ആൽഡോണാ ലീഷേട്ടസിന്റെ കൂടെ താമസിച്ചിരുന്ന കാലഘട്ടത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോകേണ്ടിവന്നു. എന്നാൽ നല്ല ദൈവം തന്റെ വൻകൃപകൾ സമൃദ്ധമായി എന്നിൽ വര്‍ഷിച്ചുകൊണ്ടിരുന്നു. ദൈവത്തിനുവേണ്ടിയുള്ള വലിയ ദാഹം എന്നെ ഗ്രസിച്ചു. എന്റെ ആത്മാവിന്റെ ഉൽക്കടമായ തീക്ഷ്ണയോടെ ഞാൻ അവിടുന്നിലേക്കു തിരിഞ്ഞു. പരമനന്മയും പരമസൗന്ദര്യവും തന്നെയായ ദൈവത്തെക്കുറിച്ചുള്ള ആഴമേറിയ അറിവിന്റെ ആന്തരിക പ്രകാശത്താൽ പ്രകൃതിനാഥൻ എന്റെ ആത്മാവിനെ നിറച്ചു. ദൈവം എന്നെ നിത്യമായി സ്നേഹിക്കുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. എന്നോടുള്ള അവിടുത്തെ സ്നേഹം അനന്തമായിരുന്നു. അത് ഒരു സന്ധ്യപ്രാർത്ഥനയുടെ സമയമായിരുന്നു. എന്റെ ഹൃദയത്തിൽ നിന്ന് നിർഗ്ഗളിച്ച വളരെ ലളിതമായ വാക്കുകളിൽ എന്റെ നിത്യകന്യത്വം ദൈവത്തിനു ഞാൻ വാഗ്ദാനം ചെയ്തു. ആ നിമിഷം മുതൽ എന്റെ ആത്മമണവാളനുമായി ഉറ്റബന്ധം സ്ഥാപിച്ചതായി എനിക്ക് അനുഭവപെട്ടു. അപ്പോൾ മുതൽ ഈശോയുമായി എപ്പോഴും സഹവസിക്കാൻ എന്റെ ഹൃദയത്തിൽ ഒരു ചെറിയ സ്ഥലം ക്രമീകരിച്ചു.
ഇതാണ് ഒരു സന്യാസിയുടെ (സന്യാസിയുടെയും വൈദികന്റേയും) ജീവിതത്തിന്റെ കാതൽ, സത്ത. “ആത്മശരീരസിദ്ധികളൊക്കെയും ആത്മനാഥ നിനക്ക് അർപ്പണം ചെയ്വു ഞാൻ.” നിര്‍മലനും, ദരിദ്രനും, മരണത്തോളം, അതെ കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തുവിനെ ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വൃതങ്ങളിലൂടെ അടുത്തനുസരിക്കുന്ന, മറ്റൊരു ക്രിസ്തു, ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടുന്ന സമസ്യയാണ് സന്യാസം.