ദൈവകൽപന പ്രകാരം മോശ, ഈജിപ്റ്റിന്റെ അടിമത്തത്തിൽനിന്നു ഇസ്രയേലിനെ മോചിപ്പിക്കുന്നതാണ് പുറപ്പാട് പുസ്തകത്തിന്റെ പ്രധാന പ്രമേയം. തന്റെ ശക്തമായ കരതാലാണ് ദൈവം അവരെ പുറത്തുകൊണ്ടുവന്നത്.
വിമോചനാനന്തരം, എളുപ്പമെങ്കിലും ഫിലിശ്ത്യരുടെ നാട്ടിലൂടെയല്ല ദൈവം ഇസ്രയേലിനെ നയിച്ചത്. കാരണം, യുദ്ധം ചെയേണ്ടിവരുമെന്നു ഭയപ്പെട്ടു, മനസ്സുമാറി, ജനം ഈജിപ്റ്റിലേക്കു മടങ്ങുമോയെന്നു അവിടുന്ന് സംശയിച്ചു. അതുകൊണ്ടു, അവിടുന്ന് അവരെ മരുഭൂമിയിലുള്ള വഴിയിലേക്ക് തിരിച്ചുവിട്ടു. ചെങ്കടലിനു നേരെയാണ് അവിടുന്ന് അവരെ നയിച്ചത്. അവർ സുക്കോത്തിൽ നിന്ന് മുന്പോട്ടുനീങ്ങി, മരുഭൂമിയുടെ അരികിലുള്ള ഏത്തമിൽ കൂടാരമടിച്ചു.
രാവും പകലും ജനത്തിന് യാത്ര ചെയ്യാനാവുംവിധം പകൽ അവർക്കു വഴികാട്ടാൻ ഒരു മേഘസ്തംഭത്തിലും, രാത്രി പ്രകാശം നല്കാൻ ഒരു അഗ്നിസ്തംഭത്തിലും കർത്താവ് അവർക്ക് മുൻപേ പോയിരുന്നു.
ദൈവം മോശയോട് അരുളിച്ചെയ്തു, ഇസ്രായേല്ജനത്തോട് പറയുക, നിങ്ങൾ പിന്തിരിഞ്ഞു ബാലസാഫോന്റെ എതിർവശത്തെ, കടലിനു സമീപം പാളയമടിക്കുക. ഈജിപ്റ്റുകാർക്കു ഇസ്രായേൽക്കാരെ അനുധാവനം ചെയ്യത്തക്കവിധം ഫറവോയെ ഞാൻ കഠിനചിത്തനാക്കും. അവന്റെയും സൈന്യത്തിന്റെയുംമേൽ ഞാൻ വിജയം കൈവരിക്കും. ഞാനാണ് കർത്താവെന്നു അപ്പോൾ ഈജിപ്റ്റുകാർ മനസിലാക്കും. ഇസ്രായേൽക്കാർ കർത്താവിനെ അനുസരിച്ചു.
ഈജിപ്റ്റിനെ കാനനുമായി ബന്ധിക്കുന്ന മൂന്നു രാജപാതകളുണ്ടായിരുന്നു. അവയിലെല്ലാംതന്നെ കോട്ടകളും പട്ടാളത്താവളങ്ങളും ഉണ്ടായിരുന്നു. നാടുവിട്ടുപോകുന്ന അടിമകൾക്ക് ഇവ സുരക്ഷിതമായിരുന്നില്ല. തന്നെയുമല്ല, ജനനിബിഡമായ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ എതിർപ്പുകളും ആക്രമങ്ങളും നേരിടേണ്ടിവരുകയും ചെയ്യുമായിരുന്നു. അതിനാലാണ് ദൈവം അവർക്കു പ്രത്യേകവഴി നിർദ്ദേശിച്ചുകൊടുത്തത്.
ദൈവാരാജ്യത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്ഘടവുമായിരിക്കും. അപരിചിതമായ വഴിയിലൂടെ കർത്താവ് നയിക്കുമ്പോൾ ഒരിക്കലും ഭയന്ന് പിന്മാറരുത്. കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്.നിങ്ങളുടെ നാശത്തിനല്ല; ക്ഷേമത്തിനുള്ള പദ്ധതിയാണത് (ജെറെ. 29:11).