തന്റെ അജപാലന ശുശ്രൂഷയിൽ പരിശുദ്ധ അമ്മയെ പോലെ പുരോഹിതനും തിടുക്കം ഉള്ളവൻ ആയിരിക്കണം. ഇവിടെ തിടുക്കം = തീഷ്ണത, സ്ഥിരോത്സാഹം, സഹതാപം. ഇത് അത്യന്തം പ്രധാനപ്പെട്ട കാര്യം തന്നെയാണ്. രോഗി സന്ദർശനങ്ങളും സ്വാന്തന ശുശ്രൂഷകളും അല്പംപോലും വൈകിച്ചു കൂടാ. ഇവ പോലെ വേഗത ആവശ്യപ്പെടുന്ന മറ്റൊന്നുമില്ല.
ബന്ധപ്പെട്ട ഒരു സംഭവം ഓർക്കുന്നു. കേരളത്തിലെ ഒരു ഇടവകയിലെ ഒരു അംഗം മരണാസന്നമായപ്പോൾ ബന്ധുക്കൾ പള്ളിയിലേക്ക് ഓടിയെത്തി. വികാരി അച്ചനെ വിവരമറിയിച്ചു. വാഹനം എന്തെങ്കിലും ഇല്ലാതെ വരാൻ ആവില്ലെന്ന് അച്ചൻ ശഠിച്ചു. തൽസമയം അച്ചന്റെ സഹോദരപുത്രൻ അച്ചനോടൊപ്പം ഉണ്ടായിരുന്നു. തന്റെ അങ്കിൾ നിർബന്ധം പിടിക്കുന്നതിൽ ദുഃഖം തോന്നിയ ആ യുവാവ് പെട്ടെന്ന് അച്ചനറിയാതെ, ഒരു സംവിധാനമൊരുക്കി. അദ്ദേഹം ഒരു കളർ മുണ്ടും ബനിയനും ധരിച്ച് തോർത്തു കൊണ്ട് നെറ്റി വരെ താഴ്ത്തി തലയിൽകെട്ടി അടുത്ത വീട്ടിൽ കിടന്നിരുന്ന ഒരാൾക്ക് സൗകര്യമായി ഇരുന്ന് പോകാവുന്ന മനുഷ്യൻ വലിച്ചുകൊണ്ടുപോകുന്ന “റിക്ഷാ” വലിച്ചു കൊണ്ടു വന്നു.
വിശദാംശങ്ങൾ മനസ്സിലാക്കാതെ, റിക്ഷാക്കാരനെ തിരിച്ചറിയാതെ, ഈശോയെയും എഴുന്നള്ളിച്ച് അച്ചൻ രോഗിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന് കുമ്പസാരവും കുർബാനയും രോഗിലേപനവും കൊടുത്തു മടങ്ങിപ്പോന്നു. മടക്കയാത്രയിൽ ” തേരു തെളിയിച്ചിരുന്ന” യുവാവ് ശക്തമായ ഒരു തീരുമാനമെടുത്തു. ” ഞാൻ ഒരു വൈദികൻ ആകും. ഏതുസമയത്തും ഏതുവിധേനയും അജപാലന ശുശ്രൂഷയ്ക്കായി ഓടിയെത്തും. ഒന്നും ഒരിക്കലും ഡിമാൻഡ് ചെയ്യുകയില്ല” എന്ന്. പ്രസ്തുത യുവാവ് സെമിനാരി ചേർന്ന് വൈദികനായി ഏറ്റം നല്ല ഒരു അജപാലകനായി ശുശ്രൂഷ ചെയ്തു. ദൈവം വിളിച്ചപ്പോൾ തന്റെ യഥാർത്ഥ ശാശ്വത ഭവനത്തിലേക്ക് അദ്ദേഹവും യാത്രയായി. (വർഷങ്ങൾക്ക് മുമ്പ് കഥാപുരുഷൻ ഈ സാഹസിക കഥ ലേഖകനോട് പറഞ്ഞതാണ്).
വൈദികൻ ക്രിസ്തുവിനോട് എത്രമാത്രം ഐക്യപ്പെട്ടിരിക്കുന്നുവോ, ഒന്നായിരിക്കുന്നുവോ അത്രമാത്രം അവൻ ശുഷ്കാന്തി ഉള്ളവനും തീഷ്ണമതിയുമായിരിക്കും. അങ്ങനെയുള്ള ഒരാളുടെ മുമ്പിൽ ജനം ഓടിയെത്തുകയും തങ്ങളുടെ ഹൃദയങ്ങൾ അയാളുടെ മുമ്പിൽ തുറന്നു വയ്ക്കുകയും ചെയ്യും.
തന്റെ ഓരോ സന്ദർശനത്തിലൂടെയും അജപാലകൻ രോഗികളുടെ, വേദനിക്കുന്നവരുടെ, കുടുംബാംഗങ്ങളുടെ ഹൃദയങ്ങളിൽ ആത്മസ്പന്ദ ജന്യമായ, ആനന്ദം ഉളവാക്കുന്ന മറ്റൊരു ക്രിസ്തു തങ്ങളുടെ ഭവനത്തിൽ വരാനുള്ള യോഗ്യത എവിടെ നിന്ന് കിട്ടി എന്ന് അവർ വിസ്മയ ഭരതരായി ഉദ്ഘോഷിക്കും ; ഉദ്ഘോഷിക്കപെടണം.(cfr ലൂക്കാ 1 :43)
യഥാർത്ഥ ക്രിസ്തു സാന്നിധ്യം, ദൈവസാന്നിധ്യം ആണ് അവർക്ക് അനുഭവപ്പെടേണ്ടത്. അതിന് വൈദികൻ ക്രിസ്തുവിനാൽ ബന്ധിത നും അവിടുത്തെ സത്തായോടു “സ്നേഹത്തിൽ ഒട്ടി നിൽക്കുന്നവനും” ആയിരിക്കണം അവൻ. നല്ല നാഴികകളിൽ മാത്രമല്ല, സംഭവ്യമായ ഒരു വീഴ്ചയുടെ സാഹചര്യത്തിലും വൈദികൻ പൂർണമായി കരുണാദ്ര സ്നേഹമായ ദൈവത്തിൽ ആശ്രയിക്കുകയും സ്വർഗ്ഗീയ അമ്മയോടുള്ള ആദര പൂർണമായ സ്നേഹവും പ്രാർത്ഥനയും അഭംഗുരം തുടരുകയും വേണം; തുടരണം.
” എത്രയും ദയയുള്ള മാതാവേ” എന്ന പ്രാർത്ഥനയും ജപമാലയും ചൊല്ലി തന്നെ ശക്തിപ്പെടുത്താൻ അമ്മയോട് അപേക്ഷിക്കണം. വൈദികന്റെ (എല്ലാവരുടെയും) ശക്തമായ ആയുധങ്ങളാണിവ. അപ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ കരുതലുകൾ കിട്ടുക എന്ന് അവൻ അറിയണം. താഴെ വീഴുന്ന തന്റെ കുഞ്ഞിനെ ഒരമ്മ അരുമയായി എടുത്തുയർത്തി ചേർത്തണക്കുമ്പോലെ, പൊന്നുമ്മകൾ കൊണ്ട് പൊതിയും പോലെ പരിശുദ്ധ അമ്മയും മടങ്ങിയെത്തുന്ന പുരോഹിതനെ തന്റെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞ് പിടിക്കും.