മനുഷ്യനായി ഭൂമിയിൽ ജനിച്ചെങ്കിലും ജീവിക്കുക എന്നതായിരുന്നില്ല മിശിഹായുടെ ജനന നിയോഗം. മരിക്കാൻ ആണ് അവിടുന്ന് ജനിച്ചത്. തന്റെ സഹന മരണോത്ഥാനങ്ങൾ വഴി മാനവരാശിക്ക് മുഴുവൻ നിത്യരക്ഷ നൽകി ജീവിക്കുക എന്നതായിരുന്നു അവിടുത്തെ യഥാർത്ഥ ദൗത്യം. നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവചിക്കപ്പെട്ടവയാണ് ഇത്. ലോകചരിത്രത്തിൽ ഇപ്രകാരം പ്രവചിക്കപ്പെട്ട ഒരാൾ മാത്രമേയുള്ളൂ- ഈശോമിശിഹാ. ആ ജീവിതത്തിലെ ഓരോ നുള്ളും നുറുങ്ങും തിരിച്ചറിഞ്ഞ് സ്വജീവിതത്തിൽ അഭ്യസിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്നവരാണ് ബ്രഹ്മചാരികൾ ആയ അവിടുത്തെ പുരോഹിതരും സന്യസ്തരും.
കുരിശുമരണം എപ്പോഴും മുന്നിൽ കണ്ട് അതിനെ സഹർഷം അഭിവാദനം ചെയ്യേണ്ടവരാണ് അവർ. അവിടുത്തെ സ്വയം സമർപ്പണം സ്വജീവിതത്തിൽ നിരന്തരം പ്രായോഗികം ആക്കുന്നവർ ഈശോയെ നാഥനും കർത്താവുമായി ഏറ്റുപറയുന്നു. ഒരു പുരോഹിതന് രക്ഷകൻ ആകാൻ കഴിയുക, സ്വയം ബലി ആകുന്നത് വഴിയാണ്. ബലി ആവുക ബലിയർപ്പിക്കുക ഇതിനുള്ള തയ്യാറെടുപ്പാണ്. 10, 12, 15, 16 നീണ്ട വർഷങ്ങളുടെ നിരന്തര പരിശ്രമവും പഠനവും മരണം വരെയും ഇവയോടു വിടയില്ല. അതുപോലെ അനുനിമിഷം നാമും വളർന്നുകൊണ്ടിരിക്കണം.