നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് :
വി. ബലിയർപ്പണത്തിന് പിന്തുടർച്ച എന്നവണ്ണം നടത്തുന്ന ഒരു മധ്യസ്ഥ പ്രാർത്ഥന ഈ ജപമാല. ജപമാലമണികൾ ഉപയോഗിച്ച് നടത്തുന്ന ഒരു പുരോഹിത പ്രാർത്ഥനയാണിത്. ഈശോയുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും, നമ്മുടെയും ലോകം മുഴുവനും പാപത്തിനു പരിഹാരമായി നിത്യപിതാവിന് അർപ്പിച്ചുകൊണ്ട് അവിടുത്തെ കരുണയ്ക്കായി നാം പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. പാപികൾക്ക് അവസാനത്തെ രക്ഷാമാർഗ്ഗം ആയി ഈ ജപമാല നിർദ്ദേശിച്ചു കൊടുക്കണം എന്ന് ഈശോ വൈദികരോട് ആവശ്യപ്പെടുന്നു.
ചാപ്പലിൽ പ്രവേശിച്ചപ്പോൾ, അന്തരാത്മാവിൽ ഞാൻ ഇപ്രകാരം കേട്ടു: ഓരോ പ്രാവശ്യവും നീ ചാപ്പലിൽ പ്രവേശിക്കുമ്പോൾ, ഇന്നലെ ഞാൻ നിന്നെ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലുക. ആ പ്രാർത്ഥന ചൊല്ലിയപ്പോൾ, ആത്മാവിൽ ഞാനിങ്ങനെ കേട്ടു: ഈ പ്രാർത്ഥന എന്റെ ക്രോധത്തെ ശമിപ്പിക്കുന്നു. താഴെപ്പറയുന്ന രീതിയിൽ, ജപമാല ഉപയോഗിച്ച്, ഇത് ഒമ്പത് ദിവസം ചൊല്ലുക: ആദ്യമായി ഒരു സ്വർഗ്ഗസ്ഥനായ പിതാവും, ഒരു നന്മനിറഞ്ഞ മറിയവും, ഒരു വിശ്വാസപ്രമാണവും ചൊല്ലണം. പിന്നീട് സ്വർഗ്ഗ പിതാവിന്റെ സ്ഥാനത്ത് താഴെപ്പറയുന്ന ജപം ചൊല്ലുക:” നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റയും പാപപരിഹാരത്തിനായി അങ്ങയുടെ ഏറ്റവും വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു”. നന്മനിറഞ്ഞ മറിയത്തിന്റെ സ്ഥാനത്ത് ഇപ്രകാരം ചൊല്ലുക:” ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ”. അവസാനം മൂന്ന് പ്രാവശ്യം ഇപ്രകാരം ആവർത്തിക്കുക:” പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേലും, ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ”.
വാഗ്ദാനങ്ങൾ
1. ഇത് ശക്തമായ ഒരു മധ്യസ്ഥ പ്രാർത്ഥനയാണ്.
2. കഠിനപാപികളുടെ മാനസാന്തരം
3. ശാന്തമായ മരണം
4. അപകടം, പ്രകൃതിക്ഷോഭം തുടങ്ങിയവയിൽ നിന്ന് സംരക്ഷണം
5. ആത്മാവിൽ ഉന്നത പ്രസാദവരങ്ങൾ നിറയും.
6. മാനവകുലം ദൈവത്തിലേക്ക് തിരിയും.