ഈശോയെ പോലെ മരണസമയത്ത് എന്നെയും പരിശുദ്ധ അമ്മ കരങ്ങളിൽ പേറണം എന്നതായിരിക്കണം എല്ലാ പുരോഹിതരുടെയും അടങ്ങാത്ത ആത്മദാഹം. ഈശോയുടെ പ്രതിനിധിയായ അവന് ഇപ്രകാരം ആഗ്രഹിക്കാനും അതിനായി അവിരാമം പ്രാർത്ഥിക്കാനും മാതൃഭക്തനായ ഏതൊരു വൈദികനും ഈ അവകാശം ഉണ്ട്.
മിശിഹായുടെ തിരു ശരീരം കുരിശിൽ നിന്നിറക്കി അമ്മയുടെ മടിയിൽ കിടത്തിയപ്പോൾ അമ്മ ഹൃദയത്തിൽ മൊഴിഞ്ഞിരിക്കും:
” ഇതെന്റെ ശരീരമാണ്”. അതുപോലെ, ഓരോ പുരോഹിതന്റെയും ചേതനയറ്റ ശരീരത്തെ നോക്കി, തന്റെ മനസ്സിൽ അമ്മയ്ക്ക് പറയാൻ കഴിയട്ടെ,
” ഇതെന്റെ ശരീരമാണ്” എന്ന്. എനിക്ക് വേണ്ടി ബലിയായവൻ അത്രേ ഇത്. എന്റെ ആതിഥേയനായവൻ ആണിത്. ഈശോയെ ഞാൻ എന്റെ ഗർഭപാത്രത്തിൽ പേറിയതുപോലെ, ഇവനിൽ ഞാൻ അധിവസിച്ച് പ്രകാശിക്കുവാനും ഞാൻ ഇവനു തുണയായി,അവന്റെ സജീവ സാക്ഷിയാകുവാനും ഞാൻ ഇവന്റെ കൂടെ ഉണ്ടായിരുന്നു. ഇവനെ ഈശോയുടെ പുരോഹിത ബലി വസ്തു വാകാൻ ശക്തിപ്പെടുത്തിയത് ഞാൻ തന്നെ”.
പരിശുദ്ധ അമ്മയെ തന്റെ അമ്മയായി സ്വീകരിച്ച്, അമ്മയ്ക്കൊപ്പം സഞ്ചരിക്കുന്ന ഓരോ വൈദികന്റെയും ആത്മാവിനെ സുദീപ്തമാക്കുന്ന, അവന്റെ ജീവിതത്തിൽ പ്രകാശമാകുന്ന, പരമമായ സ്ത്രീസങ്കല്പം ആണ് പരിശുദ്ധ അമ്മ. ഇവയിലൊന്നും അണുപോലും അതിശയോക്തിയില്ല. അത്ര ബലിഷ്ഠമായ സത്യങ്ങൾ ആണിവ.
ബേത്ലഹേമിലെ പുൽക്കൂട്ടിൽ ഗാഗുൽത്തായിലെ കുരിശിന്റെ നിഴലുണ്ട്. അവിടെ ഈശോ ഒരു ശിശുവായി പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പൂജാ രാജാക്കന്മാരുടെയും മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ, പ്രതീക സാക്ഷ്യമായി, യഹൂദർ കർത്താവിനെ അണിയിച്ച മുൾക്കിരീടത്തിന്റെ സൂചകവും പ്രതീക വ്യഗ്യവും ആയി ഉണ്ടായിരുന്നു. തുടക്കം തൊട്ടേ അങ്ങനെ വേണം അതിനെ കാണാൻ. ഒപ്പം പ്രത്യാശയുടെ, ഉയിർപ്പിന്റെ പ്രതീക സാക്ഷ്യമായും കൂടി അതിനെ കാണണം.
പുൽക്കൂട്ടിൽ കർത്താവിന്റെ കാൽവരി കുരിശും അവിടുത്തെ ശിരസ്സിൽ ചാർത്തിയ മുൾക്കിരീടവും പ്രത്യക്ഷമായി സന്നിഹിതമായിരുന്നില്ല, ഉറപ്പ്. പക്ഷേ പ്രവചനങ്ങളിൽ നിന്ന് നാം മനസ്സിലാക്കുന്നത് മാനവരാശിയുടെ പാപപരിഹാരാർത്ഥം കുരിശിൽ മരിക്കാൻ വേണ്ടി മാത്രമാണ് ഈശോ ജനിച്ചത് എന്ന് തന്നെയാണ്.
അവിടുത്തെ പ്രതിപുരുഷൻ ആകുവാൻ ഭാഗ്യം സിദ്ധിച്ച പുരോഹിതന് ഒരിക്കലും മറക്കാനാവാത്ത സത്യമാണിത്. അവനും മാനവരാശിക്ക് മോചനദ്രവ്യമായി മരിക്കാൻ വേണ്ടി ജനിച്ചവനാണ്.
പരിശുദ്ധ അമ്മ ഒരു നിമിഷം പോലും തന്റെ സ്വന്തമായിരുന്നില്ല. മാതാപിതാക്കളായ ജൊവാക്കിമും അന്നയും അഖിലേശനു വാക്കു കൊടുത്തിരുന്നു. ഒരു കുഞ്ഞിനെ തന്നാൽ അതിനെ അങ്ങേയ്ക്ക് എന്നേക്കുമായി ദൈവാലയത്തിൽ സമർപ്പിച്ചു കൊള്ളാം എന്ന്. അമ്മ തന്നെയും മൂന്ന് വയസായപ്പോൾ സർവ്വശക്തന് സമർപ്പിച്ചു. അങ്ങനെ അമ്മ ആജന്മ സമർപ്പിതയായി.
ഓരോ പുരോഹിതയും അമ്മയാണ് അവൾ. അവനും അമ്മയെപ്പോലെ സമ്പൂർണ്ണ സമർപ്പണം നടത്തിയവനാണ്. തന്മൂലം അവൻ ഒരിക്കലും തനിക്ക് സ്വന്തമല്ല; ഒരിക്കലുമല്ല. തന്റെ അമ്മ ഈശോയുടെ സ്വന്തമാണ്. അപ്പോൾ മകനും (പുരോഹിതൻ) പൂർണമായും ഈശോയുടെ മാത്രം സ്വന്തമാണ്, ആയിരിക്കണം; ഒപ്പം അമ്മയുടെയും. ഈശോയുടെയും മാതാവിന്റെയും സ്വന്തമാക്കിയിരിക്കുന്നവൻ അതിനാൽ തന്നെ പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സ്വന്തമാണ്.