പരിശുദ്ധ ത്രിത്വത്തെ സ്നേഹിക്കുന്നു എന്നതിനുള്ള ഒന്നാന്തരം തെളിവ് ആയിരിക്കും ഇത്, അമ്മയെ പോലെ നമ്മളും ജീവന്റെ അപ്പത്തെ നമ്മുടെ ജീവന്റെ ജീവനായി മനസ്സിലാക്കി സ്നേഹിക്കണം .