ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു വേണ്ടിയാണു (എഫെ. 1:9-10). തന്റെ തിരുമനസ്സിന്റെ നിഗൂഢരഹസ്യങ്ങളാണ് അവിടുന്ന് മനുഷ്യന് ഇപ്രകാരം, വെളിപ്പെടുത്തിയിരിക്കുന്നത്.
അവതീര്ണനായ ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവിൽ, മനുഷ്യന് പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണം. അങ്ങനെ അവൻ ദൈവിക സ്വഭാവത്തിൽ ഭാഗഭാക്കാകണമെന്നതാണ് അവിടുത്തെ തിരുമനസ്സ് (cfr എഫെ. 2:18). വി. പത്രോസ് ഉപദേശിക്കുന്നു: “ഇക്കാരണത്താൽ, നിങ്ങളുടെ വിശ്വാസത്തെ സുകൃതം കൊണ്ടും, സുകൃതത്തെ ജ്ഞാനം കൊണ്ടും, ജ്ഞാനത്തെ ആത്മസംയമനം കൊണ്ടും, ആത്മസംയമനത്തെ ക്ഷമ കൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്നേഹം കൊണ്ടും, സഹോദര സ്നേഹത്തെ ഉപവികൊണ്ടും സമ്പൂര്ണമാക്കാൻ നന്നായി ഉത്സാഹിക്കുവിൻ” (2 പത്രോ. 1:4-7).
ദൈവം അനഭിഗമ്യമായ പ്രകാശത്തിൽ വിന്യസിക്കുന്നവനാണ്. സ്നേഹത്താൽ പ്രേരിതനായി സ്വന്തം ഇഷ്ടത്താൽ അവിടുന്ന് മനുഷ്യനെ സൃഷ്ട്ടിച്ചു (cfr ഉല്പ. 1:26). കറപുരണ്ട മനുഷ്യ പ്രകൃതിക്കു ദൈവിക ജീവൻ പകർന്നു കൊടുക്കാൻ ദൈവം തിരുമാനസാകുന്നു. ഇത് അവനെ, തന്റെ ഏകജാതനിൽ ദത്തുപുത്രനാക്കാനാണ്. ഏകരക്ഷകനും ലോകരക്ഷകനുമായ മിശിഹാ മാത്രമാണ് പിതാവിന്റെ ‘സ്വാഭാവിക സുതൻ’.
മനുഷ്യർ തന്റെ വിളിക്കു പ്രത്യുത്തരം നൽകണമെന്നും തങ്ങളുടെ സ്വാഭാവിക കഴിവിന് അതീതമായി തന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യാൻ പ്രാപ്തരാകണമെന്നുമാണ് തന്റെ വെളിപ്പെടുത്തലിലൂടെ ദൈവം ലക്ഷ്യം വയ്ക്കുന്നത്. ദൈവത്തെ അറിഞ്ഞു, സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു മനുഷ്യൻ സ്വർഗം പ്രാപിക്കണമെന്നുതന്നെയാണ് ദൈവഹിതം.