പരിശുദ്ധ കുർബാനയുടെ അക്ഷയമായ സമ്പന്നത അതിന്റെ വ്യത്യസ്ത നാമങ്ങളിൽ നിന്ന് വ്യക്തമാണ്. ഓരോ പേരും കുർബാനയുടെ ഒന്നോ അതിലധികമോ പ്രത്യേകതകൾ വ്യക്തമാക്കുന്നവയാണ്.
പ്രഥമത, ‘കൃതജ്ഞത സ്തോത്രം’ എന്ന പേര് വിശകലനം ചെയ്യാം. കുർബാന ദൈവത്തിനു നാം നൽകുന്ന പരമശ്രേഷ്ട്ടമായ കൃതജ്ഞത പ്രകാശനമാണ്. എവുക്കറിസ്റ്റിൻ (eucharistein), ആശിർവദിക്കുക (eulogein) എന്നീ ഗ്രീക്ക് ക്രിയാപദങ്ങൾ ദൈവത്തിന്റെ പ്രവർത്തികളായ സൃഷ്ട്ടി, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയെ പ്രഘോഷിക്കുന്ന ആശിർവാദങ്ങളെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ ഈ ത്രിവിധ സ്നേഹപ്രവർത്തികൾക്കും ആത്മാർത്ഥമായി അവിടുത്തേക്ക് നന്ദി പറയുന്നത് ഓരോ വിശ്വാസിയുടെയും പരമ പ്രധാന ദൗത്യമാണ്.
“നന്ദി ദൈവമേ,നന്ദി ദൈവമേ, നിത്യവും നിത്യവും നന്ദി ദൈവമേ.”
‘കർത്താവിന്റെ അത്താഴം’ എന്നും കുർബാനയെ വിശേഷിപ്പിക്കാറുണ്ട്. കാരണം, തന്റെ പീഡാനുഭവത്തിന്റെ തലേ രാത്രിയിൽ ശിഷ്യരോടൊപ്പം നമ്മുടെ കർത്താവു കഴിച്ച അത്താഴവുമായി കുർബാന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1 കൊറി. 11:20 ൽ പൗലോസ് ശ്ലീഹ കുർബാനയ്ക്കു നൽകുന്ന നാമം ഇതാണ്. സ്വർഗീയ ജറുസലേമിലെ കുഞ്ഞാടിന്റെ വിവാഹ വിരുന്നിന്റെ മുന്നാസ്വാദനവുമാണിത്. (cfr വെളി. 16:6-9)
കുർബാനയുടെ മറ്റൊരു പേര് ‘അപ്പം മുറിക്കൽ’ എന്നാണ്. തങ്ങളുടെ ദിവ്യകാരുണ്യ സമ്മേളനങ്ങളെ സൂചിപ്പിക്കാൻ ആദിമ സഭ കൂടുതലായി ഉപയോഗിച്ച പേര് ഇതാണ്. (അപ്പ. പ്ര. 2:42,46; 20:7,11). ഭക്ഷണമേശയിലാണല്ലോ ഈശോ അപ്പം ആശീർവദിച്ചു മുറിച്ചു വിളമ്പി ശിഷ്യന്മാർക്കു നൽകികൊണ്ട് കുർബാന സ്ഥാപിച്ചത്. അപ്പം മുറിച്ചു കൊടുത്തപ്പോഴാണ് എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞു ജെറുസലേമിലേക്കു മടങ്ങിപോയതു. (cfr ലുക്കാ 24:13-35) പൗലോസ് വ്യക്തമായി പറയുന്നു “അപ്പം ഒന്നേയുള്ളു (ഈശോയുടെ തിരുശരീരം). അതിനാൽ പലരായിരിക്കുന്ന നാം (ഈ ശരീരം മുറിച്ചു ഭക്ഷിക്കയാൽ പാനപാത്രത്തിൽ നിന്ന് കുടിക്കുകയാൽ) ഒരു ശരീരമാണ്. അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവനെല്ലാം അവിടുന്നുമായി ഒന്നാകുന്നു, അവിടുന്നുമായി ഏകശരീരമാകുന്നു.